അമിതമധുരം കാന്‍സര്‍ സാധ്യത കൂട്ടുന്നു

അമിതമായി മധുരം കഴിക്കുന്നത് അത്ര നല്ല കാര്യമല്ലെന്ന് ഡോക്ടര്‍മാര്‍ എല്ലായ്പോഴും മുന്നറിയിപ്പ് നല്‍കാറുള്ളതാണ്. ഇങ്ങനെ ഉള്ളവരില്‍ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നീ രോഗങ്ങള്‍ വരാനുള്ള സാധ്യതയെക്കുറിച്ച് പല പഠനങ്ങളും മുന്നറിയിപ്പു തന്നിട്ടുമുണ്ട്. കൂടിയ അളവില്‍ മധുരം കഴിക്കുന്നത്‌ കാന്‍സര്‍ സാധ്യത കൂട്ടുന്നു എന്നതാണ് മധുരപ്രിയര്‍ക്ക് ഭീഷണി ആകുന്ന പുതിയ കണ്ടെത്തല്‍.

അതിയായി മധുരം കഴിക്കുന്നവരില്‍ ഗര്‍ഭാശയമുഖം, പാന്‍ക്രിയാസ് എന്നിവയിൽ കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കൂടുതല്‍ ഉള്ളതായാണ് വിദഗ്ദര്‍ കണ്ടെത്തിയത്. അറുപതു ഗ്രാമില്‍ അധികം പഞ്ചസാര ദിവസേന അകത്താക്കുന്നവരിലാണ് ഈ സാധ്യത കൂടുതല്‍ കാണപ്പെടുന്നതെന്നും പഠനംപറയുന്നു.

സാധാരണ ഉപയോഗിക്കുന്ന മധുരത്തെക്കാള്‍ പാനീയങ്ങളിലും ബേക്കറി ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന കൃത്രിമ മധുരമാണ് പ്രധാന വില്ലന്‍. ഇവ ദഹിപ്പിക്കാന്‍ ശരീരം ബുദ്ധിമുട്ടും. ഇതാണ് കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളിലേക്ക്‌ പിന്നീടു നയിക്കുക എന്ന് ന്യൂ ഓര്‍ലിയന്‍സിലെ എല്‍ എസ് യു ആരോഗ്യ സര്‍വകലാശാലയില ഗവേഷക വിഭാഗം നടത്തിയ പഠനം കണ്ടെത്തി.

ഇക്കാരണം കൊണ്ടുതന്നെ കാന്‍സര്‍ ഉള്ളവരോടും മധുരത്തിന്‍റെ ഉപയോഗം കുറയ്ക്കാന്‍ പഠനം ആവശ്യപ്പെടുന്നുണ്ട്. ഇവര്‍ ദിവസേന 30 ഗ്രാമില്‍ കൂടുതല്‍ പഞ്ചസാര ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ്. ഈ നിയന്ത്രണം പിന്തുടര്‍ന്നാല്‍ കാന്‍സര്‍ രോഗത്തില്‍ നിന്നുള്ള മോചനവും താരതമ്യേന എളുപ്പമായിരിക്കും.