ഹൃദയാഘാതം എങ്ങനെ തിരിച്ചറിയാം?

ഹൃദ്രോഗങ്ങളിൽ ഏറ്റവും മാരകമാണ് ഹൃദായാഘാതമെന്ന ഹാർട്ട് ആറ്റാക്ക്. മെഡിക്കൽ ഭാഷയിൽ മയോകാർഡിയൽ ഇൻഫാർക്ഷൻ എന്നു വിളിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും കടുത്ത വേദനയാണ് ഹൃദയാഘാതത്തിലൂടെ ഉണ്ടാകുന്നത്.

ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേരിലും അത് വരാതെ നോക്കാൻ കഴിയുമായിരുന്നു അഥവാ പ്രതിരോധിക്കാൻ കഴിയുമായിരുന്നു എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. എന്നാൽ നമ്മുടെ നാട്ടിൽ ഹൃദയാഘാതം പ്രതിരോധപ്രവർത്തനത്തിന്റെ പ്രാധാന്യം പൊതുസമൂഹം വേണ്ടത്ര ഉൾക്കൊള്ളുന്നില്ല. അറ്റാക്കോ, അതു വന്നിട്ടു നോക്കാം എന്ന നിസാരഭാവമാണ് പലരിലും പ്രവർത്തിക്കുന്നതെന്ന് സംശയിച്ചു പോകും.

അറിവില്ലായ്മ മാത്രമല്ല മിക്കപ്പോഴും വില്ലനാകുന്നത്, അശ്രദ്ധയും മേൽപ്പറഞ്ഞ നിസാരഭാവവും തന്നെയാണ്. അൽപം ശ്രദ്ധിച്ചാൽ മുന്നറിയിപ്പുകളെ മുഖവിലയ്ക്കെടുത്താൽ തടഞ്ഞു നിർത്താം ഈ മാരകരോഗത്തെ.

എന്താണ് ഹൃദയാഘാതം?
കാരണങ്ങൾ മനസിലാക്കിയാൽ നല്ലൊരു പരിധിവരെ ഹൃദയസ്തംഭനത്തിനെതിരെ സ്വയമൊരു പ്രതിരോധക്കോട്ട തീർക്കാനാകും. അതിന് ആദ്യം ഹാർട്ട് അറ്റാക്ക് എന്താണെന്ന് അറിയണം.

ഹൃദയമാംസപേശികൾക്കു രക്തമെത്തിക്കുന്ന ചെറിയ രക്തധമനികളായ കൊറോണറി രക്തധമനികൾക്ക് ഉൾവശത്തു കൊഴുപ്പടിഞ്ഞുകൂടി ഈ രക്തധമനികളുടെ വ്യാസം കുറയും. ഹൃദയധമനിയിൽ വ്യാസം കുറഞ്ഞുപോയ ഭാഗത്ത് രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തസഞ്ചാരം പൂർണമായി നിലയ്ക്കാം. ഇങ്ങനെ സംഭവിച്ച് പേശീകോശങ്ങൾ നശിക്കുന്ന മാരകാവസ്ഥയാണ് ഹാർട്ട് അറ്റാക്ക്. രക്തക്കുഴലുകളിലെ ഈ തടസങ്ങൾ വർഷങ്ങൾ കൊണ്ടുണ്ടാകുന്നതാണ്. പ്രായം കൂടുന്നതനുസരിച്ചു സ്വാഭാവികമായും എല്ലാവരിലും ഈ കൊഴുപ്പടിയൽ സംഭവിക്കുന്നുണ്ട്. എന്നാൽ, ചിലരിൽ പ്രതികൂലമായ കാരണങ്ങൾ മൂലം ഈ പ്രക്രിയ അതിവേഗത്തിലാകുകയും അതു പ്രായമെത്തും മുൻപേ തന്നെ ഹാർട്ട് അറ്റാക്കിൽ കലാശിക്കുകയും ചെയ്യും.

ഹൃദയാഘാതം വന്നു കഴിഞ്ഞാൽ?
ഹാർട്ട് അറ്റാക്കിനെ തുടർന്നു ശസ്ത്രക്രിയ ചെയ്താൽ മൂന്നുമാസം കഴിഞ്ഞാൽ സാധാരണജീവിതം നയിക്കാം. ചുരുക്കം ചില രോഗികൾ അതായത് അഞ്ജൈനയും ഹൃദയത്തിന്റെ പമ്പിങ് പ്രശ്നങ്ങളുമുള്ളവർ അൽപം ശ്രദ്ധിക്കണം.

ശസ്ത്രക്രിയ കഴിഞ്ഞ് ഏഴു മുതൽ പത്തുദിവസത്തോളം രോഗിക്ക് ആശുപത്രിവാസം വേണ്ടി വരും. ഗുരുതരപ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ സർജന്റെ നിർദേശപ്രകാരം പത്തു ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ആകാം.

