കൗമാരക്കാരിലെ ഉറക്കപ്രശ്നങ്ങൾക്കു കാരണം?

കൗമാരക്കാരുടെ ഉറക്കക്കുറവിനും നീണ്ടഉറക്കത്തിനും കാരണം മാനസിക പിരിമുറുക്കമാണെന്നു പുതിയ കണ്ടെത്തൽ. ഈ പ്രായത്തിലെ ഉറക്കക്കുറവ് ഇവരുടെ പഠനത്തെയും സ്വഭാവത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു. ശരിയായ ഉറക്കം ലഭിക്കാത്തത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് അലബാമയിലെ സൈക്കോളജി പ്രഫസറും ഗവേഷകയുമായ സിൽവി മ്രഗ് പറയുന്നു.

13നും 19നും ഇടയിലുള്ള കൗമാരക്കാരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. 84 പേരിൽ നടത്തിയ പഠനത്തിൽ നിന്നു സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടിയിരുന്നവരിലാണ് ഉറക്കപ്രശ്നങ്ങൾ കണ്ടെത്തിയത്. ശരിയായ ഉറക്കം ലഭിക്കാത്തവരിലും കൂടുതൽ സമയം ഉറങ്ങുന്നവരിലും കോർട്ടിസോളിന്റെ അളവു കൂടുതലായിരുന്നു. കോർട്ടിസോളിന്റെ അളവുകൂടുമ്പോൾ മാനസികപിരിമുറുക്കം വർദ്ധിക്കും. ഇത് ഉറക്കത്തെ ബാധിക്കും.

ഒരുപാടു സമയം ഉറങ്ങുന്നതും ശരിയായ ഉറക്കം ലഭിക്കാത്തതും നല്ല ഉറക്കത്തിന്റെ ലക്ഷണമല്ലെന്ന് സിൽവി പറയുന്നു. ഓൺലൈൻ ജേർണലായ സൈക്കോളജി ആൻഡ് ബിഹേവിയർ ആണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.