സിസേറിയൻകുഞ്ഞുങ്ങൾക്ക് മാനസികസമ്മർദം കൂടാൻ കാരണം?

നിങ്ങൾ സിസേറിയനിലൂടെ കുഞ്ഞിനു ജന്മം നൽകിയ അമ്മയാണോ? അതോ അമ്മയാകാൻ കാത്തിരിക്കുന്ന യുവതിയാണോ? അമ്മമാരുടെ മാനസിക സമ്മർദം കുഞ്ഞുങ്ങളെ ബാധിക്കും എന്നതു സംബന്ധിച്ച വിവിധ പഠനങ്ങൾ മുൻപും നടന്നിട്ടുണ്ട്. എന്നാൽ സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഈ മാനസികസമ്മർദം കൂടിയ അളവിലാണ് അമ്മമാരിൽനിന്നു പകർന്നുകിട്ടുന്നതത്രേ.

സിസേറിയനിലൂടെ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീകളുടെ മുലപ്പാലിൽ സ്ട്രസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കൂടുതൽ ആയിരിക്കും. പ്രസവശേഷം കുഞ്ഞിനെ തനിയെ പരിചരിക്കേണ്ടിവരുന്ന അമ്മമാരിലും ഈ സ്ട്രസ് ഹോർമോൺ കൂടുതലായി കണ്ടുവരാറുണ്ട്. ജോലിസംബന്ധമായോ മറ്റു കാരണങ്ങൾ മൂലമോ ഭർത്താവു കൂടെയില്ലാത്ത സ്ത്രീകളിലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ന്യൂസിലാൻഡിലെ ഒരു ആരോഗ്യസർവകലാശാലയിൽ നടന്ന പഠനങ്ങളിൽനിന്നാണ് ഈ നിഗമനം. മൂന്ന്– നാലു മാസം പ്രായമുള്ള കുഞ്ഞുങ്ങളുള്ള അറുന്നൂറോളം അമ്മമാരുടെ മുലപ്പാൽ സാംപിൾ പരിശോധിച്ചുകൊണ്ടായിരുന്നു പഠനം. നവജാതശിശുക്കളിലെ കോർട്ടിസോൾ ഹോർമോണുകൾ പിൽക്കാലത്ത് വളർച്ചയുടെ ഓരോ ഘട്ടത്തിലും അവരെ സ്വാധീനിക്കുമത്രേ.

കോർട്ടിസോളിന്റെ അളവു കൂടുതലായാൽ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥയിൽ പോലും വ്യതിയാനങ്ങൾ കണ്ടേക്കാം. ഇത്തരം കുഞ്ഞുങ്ങൾ കുട്ടിക്കാലത്ത് പ്രോബ്ലം ബേബീസ് ആയി മാറാൻ സാധ്യതയുണ്ട്. അനാവശ്യമായ പിടിവാശികൾ, നിർത്താതെയുള്ള കരച്ചിൽ, അരക്ഷിതാവസ്ഥയിൽനിന്നുണ്ടാകുന്ന പേടി തുടങ്ങിയവ ഇതിന്റെ സൂചനകളാണ്. അതായത് സിസേറിയൻ അമ്മയുടെ ശാരീരിക നിലയെ മാത്രമല്ല, കുഞ്ഞുങ്ങളുടെ മാനസികാവസ്ഥയെയും സ്വാധീനിക്കുമെന്നു സാരം. സിസേറിയനു വേണ്ടി വാശി പിടിക്കുന്ന അമ്മമാരുടെ എണ്ണം കൂടിവരുന്ന ഇക്കാലത്ത് ഇത് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.