‌കൂർക്കംവലി നിർത്താം, വെറും ഏഴുദിവസം കൊണ്ട്

പങ്കാളിയുടെ കൂർക്കംവലി കാരണം ഉറങ്ങാനാവുന്നില്ലേ?. അടുത്ത് കിടന്നുറങ്ങുന്നവരിലാണ് കുര്‍ക്കം വലി കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുക, എന്നാൽ കൂർക്കം വലി ഒരു ശല്യം മാത്രമല്ല പല വിധത്തിലുള്ള അനാരോഗ്യത്തിന്റെ ലക്ഷണംകൂടിയാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുമ്പോഴാണ് പലപ്പോഴും അസഹ്യമായി കൂർക്കംവലിക്കുക.

എന്നാൽ ഈ ശബ്ദശല്യം ഏഴുദിനം കൊണ്ട് പരിഹരിക്കാനാകുമത്രെ. ഏഴുദിനം കൊണ്ട് കൂർക്കം വലി നിർത്താമെന്ന അവകാശവാദവുമായി എത്തുകയാണ് ഒരുകൂട്ടം തായ്​വാൻ ഗവേഷകർ. ടംഗ് മസിൽ ട്രെയിനർ എന്ന ഉപകരണവും ദിവസവും ഏതാനും മിനിട്ടുള്ള നാവിന്റെ വ്യായാമവുമാണ് ഇതിനായി വേണ്ടത്.

സ്ലീപ് അപ്നിയ ഉള്ള ഏകദേശം 120 ആളുകളിൽ ഇപ്പോൾ ഈ ഉപകരണം ഉപയോഗിച്ച് പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ഗവേഷകർ. മുൻപ് നടത്തിയ പരീക്ഷണങ്ങളിലും പകുതിയലധികം പേരുടെ കൂർക്കംവലി മാറിയത്രെ. പൂർണ്ണമായും വിജയകരമാകുമ്പോൾ വിപണിയിലേക്കെത്തുമന്നാണ് പ്രതീക്ഷ.

വായു സമ്മർദ്ദം ചെലുത്താവുന്ന ഒരു പമ്പും അറ്റത്ത് വായുമർദ്ദിതമായ ബൾബുമുള്ള ഉപകരണമാണിത്. വായ്ക്കുള്ളിലാക്കി വായുസമ്മർദ്ദം ചെലുത്തുന്നതിനനുസരിച്ച് നാക്കുകൊണ്ട് ആ ഉപകരണത്തിൽ തിരികെ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടത്. തൊണ്ടയിലെ പേശികൾ ഇതിനാൽ ബലവത്താകുകയും വിശ്രാന്തിയിലായിരിക്കുമ്പോൾ ശ്വാസനാളം അടയുന്നത് കുറയുകയും ചെയ്യുമത്രെ.

കൂർക്കംവലി നിർത്താനാവുന്ന ചിലസ്വാഭാവിക മാർഗ്ഗങ്ങൾ നോക്കാം

1. കിടപ്പിന്റെ ശൈലി മാറ്റുക, കുറുനാക്ക് ശ്വാസോച്ഛാസത്തിന് തടസം നിൽക്കുന്നത് ചിലപ്പോൾ ചരിഞ്ഞുകിടന്നാൽ പരിഹാരമായേക്കും.

2. കിടക്കുന്നതിനുമുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുന്നതും അൽപ്പദിവസം കൂടുമ്പോള്‍ ആവി പിടിക്കുന്നതുമൊക്കെ ശ്വാസോച്ഛാസം അനായാസമാകാൻ സഹായകമാകും.

3. അലർജിയുണ്ടാക്കുന്നവ ഒഴിവാക്കുക. അലർജിമൂലം ശ്വാസതടസമുണ്ടാക്കുന്ന വസ്തുക്കൾ മുറിയിൽനിന്ന് ഒഴിവാക്കുക.

4. ഭാരം കുറയ്ക്കുക, കഴുത്തിന്റെ ഭാഗത്തൊക്കെ കൊഴുപ്പ് അ‍ടിഞ്ഞുകൂടുന്നത് പലപ്പോഴും കൂർക്കം വലിക്കാനിടയാക്കുന്നുണ്ട്.