പാമ്പുകടി : പ്രഥമ ശുശ്രൂഷ അതിപ്രധാനം

ശരീരത്തിൽ വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി കുറയ്‌ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. കടിയേറ്റാൽ ഒന്നരമിനിറ്റിനുള്ളിൽ ഇതു ചെയ്‌തിരിക്കണം. കടിയേറ്റ സ്‌ഥലം നല്ല ശുദ്ധജലത്തിൽ വൃത്തിയായി കഴുകുക. സോപ്പ് ഉപയോഗിക്കാം. കടിയേറ്റ മുറിവിലൂടെ രക്‌തം ഞെക്കിക്കളയുക. എന്നാൽ മുറിവു കീറാൻ പാടില്ല. ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാൻ ചിലർ ശ്രമിക്കുന്നു. അതും ഗുണം ചെയ്യില്ലെന്നു മാത്രമല്ല കൂടുതൽ രക്‌ത നഷ്‌ടത്തിന് ഇടയാക്കുകയും ചെയ്യുന്നു.

‘ടൂർണിക്കെ’ എന്ന പേരിലാണ് ഫസ്‌റ്റ് എയ്‌ഡ് അറിയപ്പെടുന്നത്. കടിയേറ്റതിന്റെ രണ്ടോ മൂന്നോ സെ.മീറ്റർ മുകൾ ഭാഗത്തായി കെട്ടുന്നതാണിത്. കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. കടുംകെട്ടിട്ടു വയ്‌ക്കുന്നത് ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്യുക. കെട്ടിനിടയിൽകൂടി ഒരു തീപ്പെട്ടിക്കൊള്ളി കടത്താനുള്ള ഇടം വേണം. ഇല്ലെങ്കിൽ രക്‌തസ്രവം നിലയ്‌ക്കും. പത്തു മിനിറ്റിനുള്ളിൽ അഴിച്ചു കെട്ടുകയും വേണം. കടിയേറ്റ് ഒരു മണിക്കൂറിലേറെ കെട്ട് നിലനിർത്തുകയുമരുത്. പേശികൾക്കു നാശം സംഭവിക്കുന്നത് ഒഴിവാക്കാനാണിത്.

കുടിക്കാൻ ധാരാളം ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ നൽകുക. മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കണം. ഒരു കാരണവശാലും ആൽക്കഹോൾ പാടില്ല. ചിലർ മൂത്രം വിഷമിറങ്ങാൻ ഉത്തമ പ്രതിവിധിയാണെന്നു പറഞ്ഞ് കുടിപ്പിക്കുന്നു. അത് അവശനായി കിടക്കുന്ന രോഗിയോട് ചെയ്യുന്ന കൊടും ക്രൂരതയാണ്. കടി കൊണ്ടയാൾ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. മുറിവേറ്റ ഭാഗത്ത് പൊള്ളിക്കുന്നതും അപകടകരമായ പ്രവണതയാണ്. രോഗിയുടെ മാനസിക ധൈര്യം വളരെ പ്രധാനമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രതിവിധികളിൽ പ്രധാനം. കടിയേറ്റ ആൾ പരിഭ്രമിക്കുന്നതും ഭയപ്പെടുന്നതും ഒഴിവാക്കുക എന്നതാണു ഏറ്റവും പ്രധാനപ്പെട്ട പ്രഥമശുശ്രൂഷ.കടിച്ചത് ഏതു പാമ്പാണ് എന്നു മനസ്സിലാക്കാൻ സാധിച്ചാൽ ചികിൽസയ്‌ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാം.

യഥാസമയം ചികിൽസ പ്രധാനം

യഥാസമയം ചികിൽസ കിട്ടാത്തതാണു പാമ്പുകടിയേൽക്കുന്നവരിൽ നല്ലൊരു ശതമാനത്തിനും മരണം സംഭവിക്കാൻ കാരണമെന്നു ഡോക്‌ടർമാർ. നിശ്‌ചിത സമയത്തിനുള്ളിൽ പ്രതിവിഷം നൽകാൻ സാധിച്ചാൽ തന്നെ രോഗിയെ രക്ഷപ്പെടുത്താനാവും. ആയുർവേദ ചികിൽസാ രീതി അനുസരിച്ചു പാമ്പുകടിയേറ്റാൽ ഉടൻ തന്നെ അഗതങ്ങൾ എന്നറിയപ്പെടുന്ന പ്രതിവിഷം ഉപയോഗിക്കുകയാണു ചെയ്യുക. ഇവ ശരീരത്തിലുള്ള വിഷത്തെ നിർവീര്യമാക്കുന്നു. ധാതുക്കളും ലോഹങ്ങളും ശാസ്‌ത്രീയമായി ശുദ്ധികരിച്ച് ഔഷധക്കൂട്ടുകൾ ചേർത്താണ് അഗതങ്ങൾ ഉണ്ടാക്കുന്നത്.ജീവരക്ഷാഗുളിക,സജ്‌ജിവനി,കരുണഭാസ്‌കരം തുടങ്ങിയവയാണ് പ്രധാന അഗതങ്ങൾ.

കടിയേറ്റാൽ ആറു മണിക്കൂറിനുള്ളിലെങ്കിലും പ്രതിവിഷം നൽകിയിരിക്കണം. ശരീരത്തിലെ വിഷത്തിന്റെ അളവിനനുസരിച്ചു നൽകുന്ന പ്രതിവിഷത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. 20 മില്ലി ലിറ്റർ പ്രതിവിഷമാണ് ആദ്യഡോസായി കടിയേറ്റ ആൾക്കു കുത്തിവയ്‌ക്കുന്നത്. വിഷബാധയുടെ ലക്ഷണങ്ങൾ നിലനിൽക്കുന്നുവെങ്കിൽ രണ്ടു മണിക്കൂറിനു ശേഷം വീണ്ടും പ്രതിവിഷം നൽകും. ഇതു കൊണ്ടും കുറവുണ്ടാകുന്നില്ലെങ്കിൽ വിഷബാധയുടെ ലക്ഷണങ്ങൾ അപ്രത്യക്ഷമാകും വരെ ആറു മണിക്കൂർ ഇടവിട്ടു തുടർച്ചായി പ്രതിവിഷം നൽകുന്നു. ചികിത്സാ രീതികൾ സാധാരണഗതിയിൽ പത്തു ദിവസം വരെ നീളാം. ആദ്യ ദിനങ്ങളിൽ സാധാരണ തിളപ്പിച്ചാറ്റിയ വെള്ളം, ഗ്ലൂക്കോസ് വെള്ളം, കഞ്ഞിവെള്ളം എന്നിവ കൊടുക്കാം. തുടർന്ന് സാധാരണ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. എ. എം. നായക് പാപ്പിനിശ്ശേരി (റിട്ട. മെഡിക്കൽ ഓഫിസർ)

ഡോ. പി. എം. ഗോപിനാഥ് (മെഡിക്കൽ ഓഫിസർ, വിഷ ചികിത്സാ കേന്ദ്രം പാപ്പിനിശ്ശേരി, കണ്ണൂർ)