ട്രയാത്തിലോൺ X3 ഉപയോഗിച്ചുള്ള കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

വിദേശ നിർമിതമായ ആധുനിക കൃത്രിമ കാൽമുട്ട് ട്രയാത്തിലോൺ X3 ഉപയോഗിച്ച് കിംസ് ആശുപത്രിയിൽ നടത്തിയ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി. കിംസ് ആശുപത്രിയിലെ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മേധാവി ഡോ. മുഹമ്മദ് നസീറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സ്വദേശിയായ 76കാരിയ്ക്കാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. പരമ്പരാഗത കൃത്രിമ കാൽമുട്ടുകളിൽ നിന്ന് വ്യത്യസ്തമായി വൃത്താകൃതിയിലാണ് ആധുനിക കാൽമുട്ടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഇതുമൂലം രോഗിയുടെ മുട്ടുകൾക്ക് സ്വാഭാവികമായ ചലനം സാധ്യമാകും. 130 മുതൽ 140 ഡിഗ്രി വരെ മടക്കാനും രോഗിയക്ക് സാധിക്കും.

പരസ്പരം കൂട്ടി ബന്ധിപ്പിച്ച പോളിയെത്തീലിൻ പദാർഥം കൊണ്ട് നിർമ്മിച്ചതു കാരണം 95% തേയ്മാനവും നിയന്ത്രിക്കാനാകും. ഇതുമൂലം ഇത്തരത്തിലുള്ള കൃത്രിമ കാൽമുട്ടുകൾ 30 വർഷത്തോളം തകരാറുകൾ കൂടാതെ നിലനിൽക്കുകയും ചെയ്യും. ആധുനിക കാൽമുട്ടുകൾ ഉപയോഗിക്കുന്നതോടെ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പെട്ടെന്ന് തന്നെ ആരോഗ്യം വീണ്ടെടുക്കുന്നതിനൊപ്പം കുറഞ്ഞ തോതിലുള്ള വേദനയും കാൽമുട്ടുകൾക്ക് കൂടുതൽ ഉറപ്പ് ലഭിക്കുന്നു. തൊട്ടടുത്ത ദിവസം നടക്കുവാനും പത്താം ദിവസം മുതൽ സാധാരണ നിലയിലേയ്ക്ക് തിരികെ വരാനും സാധിക്കും. രോഗിയുടെ പേശികൾക്ക് വേണ്ടിവരുന്ന അധ്വാനം വളരെ കുറവ് മാത്രമാണ്. ഇതുമൂലം അനായാസമായി പടികൾ കയറുവാനും സാധിക്കുന്നു.