ഇന്ത്യയിലെ മികച്ച പാലിയേറ്റീവ് കെയർ കേരളത്തിലെന്ന് പഠനം

ലണ്ടൻ∙ മരിക്കുന്നതിന് ഏറ്റവും മോശപ്പെട്ട സ്ഥലം ഇന്ത്യയാണെങ്കിലും അന്ത്യനിമിഷങ്ങളിലും രോഗികളായ വ്യക്തികള്‍ക്കു നൽകുന്ന പരിചരണത്തിലും കേരളം വളരെ മുന്നിലാണെന്ന് യുകെ ആസ്ഥാനമായ സംഘടനയുടെ പഠനം. കേരളത്തിലെ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ പുരോഗതിയാണ് ഇതിനു പിന്നിൽ. മരിക്കുന്നതിന് ഏറ്റവും നല്ല രാജ്യം യുകെയാണെന്നും ഇക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) നടത്തിയ പഠനത്തിൽ പറയുന്നു.

പഠന റിപ്പോർട്ടില്‍ 80 രാജ്യങ്ങളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിന്നിലാണെങ്കിലും കേരളത്തിലെ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനത്തെ പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യൻ ജനസംഖ്യയുടെ മൂന്നു ശതമാനം ജനങ്ങൾ മാത്രമേ അധിവസിക്കുന്നുള്ളെങ്കിലും ഇന്ത്യയുടെ ആകമാനമുള്ള രോഗീപരിചരണ സേവനത്തിൽ മൂന്നിൽ രണ്ടും കേരളത്തിലാണ് ലഭിക്കുന്നത്.

ഇന്ത്യയിൽ പാലിയേറ്റീവ് കെയറിനായി പ്രത്യേക നയം രൂപീകരിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും ക്വാളിറ്റി ഓഫ് ഡെത്ത്: റാങ്കിങ് എൻഡ് ഓഫ് ലൈഫ് കെയർ എക്രോസ് ദി വേൾഡ് എന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുന്നുണ്ടെന്നും കേരളത്തിന്റെ ഈ മാതൃക ലോകമെങ്ങും പഠിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയെക്കൂടാതെ, ചൈന, മെക്സിക്കോ, ബ്രസീൽ, യൂഗാണ്ട എന്നിവിടങ്ങളിലും പാലിയേറ്റീവ് കെയർ വളരെ പിന്നിലാണ്. ഏഷ്യയിൽ ഏറ്റവും മുന്നിൽ വന്നത് തയ്‌വാനാണ്. ആറാം സ്ഥാനത്ത്. ഇന്ത്യ 67, ചൈന 71 എന്നിങ്ങനെയാണ് റാങ്കുകൾ. യൂറോപ്പ്, ഏഷ്യ - പസിഫിക്, തെക്കേ അമേരിക്കൻ രാജ്യങ്ങൾ എന്നിവരാണ് ആദ്യറാങ്കുകളിൽ. യുഎസ് ഒൻപതാം സ്ഥാനത്തുണ്ട്. ഓസ്ട്രേലിയയാണ് രണ്ടാമത്, ന്യൂസിലാൻഡ്, അയർലൻഡ്, ബെൽജിയം എന്നിവരാണ് ആദ്യഅഞ്ചിൽ.