പുകയെ വലിച്ചെടുക്കാൻ പുതിയ ഉപകരണം

പുകവലിക്കാരെക്കൊണ്ട് പൊറുതിമുട്ടിയ കാലമാണിത്. വിഷം മൂക്കിലൂടെ വലിച്ചുകേറ്റി വായിലൂടെ വിട്ട് വഴിയേ പോകുന്ന മാറാ വ്യാധിയെയാല്ലാം അകത്താക്കി രസിക്കുന്നവരാണിവർ. പോരാഞ്ഞിട്ടോ ഇവർ രസിച്ച് പുറത്തേക്ക് തള്ളുന്ന പുക അടുത്ത് നിൽക്കുന്ന പാവപ്പെട്ടവരിലേക്കു വലിഞ്ഞു കേറി അവർക്ക് ഇതിലും വലിയ ദോഷം നൽകുന്നു. ഇതാണ് പ്രധാന പ്രശ്നം.

പാസിവ് സ്മോക്കിങ് നൽകുന്ന ദോഷങ്ങളെ കുറിച്ചുള്ള ആശങ്ക ഓരോദിനവും ഏറെയാണ്. പുകവലി നിർത്തിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് സർക്കാരും സംഘടനകളും ജനങ്ങളുമെല്ലാം. അക്കൂട്ടർക്ക് സന്തോഷം നൽകി ശാസ്ത്രജ്ഞർ പുതിയൊരു കണ്ടുപിടിത്തം നടത്തിയിരിക്കുന്നു. പുകവലിക്കാർ വലിച്ചുതള്ളുന്ന പുകയെ മിനട്ടുകൾക്കകം അരിച്ചെടുത്ത് അന്തരീക്ഷ വായുവിനെ ശുദ്ധമാക്കുന്ന ഉപകരണം. മാംഗനീസ് ഓക്സൈഡ് കൊണ്ട് ലേപനം ചെയ്ത ഫിൽട്ടറാണ് കണ്ടുപിടിച്ചിരിക്കുന്നത്. മുപ്പത് സ്ക്വയർ മീറ്ററിലുള്ള ഒരു മുറിക്കുള്ളിലെ വിഷപ്പുകയെല്ലാം മുപ്പത് മിനുട്ടിനുള്ളിൽ ഇവ അരിച്ചെടുത്തോളും. പത്തു പേർ ഇവിടെ മെനക്കെട്ടിരുന്നു പുകവലിച്ചാൽ പോലും അതെല്ലാം ഈ ഫിൽട്ടർ അകത്താക്കിക്കോളുമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.

ചാർക്കോളിൽ നിർമ്മിച്ച ഫിൽട്ടറാണ് സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാൽ അസെറ്റാൽഡീഹൈഡ് പോലുള്ള വാതക പദാർഥങ്ങളെ നീക്കാനുള്ള കഴിവ് ഇവയ്ക്കു ഇല്ല. അടച്ചിട്ട മുറികളിലിരുന്നുള്ള പുകവലിക്കു ശേഷമുള്ള വിഷപദാർഥങ്ങളെ നീക്കം ചെയ്യാനുള്ള ഇവയുടെ കഴിവ് പെട്ടെന്ന് ക്ഷയിക്കുകയും ചെയ്യും. മാത്രമല്ല ഇവ ഇടയ്ക്കിടെ മാറ്റി സ്ഥാപിക്കുകയും ചെയ്യണം. ഓക്സിജൻ ധാതുവിനെ ഉപയോഗിച്ചാണ് പുകവലിയിലൂടെ പുറത്തുവരുന്ന വിഷാംശങ്ങളെ നാനോ ‌-കാറ്റലിസ്റ്റ് ഫിൽട്ടർ നശിപ്പിക്കുന്നത്.

അന്തരീക്ഷത്തിലുള്ള ഓസോൺ മാംഗനീസ് ക്സൈഡ് അടങ്ങിയ നാനോ കാറ്റലിസ്റ്റ് ‌ഫിൽട്ടറിൻറെ പ്രതലത്തിൽ തട്ടി അന്തരീക്ഷത്തിലെ ഓസോൺ വിഘടിക്കുമ്പോഴാണ് ഓക്സിജൻ ധാതുക്കളുണ്ടാകുന്നത്. പരീക്ഷണത്തിൽ 98 ശതമാനം വിഷപദാർഥങ്ങളേയും ഫിൽട്ടർ ജീർണിപ്പിക്കുന്നതായി കണ്ടെത്തി. സിയോളിലെ കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷക സംഘത്തിൻറേതാണ് കണ്ടെത്തല്‍.

അന്തരീക്ഷത്തെ ശുദ്ധമാക്കുന്നതിനുള്ള പുതിയ ഉപകരണം ഡോ.ഗ്വി-നാം, ഡോ.ജോങ്സോ ജേങ് എന്നിവരാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്. തങ്ങളുടെ ഉപകരണം നിലവില്‍ ഉപയോഗത്തിലുള്ള എയർ പ്യൂരിഫയർ, എയർ കണീഷണേഴ്സ് എന്നിവയുമായി സംയോജിപ്പിച്ച് ഉപയോഗിക്കാമെന്നും ഇവർ പറഞ്ഞു.