നിങ്ങളുടെ കൃഷ്ണമണിക്ക് വലുപ്പവ്യത്യാസം ഉണ്ടോ?

കണ്ണിന്റെ കൃഷ്ണമണിയുടെ മധ്യത്തിലുള്ള കറുത്ത വൃത്ത ഭാഗമാണ് പ്യൂപ്പിൾ (Pupil). കണ്ണിനുള്ളിലേക്കു കടക്കുന്ന പ്രകാശത്തിന്റെ അളവിനെ നിയന്ത്രിക്കുകയാണ് ഇതിന്റെ പ്രധാന ധർമം. നല്ല വെളിച്ചത്തിൽ ഇതു ചുരുങ്ങുകയും അരണ്ട വെളിച്ചത്തിൽ വികസിക്കുകയും ചെയ്യുന്നു. രണ്ടു കൃഷ്ണമണികളുടെയും വലുപ്പം സാധാരണഗതിയിൽ ഒരേപോലായിരിക്കും. താരതമ്യം ചെയ്യുമ്പോൾ പ്യൂപ്പിളുകൾക്കു വലുപ്പവ്യത്യാസം ഉണ്ടെങ്കിൽ അതിനെയാണു അനൈസോകൊറിയ (Anisocoria) എന്നു പറയുക.

ഏതാണ്ട് 20 ശതമാനം പേരിൽ ഈ വലുപ്പവ്യത്യാസം കാണാറുണ്ട്. എന്നാൽ ഈ വ്യത്യാസം 0.4 മി.മീ. തൊട്ട് 1 മി.മീ. വരെ മാത്രമായിരിക്കും. വലുപ്പവ്യത്യാസം ഒരു മില്ലി മീറ്ററിൽ താഴെയാണെങ്കിൽ സാധാരണഗതിയിൽ രോഗമാകാനിടയില്ല. ചില കുട്ടികളിൽ ജനിക്കുമ്പോൾതന്നെ ഈ വലുപ്പവ്യത്യാസം കണ്ടെന്നിരിക്കും. അനുബന്ധപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഇതു രോഗമാകാനിടയില്ല. കുട്ടിയുടെ അച്ഛനമ്മമാരിലോ അടുത്ത ബന്ധുക്കളിലോ അനൈസോകൊറിയ കണ്ടെന്നുമിരിക്കും.

എന്നാൽ ഒരു മി.മീറ്ററിൽ കൂടുതൽ വലുപ്പവ്യത്യാസമുള്ള അനൈസോകൊറിയ ചിലപ്പോൾ അതീവഗുരുതരമായ രോഗങ്ങളുടെ ലക്ഷണവുമാകാം. ഒരു കണ്ണിലെ പ്യൂപ്പിൾ വലുതായിരിക്കുമ്പോൾ മറ്റേതു ചെറുതായിരിക്കും. പക്ഷേ, ഇതിൽ വലുതിനാണോ ചെറുതിനാണോ പ്രശ്നം എന്നുള്ളതു കണ്ടു പിടിക്കേണ്ടിവരും. ചെറിയ വെട്ടത്തിലും ഇരുട്ടിലും മാറിമാറി പരിശോധിച്ച് ഇതു തിട്ടപ്പെടുത്താനാകും.

പെട്ടെന്നുണ്ടാകുന്നതും മാറാതെ (പൂർവസ്ഥിതി പ്രാപിക്കാതെ) നിൽക്കുന്നതുമായ അനൈസോകൊറിയ അപകടകരകമാകാം. പഴയ ഫൊട്ടോ ഗ്രഫ്സ് (ഉദാ: പാസ്പോർട്ട്. ഡ്രൈവിങ് ലൈസൻസ്) എടുത്തു നോക്കിയാൽ ഇതു പണ്ടേ ഉണ്ടായിരുന്നതാണോ എന്നു മനസ്സിലാക്കി അനാവശ്യ ആശങ്കകൾ അകറ്റാം.

തലച്ചോറിലെ രക്തസ്രാവം, തലയോട്ടിയിൽ ഏൽക്കുന്ന ക്ഷതങ്ങൾ, ബ്രയിൻ ട്യൂമർ, പഴുപ്പുകെട്ടലുകൾ ഇവയൊക്കെ കൃഷ്ണമണിയുടെ വലുപ്പവ്യത്യാസത്തിനു കാരണമാകാറുണ്ട്. കണ്ണിലെ മർദം കൂട്ടുന്ന ഗ്ലോക്കോമയിലും ഇതു കണ്ടുവരുന്നുണ്ട്. സ്ട്രോക്ക്, മെനിഞ്ചൈറ്റിസ്, എൻസഫലൈറ്റ്സ് എന്നിവയ്ക്കു പുറമേ ചില പ്രത്യേകതരം മൈഗ്രേനുകളിലും അനൈസോകൊറിയ ഉണ്ടാകാം.

നേത്രരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഏതെങ്കിലും മരുന്നായിരിക്കും മിക്കപ്പോഴും ഈ രേഗത്തിനു കാരണം. ആസ്മയ്ക്കുപയോഗിക്കുന്ന ചില സ്പ്രേകളും ഈ വലുപ്പവ്യത്യാസത്തിനു കാരണമായേക്കാം. മരുന്നു നിർത്തുന്നതോടെ ഇതു മാറും. അതീവ ഗുരുതരമായ ചില രോഗങ്ങളുടെ ലക്ഷണമായും അനൈസോകൊറിയ വന്നെന്നിരിക്കം. ഇതു പൊതുവേ അപൂർവമാണ്. അതീവ ഗുരുതരാവസ്ഥയിൽ ഉണ്ടാകുന്ന ഹോണേഴ്സ് സിൻഡ്രോമിന്റെ (Horner's Syndrome) ഭാഗമായി ആയിരിക്കും ചിലപ്പോൾ അനൈസോകൊറിയ പ്രത്യക്ഷപ്പെടുക. മൂന്നാം ക്രാനിയൽ നെർവിനു (3rd Cranial nerve) ഏതെങ്കിലും തരത്തിൽ തലച്ചോറിൽ പ്രശ്നമുണ്ടായാലും അനെസോകൊറിയ വരാം. കണ്ണുമായി ബന്ധപ്പെട്ട മറ്റ് ചില അനുബന്ധപ്രശ്നങ്ങളും ഇതോടുകൂടി വരാം.

പ്രശ്നങ്ങളും ചികിത്സയും
തലവേദന, കാഴ്ചക്കുറവ്, പ്രകാശം സഹിക്കാതെ വരിക, കണ്ണുവേദന, രണ്ടായിക്കാണുക, മുകളിലെ കൺപോള അടഞ്ഞുപോവുക ഇതെല്ലാം അപകടസാധ്യത വർധിപ്പിക്കും. ഇവയ്ക്കു പുറമെ പനി, കൺഫ്യൂഷൻ, മാനസികനിലയിൽ വ്യത്യാസം എന്നിവയൊക്കെ കണ്ടെന്നുവരും. ഈ വിഷയത്തിൽ അതിവൈദഗ്ധ്യം ലഭിച്ചിട്ടുള്ള (സൂപ്പർ സ്പെഷലിസ്റ്റ്) ഡോക്ടർമാരെ കാണുന്നതുതന്നെയാണ് ഉത്തമം. എം.ആർ.ഐ മുതലായ പരിശോധനകൾ വേണ്ടിവരാം. അനുബ്ധപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അനൈസോകൊറിയ ഒരു ന്യൂറോ എമർജൻസി ആയാണു കരുതുന്നത്. എത്രയും വേഗം ചികിത്സ തേടണം.