ഡ്രൈവിങ്ങും ഹൃദ്രോഗങ്ങളും തമ്മിൽ ബന്ധമുണ്ടോ?

നിങ്ങൾ ജോലിസ്ഥലത്തേക്ക് തനിയെ ഡ്രൈവ് ചെയ്തു പോകുന്ന ആളാണോ? ഒരുദിവസം എത്ര നേരം ഡ്രൈവിങ്ങിനു വേണ്ടി ചെലവഴിക്കാറുണ്ട്? ഡ്രൈവിങ്ങും നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

ഡ്രൈവിങ്ങിനു വേണ്ടി അധികസമയം ചെലവഴിക്കുന്നവരിൽ അമിതവണ്ണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം നടത്തിയ മെൽബണിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇവരിൽ ശരീരഭാരം വർധിക്കുന്നതിനു സാധ്യത കൂടുതലായിരിക്കും. ദിവസവും ഒരു മണിക്കൂറോ അതിലധികം നേരമോ ഡ്രൈവ് ചെയ്യുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് ശരീരഭാരം 2.3 കിലോഗ്രാം വരെ കൂടുതലായിരിക്കും. ഇവർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ പിടികൂടാനും സാധ്യത കൂടുതലാണ്.

ഇവരുടെ അരക്കെട്ടിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമൂലം മറ്റുള്ളവരെ അപേക്ഷിച്ച് അരവണ്ണം 1.5 സെന്റിമീറ്റർ അധികമുണ്ടാകും. ഓസ്ട്രേലിയയിൽ 34നും 64നും ഇടയിൽ പ്രായമുള്ള രണ്ടായിരം പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനം. ഇവരുടെ ഭക്ഷണരീതി, മദ്യപാനം, പുകവലി, വ്യായാമം അങ്ങനെ വിവിധ ഘടകങ്ങൾ കൂടി കണക്കിലെടുത്തായിരുന്നു പഠനം.