വീട്ടിലെത്തിയാലും ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ ശ്രദ്ധയോടെ തുടരണം. ചില ആളുകൾ വീട്ടിലെത്തിയാൽ മരുന്നുകൾ നിർത്തുന്ന പ്രവണത കാണാറുണ്ട്. എന്നാൽ ഭാവിയിൽ രോഗം മൂർച്ഛിക്കാതിരിക്കാനുള്ള മുൻകരുതലുകളാണിത്. മരുന്നു നിൽത്തിയാൽ രോഗം വഷളാകാം.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിൻ, ഹൃദമിടിപ്പു വർധിക്കാതെ സഹായിക്കുന്ന ഗുളികകൾ, ഹൃദയത്തിന്റെ പമ്പിങ് ക്ഷമത മെച്ചപ്പെടുത്തുന്ന ഗുളികകൾ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു.

കൊളസ്ട്രോളിനും രക്താതിസമ്മർദത്തിനുമുള്ള ഗുളികകളും മുടങ്ങാതെ കഴിക്കണം. ഇല്ലെങ്കിൽ കൊളസ്ട്രോൾ നിലയും രക്തസമ്മർദവും പഴയ നിലയിലേക്കു പോകാം. ഗുളികകൾ കൃത്യമായി നിർദേശിക്കപ്പെട്ട ഡോസിൽ കഴിക്കണം.

ഡിസ്ചാർജ് ആയാൽ ഡോക്ടർ നിർദേശിക്കുന്ന ദിവസം ഹോസ്പിറ്റലിലെത്തി തുടർപരിശോധനകൾ ചെയ്യണം. രക്തസമ്മർദം, കൊളസ്ട്രോൾ, ഹൃദയസ്പന്ദനനിരക്ക്, രക്തത്തിലെ പഞ്ചസാര ഇവയെല്ലാം പരിശോധിക്കണം. ആവശ്യമെങ്കിൽ ഇ സി ജി പരിശോധനയും നടത്താം. ചെക്കപ്പുകൾ മുടക്കരുത്.

ഭക്ഷണത്തിൽ ശ്രദ്ധിക്കാം
ഹൃദയശസ്ത്രക്രിയ കഴിഞ്ഞാൽ രുചിയുള്ള ആഹാരം കഴിക്കാൻ പാടില്ല എന്നു കരുതരുത്. കൊളസ്ട്രോൾ നിയന്ത്രിച്ച് രുചിയോടെ കഴിക്കാം. എണ്ണയും കൊഴുപ്പും നന്നായി കുറച്ചു വേണം പാചകം ചെയ്യാൻ. രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കണം. പ്രമേഹരോഗികളാണെങ്കിൽ പഞ്ചസാരയും കൊഴുപ്പും നന്നായി നിയന്ത്രിക്കണം. രക്താതിസമ്മർദവും പമ്പിങ് പ്രശ്നങ്ങളുമുള്ളവർ ഉപ്പ് നിയന്ത്രിക്കണം. കൊളസ്ട്രോൾ കൂടുതലുള്ള പോത്തിറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ പൂർണമായി ഒഴിവാക്കണം. കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചി തൊലി നീക്കി, എണ്ണ കുറച്ച് കറി വയ്ക്കാം.

പപ്പടം, അച്ചാർ എന്നിങ്ങനെ ഉപ്പ് അമിതമടങ്ങിയ ആഹാരം ഒഴിവാക്കണം. കൊളസ്ട്രോൾ കൂടുതലുള്ളവർക്ക് മുട്ട വെള്ള മാത്രം കഴിക്കാം. ജങ്ക്ഫുഡുകൾ പൂർണമായി ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ഇവയിൽ രക്തക്കുഴലിനെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകൾ സമൃദ്ധമായുണ്ട്. ഇവയിലെ നാരുകൾ പഞ്ചസാരയെയും കൊളസ്ട്രോളിനെയും ക്രമീകരിക്കുന്നു.

അയല, മത്തി, ട്യൂണ എന്നിങ്ങനെ ഒമേഗ 3 ഫാറ്റി ആസിഡുകൾ സമൃദ്ധമായടങ്ങിയ മത്സ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം. ഒമേഗ 3 ഫാറ്റി ആസിഡ് രക്തക്കുഴലുകൾക്കു സംരക്ഷണം നൽകുന്നു.

കൊളസ്ട്രോൾ അധികമുള്ളവർക്കു പാട നീക്കി പാൽ കുടിക്കാം. ചായ, കാപ്പി എന്നിവ ദിവസവും മൂന്നു കപ്പിൽ കൂടുതൽ പാടില്ല. ആവിയിൽ പുഴുങ്ങിയ ഇഡ്‌ലി, പുട്ട് എന്നിവ സുരക്ഷിതമാണ്. 30 മില്ലിയിൽ അധികം എണ്ണ ദിവസവും ആഹാരത്തിൽ ചേരാൻ പാടില്ല.

