ഒാസ്റ്റിയോപൊറോസിസ് തടയാൻ

കഷ്ടിച്ച് രണ്ടു വർഷമേ ആയിട്ടുളളു ഇടതുകൈയിൽ ഒടിവു വന്നിട്ട്. ഖദീജയ്ക്ക് വേദനയ്ക്കൊപ്പം വിഷമം തോന്നി. മുറി വൃത്തിയാക്കുന്നതിനിടെ തറയില്‍ തങ്ങിനിന്ന വെളളം ശ്രദ്ധിച്ചില്ല. തെന്നി വീണു. പിന്നീട് എഴുനേൽക്കാൻ കഴിയുന്നില്ല. ആശുപത്രിയിലെത്തിയപ്പോഴാണ് അറിയുന്നത് ഒടിവുണ്ടെന്ന്.

60 വയസ്സു കഴിഞ്ഞാൽ വീഴ്ചയും എല്ലുകളിലെ ഒടിവും സാധാരണ സംഭവമായിട്ടുണ്ട് മലയാളികൾക്കിടയിൽ. എന്താണ് ഒസ്റ്റിയോപെറോസിസ്? പ്രായമാകുമ്പോൾ എല്ലുകൾക്ക് ഉണ്ടാകുന്ന ബലക്ഷയമാണ് ഒാസ്റ്റിയോപൊറോസിസ്. ഒാസ്റ്റിയോപൊറോസിസിന്റെ ഗുരുതരാവസ്ഥയിൽ എല്ലുകള്‍ സ്പോഞ്ചു പോലെയാകും. ചെറുതായി ഒരു തട്ടുകിട്ടിയാൽ പെട്ടെന്നു പൊട്ടുകയോ ഒടിഞ്ഞുപോകുകയോ ചെയ്യും. എന്നാൽ ഒസ്റ്റിയോപൊറോസിസ് എല്ലാവര്‍ക്കും ഒരുപോലെ വരണമെന്നില്ല.

കാരണങ്ങൾ

ബോൺ മിനറൽ ഡെൻസിറ്റി അഥവാ അസ്ഥിയുടെ കനം 35 വയസ്സു കഴിയുമ്പോൾ തന്നെ ചെറുതായി ചെറുതായി കുറഞ്ഞുവരുന്നു. മാസമുറ തീർന്നതിനുശേഷം സ്ത്രീകളിൽ വേഗത്തിൽ അസ്ഥിക്കു കനം കുറയാം. ഒസ്റ്റിയോപൊറോസിസിന് പാരമ്പര്യസ്വഭാവമുണ്ട്. കൂടാതെ, രക്തത്തിൽ കാത്സ്യവും വിറ്റമിൻ ഡിയും കുറഞ്ഞുപോകുക, പുകവലി, അമിതമദ്യപാനം ഇവയെല്ലാം രോഗസാധ്യത ഇരട്ടിപ്പിക്കുന്നു.

എങ്ങനെ കണ്ടെത്താം?

ഒാസ്റ്റിയോപൊറോസിസിന് നിശ്ശബ്ദ സ്വഭാവമാണുളളത്. രോഗിക്ക് ഒരിക്കലും സ്വയം രോഗം കണ്ടെത്താൻ കഴിയില്ല. കാരണം എല്ലുകൾക്ക് ഒടിവു സംഭവിക്കുമ്പോൾ മാത്രമാണ് കലശലായ വേദന അനുഭവപ്പെടുക. ഒടിവുകളൊന്നും കൂടാതെ ഒാസ്റ്റിയോപൊറോസിസ് ഉണ്ടെങ്കിലും അതു നിരവധി വർഷങ്ങൾ അങ്ങനെ തന്നെ നിലനിൽക്കും.

ആരംഭഘട്ടത്തിൽ സാധാരണ എക്സറേ വഴി രോഗം കണ്ടെത്താൻ പ്രയാസമാണ്. ഇത് കൃത്യമായി കണ്ടെത്താനുളള റേഡിയേഷൻ തീരെക്കുറഞ്ഞ പരിശോധനാരീതിയാണ് ഡിഎക്സ്എ (ഡുവൽ എനർജി എക്സ്–റേ അബ്സോർപ്റ്റിയോമെട്രി). ഇതു വഴി പ്രധാനപ്പെട്ട ശരീരഭാഗങ്ങൾ, നട്ടെല്ല്, കൈപ്പത്തിക്ക് അടുത്തഭാഗം, ഇടുപ്പ് തുടങ്ങിയ ഇടങ്ങളിലെ ബോൺ മിനറൽ ഡെൻസിറ്റി കൃത്യമായി അളന്നുനോക്കാം. ഈ പരിശോധന വഴി ഒാസ്റ്റിയോപൊറോസിസ് പ്രാരംഭദിശയിലാണെങ്കില്‍ പോലും കണ്ടെത്താം. ഒാസ്റ്റിയോപീനിയ എന്നത് എല്ലിന്റെ സാന്ദ്രത കുറയുന്ന അവസ്ഥയാണ്. എന്നാൽ ഒാസ്റ്റിയോപൊറോസിസ് എന്നു പറയുമ്പോൾ ഒസ്റ്റിയോപീനിയ കഴിഞ്ഞ് എല്ലുകൾ പെട്ടെന്നു പൊട്ടുന്ന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു എന്നു തീരുമാനിക്കാം. ഈ പരിശേധനയിലൂടെ ചെറിയ വീഴ്ചകൾ സംഭവിച്ചാൽ എല്ലുകള്‍ പൊട്ടുവാനുളള സാധ്യത എത്രത്തോളമാണെന്നു നിർണയിക്കുവാനും അതനുസരിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കാനും സാധിക്കും.

