കൊതുകു വരുന്നു, പുതിയ രോഗവുമായി

കൊതുകുകളെ വെറുക്കാൻ ഒരുകാരണംകൂടി. കൊതുകു പരത്തുന്ന ‘ഡോഗ് ഹാർട്ട്‌വേം’ രോഗത്തിന് കൊച്ചി നഗരവാസിയായ ബാലിക ഇരയായതായി കണ്ടെത്തി. പന്ത്രണ്ടുവയസുകാരിയുടെ നെഞ്ചിലെ അസ്ഥിക്കു മുകളിലെ ചെറിയ മുഴയിൽനിന്നു ജീവനുള്ള വിര ശസ്ത്രക്രിയയിലൂടെ നീക്കി. നായ്ക്കളിൽനിന്നു കൊതുകുവഴി പകരുന്നതായതിനാലാണു ‘ഡോഗ് ഹാർട്ട്‌വേം’ എന്നു പേര്. നായ്ക്കളിലെ ലാർവ രൂപത്തി‍ൽനിന്നു കൊതുകിലേക്ക് എത്തി അവിടെനിന്നു മനുഷ്യശരീരത്തിലെത്തി വിരയായി രൂപം പ്രാപിക്കുന്ന ഡൈറോഫൈലേറിയയാണു നഗരത്തിനു പുതിയ ആരോഗ്യഭീഷണി ഉയർത്തുന്നത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഏഴു മുതൽ 24%വരെ നായ്ക്കളുടെ രക്തത്തിൽ ഡൈറോഫൈലേറിയ ലാർവകളുടെ സാന്നിധ്യം കണ്ടെത്തി.

നെഞ്ചിൽ മുഴ

ശിശുരോഗ വിദഗ്ധനായ ഡോ. എം. നാരായണന്റെയടുത്തേക്ക് 12 വയസുള്ള മകളുമായി മാതാപിതാക്കൾ എത്തുന്നത് ആഴ്ചകളായി നെഞ്ചുവേദന എന്ന പരാതിയുമായാണ്. നെഞ്ചിലെ അസ്ഥികൾക്കു മുകളിൽ മുഴയുള്ളതായി പരിശോധനയിൽ കണ്ടു. സോണോളജിസ്റ്റ് ഡോ. അമ്പിളി ചന്ദ്രൻ അൾട്രാസൗണ്ട് പരിശോധന നടത്തി. വിരയ്ക്കു ജീവനുണ്ടെന്നു ബോധ്യമായി. തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിലെ പീഡിയാട്രിക് സർജൻ ഡോ. പി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ മുഴ നീക്കംചെയ്തു. പതോളജിസ്റ്റ് ഡോ. എലിസബത്ത് ജോർജ്, മൈക്രോബയോളജിസ്റ്റ് ഡോ. വിനോദ് ഫ്രാങ്ക്‌ളിൻ എന്നിവർ ഡൈറോഫൈലേറിയ ഇനത്തിൽപ്പെട്ട വിരയാണിതെന്നു സ്ഥിരീകരിച്ചു.

കൊതുകും രോഗങ്ങളും

വേണം, ജാഗ്രത

മനുഷ്യരുടെ ശ്വാസകോശം, കണ്ണ്, ചർമം എന്നിവയ്ക്കുള്ളിലാണു പൊതുവെ ഇത്തരം വിരകൾ കാണപ്പെടുന്നതെന്നു ഡോ. എം. നാരായണൻ പറഞ്ഞു. ശിശുക്കളിൽ അപൂർവമായാണിതു കണ്ടെത്തുന്നത്. പ്രത്യേകിച്ചു കണ്ണുകളിൽ. പക്ഷേ, വളർത്തുനായ്ക്കളുമായി അടുത്തിടപഴകുന്ന കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണം. കണ്ണിലെ വിര എളുപ്പം നീക്കംചെയ്യാനാവും. എന്നാൽ വിരകൾ ശ്വാസകോശത്തിലെത്തിയാൽ കണ്ടെത്താൻ എളുപ്പമല്ല. നെഞ്ചുഭാഗത്തെ എക്സ്റേ പലപ്പോഴും അർബുദമാണെന്ന പ്രതീതിയാണു നൽകുക.

പ്രതിവിധി

രോഗലക്ഷണമായി ചുമയുണ്ടാകും. ചർമത്തിൽ മുഴകൾ കാണാം. സ്വയം രോഗനിർണയം പാടില്ല. മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് ഡൈറോഫൈലേറിയ പകരുകയില്ല. രോഗമുള്ളയാളെ കുത്തുന്ന കൊതുകിൽനിന്നു മറ്റൊരു മനുഷ്യനിലേക്കും പകരില്ല. ചികിൽസ എന്നാൽ ഉള്ളിൽക്കഴിക്കാനുള്ള മരുന്നല്ല. ശസ്ത്രക്രിയയിലൂടെ വിര നീക്കംചെയ്യലാണു പ്രതിവിധി. രോഗം പടരുന്നതു തടയാൻ കൊതുകുനശീകരണം മാത്രമാണു പോംവഴി.