സാൻജോസിന്റെ ഹൃദയമിടിപ്പ് ഇനി ജിതേഷിന്റെ ജീവതാളം

ജിതേഷ്

ജിതേഷ് എന്ന 32 കാരന്‍ വീണ്ടും ജീവിക്കുന്നു. ആ ജീവിതത്തിന് ഒരു പാടു പ്രത്യേകതകള്‍ ഉണ്ട്. കേരളത്തിലെ അവയവ മാറ്റ ശസ്ത്രക്രിയകളിലെ ഒരു പുതിയ അധ്യായമാണു ജിതേഷിലൂടെ കുറിച്ചിരിക്കുന്നത്. ഹൃദയം നിലച്ച് 13 ദിവസം ജീവിക്കുക. കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ജീവിച്ചതിനു ശേഷം ഹൃദയം മാറ്റി വയ്ക്കുക. ജിതേഷിൽ സംഭവിച്ചതെല്ലാം ചരിത്രങ്ങളാണ്. എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന ആ ചരിത്രപരമായ അവയവ മാറ്റ ശസ്ത്രക്രിയയുടെ വഴികളിലേക്ക്.

രോഗത്തിന്റെ നാൾ വഴി
2015 ഡിസംബറിലാണു തിരുവനന്തപുരം ടെക്നോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന ജിതേഷിന്റെ ജീവിതം മാറ്റിമറിച്ച ഹൃദയാഘാതം എത്തുന്നത്. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തെങ്കിലും അതു ഫലവത്തായില്ല. അന്നു സംഭവിച്ച ബ്ലോക്കുകൾ ഹൃദയ പേശികളെ പരമാവധി തകർത്തു. ഇതോടെ ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞു. ഇസ്‌ക്കീമിക്ക് കാർഡിയോ മയോപ്പതി എന്ന അസുഖമാണെന്നു മെഡിക്കൽ സംഘം കണ്ടെത്തി. ഹൃദയത്തിന്റെ പേശികൾ കട്ടിയാകുന്നതിനെ തുടർന്നു പമ്പിങ്ങിനുള്ള ഹൃദയത്തിന്റെ കഴിവ് നഷ്ടപ്പെടുന്ന അസുഖമാണിത്. തുടർന്നാണു ഹൃദയം മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതിയത്.

സെപ്റ്റംബർ രണ്ടിനാണു ഹൃദയം മാറ്റിവയ്ക്കാൻ സജ്ജമാണോയെന്ന പരിശോധനയ്ക്കായി ജിതേഷിനെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ്ങിൽ (കെഎൻഒഎസ്) പേര് റജിസ്റ്റർ ചെയ്തു. എന്നാൽ വീണ്ടുമുണ്ടായ ഹൃദയാഘാതം എല്ലാം തകിടം മറിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ജിതേഷിനു എക്‌മോ എന്ന സംവിധാനം ഘടിപ്പിച്ചു.

ഇത് ഏറെനാൾ തുടർന്നു കൊണ്ടുപോകുവാൻ സാധിക്കാത്ത സാഹചര്യത്തിൽ മറ്റു ചികിത്സാ രീതികളെക്കുറിച്ച് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ചർച്ച നടത്തി. ഹൃദയത്തിന്റെ രണ്ട് അറകളുടെയും പ്രവർത്തനം കൃത്രിമമായി നടത്തി ജീവൻ നിലനിർത്താൻ അങ്ങനെ തീരുമാനമെടുക്കുന്നത്. ഇതിനായി സെൻട്രിമാഗ് എന്ന ഉപകരണം ഘടിപ്പിച്ചു. കൃത്രിമ ഹൃദയം എന്നു വിളിപ്പേരുള്ള ഉപകരണമാണിത്. ഇടതും വലതും സെൻട്രിമാഗ് ഘടിപ്പിച്ച ബൈവാർഡ് എന്ന അവസ്ഥയിലായി ജിതേഷ്. ഹൃദയത്തിന്റെ രണ്ട് അറകളുടേയും പ്രവർത്തനം ഇതോടെ പൂർണമായും ശരീരത്തിനു പുറത്തായി. ട്യൂബുകൾ വഴി രക്തം സെൻട്രിമാഗിലെത്തിച്ചു ശുദ്ധീകരിച്ചു തിരിച്ചെത്തിക്കുകയാണു ചെയ്യുന്നത്. ഏകദേശം 20 മുതൽ 30 ദിവസം വരെ മാത്രമേ ഈ സ്ഥിതി തുടരാൻ സാധിക്കുമായിരുന്നുള്ളു. അതിനിടയിൽ ഒരു കൃത്രിമ ഹൃദയം വയ്ക്കുവാനുള്ള ആലോചനകൾ പുരോഗമിക്കുന്നുണ്ടായിരുന്നു.

