ഫെയ്സ്ബുക് ഉപയോഗം ഇനി കുറച്ചോളൂ!

സമൂഹമാധ്യമങ്ങളിൽ പ്രത്യേകിച്ച് ഫെയ്സ്ബുക്കിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ആളുകൾ അറിയാൻ... ഇത് നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. പതിവായ ഫെയ്സ്ബുക് ഉപയോഗം വൈകാരികമായ അസംതൃപ്തിയിലേക്കും സൗഖ്യമില്ലായ്മയിലേക്കും നയിക്കും.

ഡെൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിലെ ഗവേഷകർ ആയിരത്തോളം പേരിലാണു പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവരോട് പതിവുപോലെ ഫെയ്സ്ബുക് ഉപയോഗം തുടരുകയോ അല്ലെങ്കിൽ ഒരാഴ്ചത്തേക്ക് ഉപയോഗിക്കാതിരിക്കുകയോ ചെയ്യാൻ ആവശ്യപ്പെട്ടു.

സംതൃപ്തി, വികാരങ്ങൾ, സൗഖ്യം എന്നിവയെ പതിവായ ഫെയ്സ്ബുക് ഉപയോഗം പ്രതികൂലമായി ബാധിക്കുന്നതായി കണ്ടു. ഒരാഴ്ച ഫെയ്സ്ബുക് ഉപയോഗിക്കാതിരുന്നവർക്ക് ഗുണപരമായ മാറ്റവും കണ്ടു. ഇവർക്കാകട്ടെ ഉൻമേഷവും പ്രസരിപ്പും തിരിച്ചു കിട്ടി.

ഫെയ്സ്ബുക് ഉപയോഗിക്കാതിരിക്കണം എന്നല്ല, മറിച്ച് ഫെയ്സ്ബുക്കിൽ നിന്ന് ഇടവേളകൾ എടുക്കുന്നത് നമ്മുടെ മാനസികനില ഉയർത്തുമെന്നാണ് പഠനം പറയുന്നത്. സൈബർ സൈക്കോളജി, ബിഹേവിയർ ആൻഡ് സോഷ്യൽ നെറ്റ്‍വർക്കിങ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.