മലേറിയ: മരണത്തിൽ അറുപത് ശതമാനം കുറവ്

മലേറിയയ്ക്കെതിരായ പോരാട്ടത്തിൽ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് വേള്‍ഡ് ഹെൽത്ത് ഓർഗനൈസേഷൻ. കഴിഞ്ഞ പതിനഞ്ച് വർഷത്തെ കണക്ക് പരിഗണിക്കുമ്പോൾ മലേറിയയിലൂടെയുള്ള മരണത്തിൽ ഏകദേശം 60 ശതമാനത്തോളം കുറവു വന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പതിനഞ്ച് വർഷം മുമ്പ് 262 ദശലക്ഷം രോഗികളിൽ 8.40 ലക്ഷം ആളുകൾ മരിച്ചപ്പോൾ 2015 ലെ കണക്കുകൾ പ്രകാരം 214 ദശലക്ഷത്തിൽ 4.38 ലക്ഷം ആളുകള്‍ മാത്രമേ മരിച്ചിട്ടുള്ളു. മലേറിയ രോഗത്തിനും അതുവഴിയുള്ള മരണത്തിനും വലിയ തോതിൽ കുറവ് വരുത്താൻ സാധിച്ചു എന്നാണ് ഡബ്ല്യു എച്ച് ഒയുടേയും യുണിസെഫിന്റേയും കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ പതിനഞ്ച് വർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ലോകത്ത് ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കിയ പദ്ധതിയാണ് മലേറിയയുടെ നിയന്ത്രണം എന്നാണ് ഡബ്ല്യുഎച്ച്ഒ ഡയറക്റ്റർ‌ ജനറൽ മാർഗരറ്റ് ചാൻ പറഞ്ഞത്. 2000 മുതൽ മലേറിയ മൂലമുണ്ടാകുന്ന മരണം നിയന്ത്രിക്കാനായിരുന്നില്ലായിരുന്നതെങ്കിൽ ഏകദേശം 62 ലക്ഷം ആളുകൾ മരണപ്പെട്ടേനേയെന്നും ചാൻ കൂട്ടിച്ചേർത്തു.

നിലവിലെ മരണങ്ങളിൽ 80 ശതമാനവും സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിലാണ്, അതില്‍ കൂടുതലും കുട്ടികളാണെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2000 ന് മുമ്പ് ആഫ്രിക്കൻ രാജ്യങ്ങളിൽ രണ്ട് ശതമാനം കുട്ടികൾ മാത്രമായിരുന്നു കൊതുകുവലയ്ക്കകത്ത് കിടന്നുറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ അത് 68 ശതമാനത്തിലെത്തിയെന്നും കണക്കുകൾ പറയുന്നുണ്ട്. രോഗപ്രതിരോധം മാത്രമല്ല രോഗം വന്നാൽ സുഖപ്പെടുത്താനുള്ള ചികിൽസാ സംവിധാനവും വർദ്ധിച്ചു എന്ന് ഡബ്ല്യു എച്ച്ഒയും യുണിസെഫും പറയുന്നു.