നേത്രദാനം മഹാദാനം

ഇന്ന് ലോക കാഴ്ച ദിനം. കണ്ണുള്ളവന് കണ്ണിന്റെ വിലയറിയില്ല എന്നു പറയുന്നത് എത്ര സത്യമാണ്. അത് ഇല്ലാതാകുമ്പോഴേ നമ്മൾ കണ്ണിന്റെ വില മനസിലാക്കൂ. നേത്രദാനത്തെക്കുറിച്ച് പലരും വാ തോരാതെ പ്രസംഗിക്കും. പക്ഷേ ഇതിൽ എത്ര പേർ അതിനുവേണ്ടി തയാറായിട്ടുണ്ടാകും? നേത്രദാന സമ്മതപത്രം എഴുതികൊടുത്തിട്ടുണ്ടെങ്കിൽ പോലും മരണസമയത്ത് പലപ്പോഴും ബന്ധുക്കൾ നേത്രദാനത്തിന് മുൻകയ്യെടുത്ത് സമയത്ത് ഐ ബാങ്കിനെ അറിയിക്കുന്നില്ല. അതുപോലെ എവിടെ അറിയിക്കണം, ആരെ അറിയി‌ക്കണം എന്ന് അറിയാതെയും നേത്രദാനം പലപ്പോഴും നടക്കാതെ പോകുന്നു. ഒരു കോടിയോളം ആളുകൾ ഭാരതത്തിൽ ഒരു വർഷം മരിക്കുന്നുണ്ട്. അതിൽ ഇരുപത്തയ്യായിരത്തോളം പേർ മാത്രമാണ് കണ്ണുകൾ ദാനം ചെയ്യുന്നത്. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളം ഒരു വർഷം 1500 ഓളം കണ്ണുകൾ എടുക്കുമ്പോൾ നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട് പന്ത്രണ്ടായിരത്തിലധികം കണ്ണുകൾ എടുക്കുന്നുണ്ട്. നമ്മൾ കുറെക്കൂടി നേത്രദാനരംഗത്ത് ഉണർന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.

മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നതിനെയാണ് നേത്രദാനം എന്ന് പറയുന്നത്. മരണശേഷം മാത്രമേ കണ്ണുകൾ ദാനം ചെയ്യാൻ കഴിയൂ. ഏറിയാൽ ആറു മണിക്കൂറിനുള്ളിൽ കണ്ണുകൾ(കോർണിയ) എടുത്ത് പ്രത്യേകം ലായനിയിൽ സംരക്ഷിച്ചാൽ രണ്ട് അന്ധർക്ക് കാഴ്ച നൽകാവുന്നതാണ്. മൃതദേഹത്തിൽ നിന്ന് കണ്ണിന്റെ കോർണിയ എടുക്കുന്നതിന് പത്ത് മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ. മൂന്ന് വയസിനുമേൽ പ്രായമുള്ളവർക്ക് നേത്രദാനം നടത്താവുന്നതാണ്. കണ്ണട ധരിക്കുന്നവർക്കും തിമിരശസ്ത്രക്രിയ കഴിഞ്ഞവർക്കും കണ്ണുകൾ ദാനം ചെയ്യാൻ കഴിയും. എന്നാൽ കണ്ണിലെ കാൻസർ, ഹെപ്പറ്റൈറ്റിസ് ബി, സി വയറസ്, എയ്ഡ്സ്, പേവിഷബാധ, രക്താർബുദം മുതലായ അസുഖങ്ങൾ ബാധിച്ചു മരിച്ചവരുടെ കണ്ണുകൾ ഉപയോഗിക്കാൻ കഴിയില്ല.

ആദ്യമൊക്കെ കണ്ണ് മുഴുവനായിട്ടാണ് എടുത്തിരുന്നത്. അങ്ങനെയെടുക്കുന്ന കണ്ണുകൾ ഒരു ദിവസം മാത്രമേ സൂക്ഷിച്ചു വയ്ക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ കണ്ണിലെ കോർണിയ മാത്രമാണ് എടുക്കുന്നത്. അത് പ്രത്യേകം ലായനിയിലിട്ട് പതിനാലു ദിവസം വരെ സൂക്ഷിച്ച് വയ്ക്കാൻ കഴിയും.

കണ്ണിലെ കോർണിയ മാത്രം എടുക്കുന്നതുകൊണ്ട് മുഖത്തിന് വ്യത്യാസമൊന്നും വരുന്നില്ല. മൃതശരീരം എവിടെയാണെങ്കിലും ഐ ബാങ്ക് ടീം അവിടെയെത്തി കണ്ണുകൾ എടുക്കുന്നതാണ്. നേത്രദാനം ചെയ്യുന്നതിന് വീട്ടുകാർക്ക് പ്രത്യേകിച്ച് ചെലവുമില്ല. ഐ ബാങ്കിനെ അറിയിച്ചാൽ ഐ ബാങ്ക് ടീം എത്തി കണ്ണുകൾ എടുക്കുന്നതാണ്. ഐ ബാങ്കിന്റെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭ്യമാണ്. നേത്രദാനം ചെയ്യാൻ മുൻകൂട്ടി സമ്മതപത്രം കൊടുക്കണമെന്നില്ല മരിച്ചയാളുടെ ബന്ധുക്കളുടെ സമ്മതമാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ഭാരതത്തിൽ ഏകദേശം ഒരു ലക്ഷത്തോളം കണ്ണുകളാണ് ഒരു വർഷം വേണ്ടത്. എന്നാൽ ഇപ്പോൾ ലഭിക്കുന്നത് 50,000ത്തോളം കണ്ണുകൾ മാത്രമാണ്. അതുകൊണ്ട് നേത്രപടല അന്ധത ബാധിച്ചവരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണ്. ലക്ഷക്കണക്കിന് ആളുകൾ നമ്മുടെ നാട്ടിൽ കണ്ണിനായ് കാത്തിരിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങൾക്കും, തെറ്റിദ്ധാരണകൾക്കും അടിമപ്പെടാതെ വിവേകത്തോടെ യഥാസമയത്ത് എടുക്കുന്ന തീരുമാനം നിരവധിപേരെ വെളിച്ചത്തിലേയ്ക്ക് നയിക്കാൻ സാധിക്കും. അന്ധത ഒരു സാമൂഹികപ്രശ്നമാണെന്ന് കരുതി സമൂഹത്തെ സേവിക്കേണ്ടത് നമ്മുടെ കടമയാണെന്ന് മനസിലാക്കി പ്രവർത്തിക്കാൻ നമ്മൾ തയാറാവണം അപ്പോൾ മാത്രമേ നമുക്ക് നേത്രദാനരംഗത്ത് കൂടുതൽ പ്രവർത്തിക്കാൻ കഴിയൂ

ഡോ. ടോണി ഫെർണാണ്ടസ്

ചെയർമാൻ ദർശന ഐ ബാങ്ക്

ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ, പാലാരിവട്ടം