ജയലളിതയ്ക്ക് അണുബാധയെന്ന് ആശുപത്രി അധികൃതർ

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചെന്നൈ അപ്പോളോ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു. ജയലളിതയ്ക്ക് അണുബാധയാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഞായറാഴ്ച വൈകിട്ട് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ലണ്ടനിൽ നിന്നെത്തിയ ഡോ.ജോൺ റിച്ചാർഡ് ബെയ്‌ലിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ചികിൽസ. ചികിൽ‌സയോടും ആന്റിബയോട്ടിക് മരുന്നുകളോടും ശരീരം അനുകൂലമായി പ്രതികരിക്കുന്നുണ്ട്.

ശരീരത്തിലെ വിവിധ അവയവങ്ങൾക്ക് ഒരുപോലെ അണുബാധയുണ്ടാകുന്ന സെപ്സിസ് എന്ന രോഗമാണ് ജയലളിതയ്ക്കെന്നാണ് സൂചന. കടുത്ത പനിയാണ് ഇതിന്റെ ലക്ഷണം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുകയും ചെയ്യും. കടുത്ത പനിയോടെയായിരുന്നു ജയലളിതയെ ആശുപത്രിയിലെത്തിച്ചത്. കൂടാതെ ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നതായും വിവരമുണ്ട്.

ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടത്.