കണ്ണുകളുടെ വരള്‍ച്ച മാറ്റാൻ

വരണ്ട കണ്ണുകള്‍ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കും. കണ്ണ് ചുവക്കുന്നതിനും ചൊറിയുന്നതിനും എല്ലാം ഇത് കാരണമാകും. ഇത് മാത്രമല്ല ഭാവിയില്‍ കാഴ്ചക്കുറവ് ബാധിക്കാനും കണ്ണില്‍ അണുബാധ വരാനുമെല്ലാം ഈ വരള്‍ച്ച കാരണമായേക്കാം. ഒന്നു ശ്രദ്ധിച്ചാല്‍ കണ്ണില്‍ വരള്‍ച്ച വരാതെ നമുക്ക് സൂക്ഷിക്കാനാകും. എങ്ങനെയെന്നു നോക്കാം.

1.മത്സ്യം ശീലമാക്കുക

ദിവസവും കഴിച്ചില്ലെങ്കിലും ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും മത്സ്യം കഴിക്കുന്നത് ശീലമാക്കുക. ഇത് കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മത്സ്യം നേരിട്ട് കഴിച്ചില്ലെങ്കിലും മീന്‍ഗുളികകള്‍ പോലുള്ള സപ്ലിമെന്‍റുകളും ഇക്കാര്യത്തില്‍ ഫലം ചെയ്യും.

2.വിശ്രമം

ടി.വി അല്ലെങ്കില്‍ കംപ്യൂട്ടര്‍ ഇവ നമുക്ക് ഇന്ന് മാറ്റി നിര്‍ത്താനാകാത്ത വസ്തുക്കളാണ്. ആന്‍റി ഗ്ലെയറിങ് ഗ്ലാസ്സ് എല്ലാം പ്രചാരത്തിലുണ്ടെങ്കിലും ഇവയില്‍ നിന്ന് കണ്ണിന് ആവശ്യമായ വിശ്രമം നല്‍കേണ്ടത് ആവശ്യമാണ്. ടി വി കാണുകയാണെങ്കില്‍ പരസ്യത്തിന്‍റെ സമയത്ത് ടി.വിയില്‍ നിന്നു കണ്ണെടുക്കുക. മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുക. ലാപ്ടോപ് ഉപയോഗിക്കുകയാണെങ്കില്‍ കൃത്യമായ ഇടവേളകളില്‍ അഞ്ചോ പത്തോ മിനുട്ട് കണ്ണിന് വിശ്രമം നല്‍കുക.

3. കൃത്യമായ ഉറക്കം

ആവശ്യമായ ഉറക്കം കണ്ണുകളുടെ ആരോഗ്യത്തിന് അനിവാര്യമാണ്. കണ്ണിനെ സംരക്ഷിക്കുന്ന ഫിലിം പോലുള്ള സ്വാഭാവിക കവചം വീണ്ടും നിറയുന്നത് ഉറങ്ങുന്ന സമയത്താണ്. 

4. വായനക്കിടയിലും വിശ്രമം

പുസ്തകങ്ങള്‍ ഏറെ നേരം വായിക്കുന്നതും കണ്ണില്‍ വരള്‍ച്ചക്ക് ഇടയാക്കും. അര മണിക്കൂര്‍ വായനയ്ക്കു ശേഷം അല്‍പ്പ നേരം വിശ്രമിച്ച ശേഷം വീണ്ടും വായന തുടരുന്നതാണ് കണ്ണിന്‍റെ ആരോഗ്യസംരക്ഷണത്തിന് നല്ലത്. അധികം തണുപ്പും ചൂടുമില്ലാത്ത വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.

5. കണ്ണടയ്ക്കും ഇടവേള നല്‍കുക

കണ്ണട ധരിക്കുന്നവരും കണ്ണ് വരളാതെ നോക്കേണ്ടതുണ്ട്. തുടര്‍ച്ചയായി വയ്ക്കാതെ ഇടയ്ക്ക് ഊരി  മാറ്റുക.

6. സിഗററ്റ് വലി ഒഴിവാക്കുക

ശ്വാസകോശത്തിന് മാത്രമല്ല കണ്ണിനും പുകവലി ശീലം ഹാനികരമാണ്. നിങ്ങള്‍ വലിക്കുന്നത് മാത്രമല്ല മറ്റുള്ളവര്‍ വലിക്കുന്ന സിഗററ്റിന്‍റെ പുക കണ്ണിലടിക്കുന്നത് പോലും കണ്ണ് വരളാന്‍ ഇടയാക്കും.