കൊച്ചിക്കായി ഹൃദയം നല്‍കിയവരുടെ ഹൃദയം കാക്കാന്‍ ഇനി നഗരത്തിലെ ഡോക്ടര്‍മാര്‍

കൊച്ചി നഗരത്തിന് പുതിയ ഹൃദയതുടിപ്പ് നല്‍കാന്‍ രാപ്പകല്‍ അധ്വാനിക്കുന്ന കൊച്ചി മെട്രോ നിർമ്മാണ തൊഴിലാളികള്‍ക്കായി നിർമ്മാണ ചുമതല വഹിക്കുന്ന എല്‍ ആൻഡ് റ്റിയും കിംസ് ആശുപത്രിയും ചേർന്ന് ബോധവല്‍ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. മെട്രോ നിർമ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 3500 ഓളം തൊഴിലാളികള്‍ക്ക് കിംസ് ആശുപത്രിയുടെ കീഴില്‍ ജീവന്‍ രക്ഷാ പരിശീലനം പദ്ധതിവഴി നടപ്പിലാക്കും.

നിർമ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന കൊച്ചി യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷനിൽ കിംസ് ഹാര്‍ട്ട് കെയര്‍ സെന്ററിലെ കാര്‍ഡിയാക് സര്‍ജറി മേധാവി ഡോ. പ്രവിണ്‍ മേനോൻ‍, കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. സുരേഷ് ഡേവിസ്, ഡോ. പോള്‍ റാഫേല്‍, എല്‍ ആൻഡ് റ്റി പ്രോജക്ട് മാനേജര്‍ സുബ്രമണ്യം ഇറ്റ, പി.വി. സത്യന്‍, ശിവരാമ പ്രസാദ് എന്നിവരൊപ്പം എത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മെട്രോ നിർമ്മാണത്തിനിടയില്‍ തൊഴിലാളികള്‍ക്ക് സംഭവിക്കുന്ന പരിക്കുകള്‍ക്ക് അടിയന്തിര വൈദ‍്യസഹായം എത്തിക്കുന്നത് കൊച്ചി കിംസ് ആശുപത്രിയാണ്. ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം ഉയര്‍ത്തിക്കൊണ്ട് മെട്രോ റയിലിനു മുകളില്‍ തൊഴിലാളികള്‍ പങ്കെടുത്ത ബലൂണ്‍ പറപ്പിക്കല്‍ ആകര്‍ഷകമായി.