ഇന്ത്യക്കാർക്ക് ഹൃദയാഘാത സാധ്യത മൂന്നിരട്ടി

ഇന്ത്യക്കാർക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത അമേരിക്കയിലുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികമാണെന്ന് ഹൃദ്രോഗ വിദഗ്ദ്ധർ. ഇന്ത്യക്കാരുടെ പരിമിതമായ ജീവിതശൈലിയും ഭക്ഷണ ശീലവും ജനിതക കാരണങ്ങളുമാണ് ഇതിനു പിന്നിലെന്ന് വിദഗ്ദ്ധർ പറയുന്നു. അമേരിക്കയിൽ 50 വയസുള്ളവർക്കാണ് ഹൃദയാഘാതം ഉണ്ടാകുന്നതെങ്കിൽ ഇന്ത്യയിൽ അത് 40 വയസിൽ സംഭവിക്കുന്നു. മോശം ഭക്ഷണശീലവും കുത്തഴിഞ്ഞ ജീവിത രീതികളുമാണ് ഇതിനു പ്രധാന കാരണം.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗവും അതോടനുബന്ധിച്ചുള്ള മരണവും ഇന്ത്യയിൽ കൂടിവരുന്നതായി കാർഡിയോളജിസ്റ്റായ പവൻ ശർമ്മ പറയുന്നു. ഡൽഹിയിൽ ഹാർട്ട് കെയർ സെന്ററിന്റെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങളിൽ ഹൃദ്രോഗമരണങ്ങൾ കുറയാൻ കാരണം അവരുടെ നല്ല ആരോഗ്യ ശീലവും ചിട്ടയായ ജീവിതരീതിയും മെഡിക്കൽ രംഗത്തെ വൈദഗ്ദ്ധ്യവുമാണ്.

ഹൃദ്രോഗത്തിനെതിരെ ഇന്ത്യക്കാർക്കിടയിൽ അവബോധമുണ്ടാക്കാൻ പ്രത്യേക പ്രചാരണപരിപാടികൾ സംഘടിപ്പിക്കണമെന്നും സമ്മേളനത്തിൽ പങ്കെടുത്ത ഹൃദ്രോഗ വിദഗ്ദ്ധർ പറഞ്ഞു. ചിട്ടയായ ജീവിതരീതിയും കൃത്യമായ വ്യായാമവും നല്ല ഭക്ഷണ ശീലവും പിന്തുടർന്നാൽ ഹൃദ്രോഗത്തെ ഒരു പരിധിവരെ ഒഴിവാക്കാം.