ഉയരം കൂടുന്തോറും അർബുദ സാധ്യത കൂടുന്നു

Image Courtesy : The Week Smartlife Magazine

ഉയരവും അർബുദ രോഗസാധ്യതയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്നാണ് ഇത്രയും കാലം കരുതിയത്. എന്നാൽ സ്വീഡനിൽ വൈദ്യശാസ്ത്രഗവേഷകർ നടത്തിയ പഠനത്തിന്റെ കണ്ടെത്തൽ തീർച്ചയായും ഞെട്ടിക്കുന്നതു തന്നെ. ഉയരവും അർബുദസാധ്യതയും തമ്മിൽ ബന്ധമുണ്ട്. ഉയരം കൂടുന്തോറും രോഗസാധ്യത കൂടുതലാണത്രേ.

5.5 മില്യൺ പുരുഷന്മാരിലും സ്ത്രീകളിലും നടത്തിയ പരീക്ഷണത്തിൽ നിന്നാണ് ഈ നിഗമനം. 1958നും 2011നും ഇടയിൽ ജനിച്ചവരെയാണ് പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തത്. ഇവരിൽ എത്ര പേർ അർബുദരോഗത്തിന് അടിമപ്പെട്ടു എന്നു കണ്ടെത്തി. അവരുടെ ഉയരവും പ്രത്യേകം രേഖപ്പെടുത്തി. അർബുദരോഗം ബാധിച്ചത് ഇവരിൽ ഉയരക്കൂടുതലുള്ള സ്ത്രീകളെയും പുരുഷന്മാരെയുമാണത്രേ. പഠനത്തിനു തിരഞ്ഞെടുത്തവരുടെ ഉയരം 100 സെന്റിമീറ്ററിനും 225 സെന്റിമീറ്ററും ഇടയിലായിരുന്നു. അർബുദരോഗത്തെ കുറിച്ചുള്ള വിവരങ്ങൾ സ്വീഡിഷ് കാൻസർ റജിസ്റ്ററിൽ നിന്നാണ് ശേഖരിച്ചത്.

ഉയരത്തിലുള്ള ഓരോ 10 സെന്റീമീറ്റർ വർധനവും അർബുദ സാധ്യത കൂട്ടുന്നുവെന്നു പഠനത്തിൽ വ്യക്തമായി. സ്ത്രീകളിൽ 18 ശതമാനവും പുരുഷന്മാരിൽ 11ശതമാനവും രോഗസാധ്യത കൂടുന്നു. ഉയരം കൂടുതലുള്ള സ്ത്രീകളിൽ സ്തനാർബുദ സാധ്യത 20 ശതമാനം കൂടുതലാണെന്നും തെളിഞ്ഞു. ഉയരം കൂടുതലുള്ള എല്ലാവരും അർബുദരോഗികൾ ആകണമെന്നില്ല. അവർ കൃത്യമായ ഇടവേളകളിൽ കൃത്യമായി വൈദ്യപരിശോധനകൾ നടത്തണമെന്നു ചുരുക്കം.