മുട്ട കഴിക്കൂ... പക്ഷാഘാതം തടയാം

ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് വളരെ നല്ലതാണത്രേ. പക്ഷാഘാതം വരാനുള്ള സാധ്യത കുറയ്ക്കാൻ മുട്ടയ്ക്കു കഴിയുമെന്നു പഠനം. മുട്ടയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ കൂടാതെ ആന്റിഓക്സിഡന്റുകളായ ല്യൂട്ടിൻ, സീസാന്തിൻ എന്നിവയടങ്ങിയിട്ടുണ്ട്. ജീവകം ഇ, ഡി, എ എന്നിവയും മുട്ടയിലുണ്ട്.

നിരവധി പോഷകഗുണങ്ങൾ നിറഞ്ഞ മുട്ട കഴിക്കുന്നത് ഓക്സീകരണസമ്മർദത്തെയും ഇൻഫ്ലമേഷനെയും കുറയ്ക്കും. കൂടാതെ രക്തസമ്മർദം കുറയ്ക്കാനും മുട്ടയിലടങ്ങിയ മാംസ്യം സഹായിക്കും. യുഎസിലെ എപ്പിഡ്സാറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡൊമിനിക് അലക്സാണ്ടറുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

1982–നും 2015നും ഇടയിൽ നടന്ന പഠനങ്ങളുടെ വിശകലനം നടത്തി. മുട്ട കഴിക്കുന്നതും ഹൃദ്രോഗവുമായുള്ള ബന്ധം 2,76,000 പേരിലും പക്ഷാഘാതവുമായുള്ള ബന്ധം 3,08,000 പേരിലും അപഗ്രഥിച്ചു.

മുട്ട കഴിക്കുന്നതും ഹൃദ്രോഗവുമായി ബന്ധമൊന്നും ഉള്ളതായി കണ്ടെത്താനായില്ല. എന്നാൽ പക്ഷാഘാത സാധ്യതയ്ക്ക് മുട്ട കഴിക്കുന്നതുമായി ബന്ധമുണ്ടെന്നു കണ്ടു. ദിവസവും മുട്ട കഴിച്ചാൽ പക്ഷാഘാതം വരാനുള്ള സാധ്യത കുറയുമെന്ന് അമേരിക്കൻ കോളജ് ഓഫ് ന്യൂട്രീഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.