ജിതേഷിനെ ആശുപത്രിയിൽ നിന്നു യാത്രയയക്കുന്ന ചടങ്ങിനെത്തിയ മഞ്ജു വാരിയർ ജിതേഷിനു പൂച്ചെണ്ടു നൽകുന്നു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഫാ.വർഗീസ് പാലാട്ടി എന്നിവർ സമീപം

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റും കോയമ്പത്തൂരിലെ ഹൃദയവും
ഒക്ടോബർ മാസം ആദ്യം കോയമ്പത്തൂർ കോവൈ മെഡിക്കൽ‍ സെന്ററിൽ നിര്യാതനായ പതിനെട്ടുകാരന്റെ ഹൃദയം മാറ്റിവയ്ക്കാനുള്ള നടപടികൾ അവസാന നിമിഷത്തിൽ ഉപേക്ഷിക്കേണ്ടി വന്നു. സംസ്ഥാന സർക്കാരിന്റെ കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ്ങിന്റെ (കെഎൻഒഎസ്) സൂപ്പർ അർജൻസി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജിതേഷിനായി ഹൃദയം എത്തിക്കാൻ നാവിക സേനയുടെ വിമാനത്താവളംവരെ സജ്ജമാക്കിയിരുന്നു. ജിതേഷിന്റെ അവയവ മാറ്റത്തിന്റെ വാർത്തകൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ആദ്യമായി പുറത്തു നിന്ന് എയർആംബുലൻസിൽ കേരളത്തിലേക്ക് ഹൃദയമെത്തുന്നു എന്ന പ്രത്യേകതയിലേക്കാണു നടപടികൾ നീങ്ങിയത്. എന്നാൽ കോയമ്പത്തൂരിൽ നിന്നു സ്വീകരിക്കേണ്ട ഹൃദയത്തിനു പറ്റിയ തകരാറു എല്ലാ ശ്രമങ്ങളേയും പാഴാക്കി. ഇതോടെ കൃത്രിമ ഹൃദയം എന്ന വഴിയിലേക്ക് എല്ലാവരും ചിന്തിച്ചു തുടങ്ങി.

പുതിയ ഹൃദയം
പുഷ്പഗിരി മെഡിക്കൽ കോളജിൽ മസ്തിഷ്‌കമരണം സംഭവിച്ച ആലപ്പുഴ ജില്ലയിലെ രാമങ്കരി മാമ്പുഴക്കരി കാക്കനാട് സണ്ണി-മിനി ദമ്പതികളുടെ മകൻ സാൻജോസി (20)ന്റെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാണെന്ന അറിയിപ്പ് ഒക്ടോബര്‍ ഒൻപതാം തിയതിയാണു ലഭിക്കുന്നത്. കേരള സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ അടിയന്തര ഹൃദയം കാത്തുകിടക്കുന്നവരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്ന ജിതേഷിന് സാൻജോസിന്റെ ഹൃദയം അനുയോജ്യമാണെന്ന് കണ്ട് സർക്കാർ സംവിധാനങ്ങൾ വഴി ലിസി ആശുപത്രിയിലേക്ക് അറിയിക്കുകയായിരുന്നു. സർക്കാർ അംഗീകൃത ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽസംഘം ആറു മണിക്കൂർ ഇടവിട്ട് വിശദമായ പരിശോധനകൾ നടത്തി സാൻജോസിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് അത്യന്തം വെല്ലുവിളി നിറഞ്ഞ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഡോ. ജോസ് ചാക്കോ പെരിയപ്പുറം തയ്യാറാകുകയായിരുന്നു. 13 ദിവസം ഇത്തരമൊരു സംവിധാനത്തിന്റെ സഹായത്തിൽ കഴിഞ്ഞ ഒരാൾക്ക് ലോകത്തുതന്നെ വളരെ അപൂർവമായി മാത്രമേ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ളൂ. എന്നിരുന്നാലും ജിതേഷിന് നൽകാവുന്ന ഏറ്റവും അനുയോജ്യമായ ചികിത്സാരീതി എന്ന നിലയിലാണ് ഈ വലിയ തീരുമാനം എടുത്തത്. ഇതിനു ബന്ധുക്കൾ പൂർണ സമ്മതം അറിയിച്ചു.

വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ
ഒക്‌ടോബർ 10-ാം തീയതി രാവിലെ 5.45 ഓടെ സാൻജോസിന്റെ ഹൃദയവുമായി പുഷ്പഗിരിയിൽ നിന്ന് ആംബുലൻസ് പുറപ്പെട്ട് നാലു ജില്ലകളിലായി ഏകദേശം 120 കിലോമീറ്റർ ദൂരം 70 മിനിട്ടുകൊണ്ട് പിന്നിട്ട് ലിസി ആശുപത്രിയിലെത്തിച്ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെത്തുടർന്ന് ജില്ലാ കളക്ടർമാർ പോലീസ് സംവിധാനം ഏകോപിപ്പിച്ചതിനെ തുടർന്നാണ് ഇത് സാധ്യമായത്.

രാവിലെ ഏഴുമണിയോടെ ശസ്ത്രക്രിയ ആരംഭിക്കുകയും നാലുമണിക്കൂറിനുശേഷം സാൻജോസിന്റെ ഹൃദയം ജിതേഷിൽ മിടിച്ചുതുടങ്ങുകയും ചെയ്തു. എട്ടു മണിക്കൂറിനകം ശസ്ത്രക്രിയ പൂർത്തിയാക്കി ജിതേഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഹൃദയം നിലച്ച അവസ്ഥയിൽ 13 ദിവസത്തോളം ജീവിച്ച ഒരാൾക്ക് ഹൃദയം മാറ്റിവയ്ക്കുന്നതു രാജ്യത്തു തന്നെ ആദ്യമാണ്. കൃത്രിമ ഹൃദയത്തിനായി ഘടിപ്പിച്ച ഉപകരണങ്ങൾ നീക്കം ചെയ്തു പുതിയ ഹൃദയം ഘടിപ്പിക്കുകയാണ് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ടതെന്നു ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഒരു മാസത്തോളമുള്ള ആശുപത്രി വാസം പൂർത്തിയാക്കിയാണു ജിതേഷ് ആശുപത്രി വിടുന്നത്.

ആശുപത്രി വാസത്തിനിടയിൽ ഹൃദയം ശരീരത്തിൽ സ്വീകരിക്കപ്പെട്ടോ എന്ന് അറിയാനുള്ള എൻഡോ മയോ കാർഡിയൽ ബയോപ്‌സി എന്ന പരിശോധന നടത്തിയിരുന്നു. പരിപൂർണ തൃപ്തി നൽകുന്ന ഫലമാണ് ഇതിൽനിന്നും ലഭിച്ചത്. ഒരാഴ്ചയ്ക്കുശേഷം മുറിയിലേക്ക് മാറ്റിയ ജിതേഷ് ഇപ്പോൾ ആശുപത്രിക്കടുത്തുള്ള ഫ്‌ളാറ്റിലേക്കാണ് താമസം മാറുന്നത്. ഇവിടെ ഒരു മാസത്തോളം ചിലവഴിച്ച ശേഷം നാട്ടിലേക്കു മടങ്ങാനാകുമെന്നാണു പ്രതീക്ഷ.

ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഡോ.റോണി മാത്യു കടവിൽ, ഡോ. ജേക്കബ് എബ്രഹാം, ഡോ. ബാബു ഫ്രാൻസിസ്, ഡോ. ഭാസ്‌ക്കർ രംഗനാഥൻ, ഡോ. ജോബ് വിൽസൺ, ഡോ. സി. സുബ്രഹ്മണ്യൻ, ഡോ. ഗ്രേസ് മരിയ, ഡോ. മനോരസ് മാത്യു, ഡോ. കൊച്ചുകൃഷ്ണൻ, ഡോ.തോമസ് മാത്യു, ഡോ. സുമേഷ് മുരളി, ഡോ. ജിമ്മി ജോർജ് എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.