പൊളളലിന് ചികിൽസയുമായി ബേൺസ് ഐ.സി.യു

പൊളളലിന് അത്യാധുനിക ചികിൽസയുമായി മെഡിക്കൽ കോളജിൽ ആരംഭിച്ച ബേൺസ് ഐ.സി.യു പ്രവർത്തന സജ്ജമായി. പൊളളലേറ്റവർക്ക് എല്ലാവിധ ചികിൽസാ സംവിധാനങ്ങളും ബേൺസ് ഐ.സി.യു വിൽ സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ബേൺസ് ഐ.സി.യു വിൽ പൊളളലേറ്റവരേയും ചികിൽസിപ്പിക്കാം. ഈ തീവ്രപരിചരണ സംവിധാനത്തിലൂടെ അണുബാധ ഏൽക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനും സഹായിക്കുന്നു. 25–ാം വാര്‍ഡിന് സമീപത്താണ് ഈ ഐ.സി.യു പ്രവർത്തിക്കുന്നത്.

ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വി.എസ് ശിവകുമാറിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം 2013–14 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും പൊളളലിനുളള വിദഗ്ദ്ധ ചികിൽസയ്ക്കായി അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. അതിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിന് നീക്കിവച്ചിരുന്ന ഒരു കോടി രൂപയിൽ നിന്നാണ് ബേൺസ് ഐ.സി.യു , സജ്ജമാക്കിയത്. മറ്റുളള മെഡിക്കൽ കോളേജുകളിൽ ഇതിന്റെ നിർമ്മാണം പുരോഗമന ഘട്ടത്തിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ബേൺസ് ഐ.സി.യു ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്.

ഐ.സി.യു പരിചരണത്തിന് ശേഷം രോഗികളെ കിടത്തി ചികിൽസിക്കാനായി ഒരു പ്രത്യേക വാർഡ് (സ്റ്റെപ് ഡൗൺ വാർഡ്), പൊളളലേറ്റവർക്കായി പ്രത്യേക ഓപ്പറേഷൻ തിയറ്റർ, പൊളളലേറ്റ തൊലി മാറ്റാനുളള ഇലക്ട്രോ ഡെർമറ്റോം, വെന്റിലേറ്റർ തുടങ്ങിയ ഈ ബേൺസ് ഐ.സി.യു വിൽ എത്രയും വേഗം എത്തിക്കാനാകുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.കെ. മോഹൻദാസ് പറഞ്ഞു.