കാൻസർ വീട്ടിൽ നിന്നും: ശ്രദ്ധിക്കൂ ഈ 6 കാര്യങ്ങൾ

കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ എല്ലായിടത്തും ഉണ്ടാകാം. എന്നാൽ ഏറ്റവും സുരക്ഷിതമെന്നു നമ്മൾ വിശ്വസിക്കുന്ന നമ്മുടെ തന്നെ വീട്ടിൽ കാൻസറിനു കാരണമായേക്കാവുന്ന ഘടകങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടോ? എന്നാൽ സംഗതി സത്യമാണ്. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന, കാൻസർ ക്ഷണിച്ചു വരുത്തുന്ന ആറു സാധനങ്ങൾ ഇവയാണ്

1. ക്ലീനിങ് സാധനങ്ങൾ

വൃത്തിയാക്കുന്നതിനായി നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പുപൊടി, അണുനാശിനികൾ തുടങ്ങിയവയിൽ ഫിലോൾസ്, ട്രോക്ലോസൻ, ടെട്രാക്ലോറോഎതിലീൻ തുടങ്ങിയ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ എൻഡോക്രെയിൻ സിസ്റ്റത്തെ ബാധിക്കുകയും ഹോർമോണുകളുടെ അസംതുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കെമിക്കലുകൾ ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് തുടങ്ങിയ കാൻസറുകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

2. കാനിലടച്ച ആഹാരം

ആഹാരസാധനങ്ങൾ പാക്ക് ചെയ്തു വരുന്ന കാനുകൾക്കുള്ളിൽ ബിസ്ഫിനോൾ എ(ബിപിഎ) എന്ന പ്ലാസ്റ്റിക് കൊണ്ട് ചെറിയ ഒരു ആവരണമുണ്ട്. ബിപിഎ ഹോർമോണുകളുടെ അസംതുലനാവസ്ഥ ഉണ്ടാക്കുകയും ഇതുമൂലം ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് തുടങ്ങിയ കാൻസർ സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ ബിപിഎ പുരുഷൻമാരിലും സ്ത്രീകളിലും വന്ധ്യതാപ്രശ്നവും ഉണ്ടാക്കുന്നുണ്ട്. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം പോലുള്ള രോഗങ്ങളിലേക്കും ഇതു നയിക്കുന്നുണ്ട്.

3. വിഷം കലർന്ന പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇവ എത്രത്തോളം സുരക്ഷിതമാണെന്ന് കഴിക്കുന്നതിനു മുൻപ് നിങ്ങൾ ചിന്തിക്കാറുണ്ടോ? കീടനാശിനികളും കെമിക്കൽ വളങ്ങളും ചേർത്താണ് ഇവ പലപ്പോഴും നമുക്കു മുന്നിൽ എത്താറുള്ളത്. കെമിക്കൽ വളങ്ങളായ ഡിഡിടി, നൈട്രേറ്റ്, ഫോസ്ഫേറ്റ് എന്നിവ സാധാരണയായി എല്ലാവരും ഉപയോഗിച്ചു പോരുന്നുമുണ്ട്. ഇവയാകട്ടെ കാൻസർ സാധ്യത കൂട്ടുന്നവയാണ്. അതിനാൽത്തന്നെ യാതൊരുവിധ വളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ വീട്ടിൽ തന്നെ കൃഷിചെയ്തുണ്ടാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.

4. പാചകപാത്രങ്ങൾ

നോൺസ്റ്റിക് പാനുകൾ പോലുള്ള പാത്രങ്ങൾ ഇന്ന് സാധാരണമായിക്കഴിഞ്ഞു. പോളി ടെട്രാഫ്ലൂറോ എത്ലീൻ എന്ന കോട്ടിങ് നോൺസ്റ്റിക് പാത്രങ്ങളിൽ കാണപ്പെടുന്നുണ്ട്. ഉയർന്ന താപനിലയിൽ ചൂടാകുമ്പോൾ ഇതിൽ നിന്നും വിഷമയമായ പുക വരുന്നുണ്ട്. ഈ കോട്ടിങ് കാൻസർ ഉണ്ടാക്കുന്നതും പുകയാകട്ടെ ഗർഭിണികൾക്ക് അപകടം പിടിച്ചതുമാണ്.

5. സൗന്ദര്യവർധകങ്ങൾ

സൗന്ദര്യവർധകങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ നാം എപ്പോഴും ഒരുപടി മുന്നിലാണ്. പൗഡർ, ബോഡി ലോഷൻ, കോസ്മെറ്റിക്കുകൾ, സ്പ്രേ, ഡിയോഡറന്റുകൾ, ലിപ്സ്റ്റിക് തുടങ്ങി നാം ഉപയോഗിക്കുന്ന വസ്തുക്കളിലെല്ലാം തന്നെ ഫ്താലേറ്റ് (phthalates), ട്രൈക്ലോസാൻ, പാരാബെൻസ് തുടങ്ങിയ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്ന കെമിക്കലുകളാണ്.

6. മൈക്രോവേവ് അവ്ൻ

മൈക്രോവേവുകളുടെ സഹായത്തോടെ ഭക്ഷണം ചൂടാകുകയും പാകപ്പെടുകയും ചെയ്യുന്ന സംവിധാനമാണ് മൈക്രോവേവ് അവ്നിലുള്ളത്. ഇവയിൽ നിന്നുള്ള റേഡിയേഷനുകൾ കാൻസറിലേക്കു നയിക്കുമെന്നു പറയപ്പെടുന്നുണ്ട്. എന്നാൽ പല പഠനങ്ങളും ഇതിനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടുമുണ്ട്. എന്തു തന്നെ ആയാലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട കാര്യമുണ്ടാകുന്നില്ല.