ദീർഘായുസിന് 10 മിനിറ്റ്!

ആരോഗ്യത്തിനായി ജിമ്മിൽ പോയി വിയർപ്പൊഴുക്കേണ്ട, മണിക്കൂറുകളോളം നടക്കേണ്ട, വെറും 10 മിനിറ്റ് ദിവസവും നടന്നാൽ മാത്രം മതി. അതും നടക്കാനായി നടക്കേണ്ട. പിന്നെയോ സാധാരണ വീട്ടുജോലികൾ ചെയ്താൽ തന്നെ ആരോഗ്യം കൂടം വരും. എന്താ പരീക്ഷിക്കുന്നോ?

ജീവിതശൈലീ രോഗങ്ങളും അതുമൂലമുള്ള മരണങ്ങളും വർധിച്ച ഒരു കാലത്താണ് നാം ജീവിക്കുന്നത്. വെറുതേ ദിവസവും ഏതാനും അടി നടക്കുന്നതു ദീർഘായുസിനും ആരോഗ്യത്തിനും നല്ലതാണെന്നു പഠനം.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നാഷണൽ ഹെൽത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ ഭാഗമായി 50 മുതൽ 79 വയസു വരെ പ്രായമുള്ള 3000 പേരുടെ വിവരങ്ങൾ അപഗ്രഥിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

ആക്സലറോമീറ്റർ ഉപയോഗിച്ച് ആളുകളുടെ ആക്ടിവിറ്റി ലെവൽ അളന്നു. ഓരോരുത്തരും എടുക്കുന്ന സ്റ്റെപ്പുകൾ റിക്കോർഡ് ചെയ്തു. ഇതിന്റെ റിസൽട്ട് അടുത്ത ഏഴു വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട മരണവുമായി താരതമ്യം ചെയ്തു.

മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കുന്നതിനെക്കാളും നല്ലത് ദിവസവും വെറും 10 മിനിറ്റ് നടക്കുന്നതാണെന്നു പഠനത്തിൽ തെളിഞ്ഞു. സാധാരണ വീട്ടുജോലികളായ അടിച്ചുവരൽ, പാത്രം കഴുകുക തുടങ്ങിയവയെല്ലാം ചെയ്താൽതന്നെ ആരോഗ്യം കൈവരും എന്നും കണ്ടു. ഇതേ അളവിൽ വ്യായമം ചെയ്യുന്ന ആളുകളെ, അധികം ഇരിക്കാതെ നടന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകളുമായി താരതമ്യം ചെയ്താൽ മേലനങ്ങി ജോലി ചെയ്യുന്നവർക്കായിരിക്കും ആരോഗ്യവും ആയുസും.

ജിമ്മിലും മറ്റും പോയി സമയം കളയാതെ, വീടിനുള്ളിൽ വെറുതെ ഇരിക്കാതെ ശരീരം അനങ്ങി പറ്റാവുന്ന ജോലികൾ ചെയ്താൽത്തന്നെ ആരോഗ്യത്തോടെ ഇരിക്കാമെന്ന് ഈ പഠനം പറയുന്നു. ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏജിങ്ങും നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നടത്തിയ ഈ പഠനം മെഡിസിൻ ആൻഡ് സയൻസ് ഇൻസ്പോർട്സ് ആൻഡ് എക്സർസൈസ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.