ഡെങ്കിപ്പനി മരണത്തിൽ കേരളം ഒന്നാമത്

ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഒരു തവണ രോഗം ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടാകുന്നതാണു മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മരണ നിരക്കു കൂടിയിട്ടും അതിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സർക്കാരിനു കഴിയുന്നില്ല.

രണ്ടാമതും ‍ഡെങ്കിപ്പനി വരുമ്പോൾ രക്തസ്രാവമുണ്ടാകുന്നതു മൂലമുള്ള മരണങ്ങളും (ഡെങ്കി ഹെമറേജിക് ഫീവർ), കുഴഞ്ഞു വീണുള്ള മരണങ്ങളുമാണ്(ഡെങ്കി ഷോക് സിൻഡ്രോം) കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്.

ഡെങ്കി എങ്ങനെ?

ഏഡീസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. രോഗമുള്ളയാളിൽ നിന്ന് രോഗാണുക്കൾ കൊതുകിലൂടെ അടുത്തയാളിലെത്തി, 8-10 ദിവസങ്ങൾക്കുള്ളിൽ ആദ്യരോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. കടുത്ത, ഇടവിട്ടിടവിട്ടുള്ള പനി, തലവേദന, കണ്ണുകൾക്ക് തീവ്രമായ വേദന, പേശികളിലും സന്ധികളിലും വേദന, തൊലിപ്പുറമേ ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി ഡങ്കിപ്പനി മാരകമല്ലെങ്കിലും ചിലപ്പോൾ ശരീരത്തിലെ ചെറുരക്തക്കുഴലുകൾ പൊട്ടി രക്തസ്രാവമുണ്ടാകുന്ന ഡെങ്കി ഹെമറാജിക് പനി എന്ന അവസ്ഥയിലെത്തുന്നത് അപകടകരമാണ്. ഡെങ്കിപ്പനിക്കും അലോപ്പതിയിൽ പ്രത്യേക ചികിത്സയില്ല. രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി വിവിധ ചികിത്സകൾ നൽകുകയാണ് ചികിത്സാരീതി.

കൊതുകു നിയന്ത്രണമാണ് മുഖ്യപ്രതിരോധമാർഗം. പകലാണ് ഈ കൊതുകകൾ സജീവമായി കാണപ്പെടുന്നത്. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാൽ കൊതുകുകടിയേൽക്കാതെ, കൊതുകു വലയും മറ്റ് നിയന്ത്രണമാർഗങ്ങളും ഉപയോഗിക്കണം. കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കുവാൻ നിരന്തരം ശ്രദ്ധിക്കണം.