വേണം വ്യായാമം
ഡിസ്ചാർജായിക്കഴിഞ്ഞ് ആദ്യ മൂന്നാഴ്ച നല്ല നിയന്ത്രണം വേണം. അതുകഴിഞ്ഞ് ഡോക്ടറുടെ നിർദേശപ്രകാരം വ്യായാമം ചെയ്യാം. ഉദാ : 15—ാം ദിവസം മൂന്ന് സ്റ്റെപ്പ് കയറാം. അടുത്ത ദിവസം മൂന്നു കൂടി കൂട്ടി ആറു സ്റ്റെപ്. തുടർന്ന് 21—ാം ദിവസം 21 സ്റ്റെപ്പ്. തുടക്കത്തിൽ വീട്ടുമുറ്റത്തു മെല്ലേ പത്തു മിനിട്ടു നടക്കാം. ഈ സമയത്ത് ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിങ്ങനെ പ്രശ്നങ്ങളുണ്ടാകുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. ഓരോ ആഴ്ചയിലും അഞ്ചുമിനിറ്റു വീതം കൂട്ടിയെടുത്ത് ഒരു മാസമാകുമ്പോൾ വ്യായാമസമയം 30 മിനിറ്റാക്കാം. നീന്തലും നല്ലൊരു വ്യായാമമാണ്.

എന്നാൽ ഡോക്ടറുടെ നിർദേശമില്ലാതെ വെയ്റ്റ്ലിഫ്റ്റിങ്, മസിൽബിൽഡിങ്, ജിംനേഷ്യത്തിലെ വർക്ക്ഔട്ടുകൾ എന്നിവ ചെയ്യാൻ പാടില്ല. വ്യായാമത്തിനു ശേഷം പൾസ്, രക്തസമ്മർദം ഇതെല്ലാം പരിശോധിക്കുന്നതു കൂടുതൽ നല്ലതാണ്.

വ്യായാമത്തിന്റെ ഫലമായി രക്തത്തിലെ പഞ്ചസാര, ചീത്തകൊളസ്ട്രോൾ എന്നിവയും കുറയും. നല്ല കൊളസ്ട്രോൾ വർധിക്കുകയും ചെയ്യും. ബോഡി മാസ് ഇൻഡക്സ് (ശരീരഭാരാനുപാതം) 20നും 22നും ഇടയിലാകണം.

ലൈംഗികതയെക്കുറിച്ചും ഭയം വേണ്ട
ഹൃദയശസ്ത്രക്രിയ കഴിഞ്ഞാൽ മിക്കവരും ലൈംഗികതയെ ഭയപ്പെടുന്നതായി കാണാറുണ്ട്. ഹൃദയത്തിനായാസമുണ്ടാക്കുന്ന കടുത്ത വ്യായാമമാണു ലൈംഗികത എന്ന പേടിയാണു കാരണം. ആദ്യ ആറാഴ്ച കഴിഞ്ഞാൽ ലൈംഗികബന്ധത്തിലേർപ്പെടാം. ശാരീരിക അസ്വാസ്ഥ്യമുണ്ടാക്കുന്ന തരം നിലകൾ ഒഴിവാക്കണം.

ടെൻഷനും ദുശീലങ്ങളും ഒഴിവാക്കാം
ഹൃദയശസ്ത്രക്രിയ കഴിഞ്ഞാൽ പിരിമുറുക്കം ഒഴിവാക്കാൻ ശ്രദ്ധിക്കണം. മൂന്നാമത്തെ അറ്റാക്കിൽ മരണം ഉറപ്പ് എന്നിങ്ങനെയുള്ള തെറ്റായ ധാരണകൾ പിരിമുറുക്കം കൂട്ടും. പിരിമുറുക്കം വർധിക്കുന്നതു ഹാർട്ട് അറ്റാക്കിലേക്കു വഴി തെളിക്കാം. വിനോദങ്ങളിലേക്ക് മനസിനെ തിരിച്ചുവിടണം. പ്രാർഥനയും യോഗയും ശ്വസനവ്യായാമങ്ങളും സമ്മർദത്തെ ലഘൂകരിക്കും.

മദ്യവും പുകവലിയും പൂർണമായും ഉപേക്ഷിക്കണം. മദ്യത്തിന്റെ അളവു കൂടുന്നതു വളരെ അപകടകരമാണ്. മിതമദ്യപാനവും ഹൃദയത്തിനു ദോഷകരമാണ്. പതിവായി മദ്യപിക്കുന്നവർ ദിവസം 60 മില്ലിയിൽ കൂടുതൽ മദ്യപിക്കരുത്.

വിവരങ്ങൾക്കു കടപ്പാട് : തൈറോകെയർ