ഭക്ഷ്യവിഷബാധ എങ്ങനെ തടയാം?

വയറിനുള്ളിൽ ഒരു അസ്വസ്ഥതയുമായി ഒരിക്കലെങ്കിലും ബാത്ത്റൂം തേടാത്ത ആരാണ് ഉണ്ടാവുക. ഭക്ഷ്യവിഷബാധ ചിലപ്പോഴൊക്കെ നമ്മെ ആശുപത്രിയിലേക്കും നയിക്കുന്നു, സൂക്ഷിച്ചില്ലെങ്കിൽ അപകടകരമാവുകയും ചെയ്യാം. വയറിളക്കവും ഛര്‍ദ്ദിയും പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങളാണ് ഭക്ഷ്യവിഷബാധയുടെ സാധാരണ ലക്ഷണങ്ങൾ. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല, സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നുള്ള ഭക്ഷണവും രോഗകാരണമാകാമെന്നതിനാൽ ഭക്ഷണകാര്യത്തിൽ അൽപ്പം ശ്രദ്ധ വയ്ക്കുന്നത് നല്ലതാണ്.

സാധാരണ പാർട്ടികളും മറ്റും നടക്കുന്ന േവളയിലാണ് വലിയ ഭക്ഷ്യവിഷബാധ ഉണ്ടാകാറുള്ളത്. കാരണം ഉണ്ടാക്കിയ ഭക്ഷണം ദീര്‍ഘനേരം അന്തരീക്ഷ ഊഷ്മാവിൽ ഇരിക്കുന്നുവെന്നതാണ്. ആഹാരം ഉണ്ടാക്കിയശേഷം പെട്ടെന്ന് കഴിക്കുന്നതാണ് നല്ലത്. മത്സ്യങ്ങള്‍, മാംസം എന്നിവ ദീര്‍ഘനേരം വച്ചിരിക്കുന്നതു നല്ലതല്ല. അതുപോലെ ഫ്രിഡ്ജില്‍വച്ച ആഹാരം നന്നായി ചൂടാക്കിയശേഷം മാത്രം കഴിക്കുക.

ബർഗറും സാൻഡ്‌വിച്ചും
ബർഗറും സാൻഡ്‌വിച്ചുമൊക്കെ കഴിക്കുമ്പോൾ കൂടുതല്‍ ശ്രദ്ധവേണം, കാരണം നുറുക്കിയ മാംസമാണ് അണുബാധ ഉണ്ടാവാന്‍ എളുപ്പമെന്നത് തന്നെ. മാംസത്തിന്റെ പുറത്ത് കാണപ്പെടുന്ന ബാക്ടീരിയകൾ എല്ലായിടത്തും എത്തും. അതുകൊണ്ട് പഴക്കമില്ലാത്ത ബർഗറും സാൻ‍ഡ്‌വിച്ചും കഴിക്കാൻ ശ്രദ്ധിക്കുക.

കഴുകാൻ മറക്കരുതേ...
പഴങ്ങളും പച്ചക്കറികളും എത്ര തവണ കഴുകുന്നോ അത്രയും നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇല വർഗങ്ങളുംമറ്റും നേരിയ ഉപ്പുജലത്തിൽ നല്ലപോലെ കഴുകിയെടുക്കുക. കട്ടിംഗ് ബോർഡുകളും നല്ലപോലെ കഴുകിയശേഷം മാത്രം ഉപയോഗിക്കുക. പുറത്തെ തൊലി ചെത്തിയതിനുശേഷവും കഴുകാൻ മറക്കരുത്.

ചോറ് ചൂടാക്കി ഉപയോഗിക്കുമ്പോൾ
ചോറ് ഫ്രിഡ്ജിൽവച്ചശേഷം ചൂടാക്കി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുകയാണെങ്കിൽ നല്ലപോലെ തിളപ്പിക്കുക. മത്സ്യ-മാംസ വിഭവങ്ങള്‍ ഉണ്ടാക്കുമ്പോഴും നന്നായി വെന്തിട്ടുണ്ടോയെന്ന് പരിശോധിക്കുക.

പുറത്തുനിന്നും ഭക്ഷണം വാങ്ങുമ്പോൾ
ചൂടുപോകാത്ത രീതിയിൽ പാക്ക് ചെയ്ത് വാങ്ങുക, അധികം താമസിക്കാതെതന്നെ കഴിക്കാൻ ശ്രദ്ധിക്കുക.

സ്വയം ചികിത്സ അരുത്
ശാരീരിക ബുദ്ധിമുട്ടുകൾ‌, അലർജി എന്നിവ തോന്നിയാൽ സ്വയം ചികിത്സ അരുത്. എത്രയും വേഗം വൈദ്യ സഹായം തേടുക.