വാർധക്യത്തിലെ ഒടിവ്

ലോകാരോഗ്യസംഗടനയുടെ നിരീക്ഷണത്തിൽ ഒാസ്റ്റിയോപൊറോസിസ് ഗുരുതര ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ്. എന്നാൽ കാര്യമായി അവഗണിക്കപ്പെടുകയും ചെയ്യുന്നു. ഇതു മൂലമുളള ഒടിവ് വാർധക്യത്തിലെ അതികഠിനമായ വേദനയ്ക്കു പ്രധാനകാരണമാണ്. വാർധക്യത്തിൽ ഇടുപ്പെല്ലിനു ക്ഷതം സംഭവിക്കുന്ന 70 ശതമാനം രോഗികൾക്കും കൃത്യമായ ചികിത്സ കിട്ടിക്കാണാറില്ല. 30–50 ശതമാനം രോഗികളും ഇത്തരം ഒടിവുകൾക്കു ശേഷം അവശരായി മാറുന്നു. ഒടിവുകൾ സംഭവിക്കുമ്പോൾ നട്ടെല്ലിനു ക്ഷതം ഏൽക്കുകയും അങ്ങനെ പൊക്കം കുറയുവാനും അല്ലെങ്കിൽ വശത്തേക്ക് ചരിയുവാനും സാധ്യതയുണ്ട്.

ഒരിക്കൽ ഒടിവു സംഭവിച്ചാൽ മറ്റൊരു വീഴ്ചയ്ക്കും ഒടിവിനുളള സാധ്യത ഇരട്ടിക്കുകയാണ് ചെയ്യുന്നത്. വീണു പോകുമോ, പിന്നെയും ഒടിവു സംഭവിക്കുമോ എന്ന ഭയം അവരെ മാനസികമായി തളർത്താം. യാത്ര ചെയ്യുവാനും ജോലികളിൽ ഏർപ്പെടാനും അതു തടസ്സമാകും.

എങ്ങനെ പ്രതികരിക്കാം?

∙പുകവലി പൂർണമായി നിർത്തുക. പുകവലിക്കാരുമായി അടുത്തിടപഴകിയാലും രോഗസാധ്യത വർധിക്കും. അമിതമദ്യപാനവും ആപത്താണ്. ഇതു വീഴ്ചകൾക്ക് സാധ്യത വർധിപ്പിക്കുന്നു.

∙നിത്യോന വ്യായാമം ചെയ്ത് അസ്ഥിസാന്ദ്രത വർധിപ്പിക്കുക.

∙ സ്ത്രീകൾക്കും പുരുഷന്മാർക്കും ദിനംപ്രതി ഏകദേശം 1000 മി.ഗ്രാം കാത്സ്യം ആവശ്യമാണ്. രക്തത്തിൽ വിറ്റമിന്‍ ഡി കുറഞ്ഞാലും കാത്സ്യം ഉള്ളിലേക്ക് വലിച്ചെടുക്കാൻ ശരീരത്തിനു കഴിയില്ല.

∙ കടുത്ത നിറമുളള പച്ചക്കറികൾ, ഒാറഞ്ച് ജ്യൂസ്, കൊഴുപ്പു കുറഞ്ഞ പാല് എന്നിവ പ്രതിദിനമുളള ഭക്ഷണത്തിലുൾപ്പെടുത്താം. ചൂര, കോര പോലുളള മത്സ്യങ്ങളാൽ വിറ്റമിൻ ധാരാളമുണ്ട്. ഒരു ദിവസം ഏകദേശം 10–15 ബദാം പരിപ്പു കഴിക്കുന്നത് എല്ലുകളുടെ ശക്തി കൂട്ടും.

∙ ഡോക്ടർ നിർദേശിച്ചാൽ കാത്സ്യം ഗുളികകൾ കഴിക്കണം. എന്നാൽ കാത്സ്യം ഒൗഷധമായി കഴിക്കുമ്പോള്‍ അത് ഭക്ഷണം മറ്റു ഗുളികകൾ എന്നിവയെല്ലാം ചേർന്ന് ദിവസം 2000 മില്ലി ഗ്രാമിൽ കൂടുതലാവാൻ പാടില്ല. കാരണം കാത്സ്യം ഭക്ഷണത്തിൽ കൂടിപ്പോയാൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.