ആരോഗ്യമുള്ള ഹൃദയത്തിനായി ബ്രേവ് ഹാർട്ട്സ്

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രി വനം വകുപ്പുമായി ചേർന്ന് നടത്തിയ ബ്രേവ് ഹാർട്ട്സ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ആരോഗ്യമുള്ള ഹൃദയത്തിനായി പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവ ഒഴിവാക്കി വ്യായാമം ഉൾപ്പെടെയുള്ള നല്ല ശീലങ്ങൾ പിന്തുടർന്ന് ഹൃദ്രോഗത്തെ അകറ്റുക എന്ന സന്ദേശത്തോടെയാണ് തിരുവനന്തപുരം നഗരത്തിലെ ഒരു കൂട്ടം ചെറുപ്പക്കാർ മങ്കയം മുതൽ പൊൻമുടി വരെ വനത്തിലൂടെ ട്രക്കിങ് നടത്തിയത്. നഗരത്തിലെ മാധ്യമപ്രവർത്തകർ, വിദ്യാർഥികൾ, ടെക്കികൾ, വന്യജീവി ഫൊട്ടോഗ്രാഫർ, ആരോഗ്യ മേഖലയിലെ പ്രവർത്തകർ ഉൾപ്പെട്ട സംഘം വനത്തിലൂടെ പന്ത്രണ്ട് കിലോമീറ്ററോളം നടന്നാണ് പൊൻമുടി കുന്നിന്റെ മുകളിലെത്തിയത്.

ചെറുപ്പക്കാരിൽ വർധിച്ച് വരുന്ന ഹൃദ്രോഗത്തെ പറ്റി മുന്നറിയിപ്പ് നൽകി ഹൃദ്രോഗത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിംസ് ആശുപത്രി ബ്രേവ് ഹാർട്ട്സ് എന്ന പരിപാടി സംഘടിപ്പിച്ചത്. തുടർന്നും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ച് ജനങ്ങളിലേക്ക് ആരോഗ്യകരമായ ജീവിതരീതികളെപ്പറ്റിയുള്ള സന്ദേശമെത്തിക്കാനാണ് സംഘാംഗങ്ങളുടെ ലക്ഷ്യം.