ഉച്ചയ്ക്കെന്തു കഴിക്കാം? പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക്

മലയാളിക്ക് ഉച്ചയൂണെന്നു പറഞ്ഞാൽ ചോറും നാലുകൂട്ടം കറിയും അച്ചാറും പപ്പടവും കൂട്ടിയുള്ള വിഭവസമൃദ്ധമായ ഭക്ഷണമാണ്. ഇറച്ചിയോ മീനോ നിർബന്ധമാണു പലർക്കും. ഓഫിസിൽ പോകുമ്പോഴും ഇതെല്ലാം പൊതിഞ്ഞുകെട്ടിയെടുത്താണു പോകുക. പ്രമേഹം ബാധിച്ചവരും ഉച്ചയൂണിന്റെ കാര്യത്തിൽ പിശുക്കു കാണിക്കാറില്ല. 

എന്നാൽ പ്രമേഹരോഗികൾ ഉച്ചനേരത്ത് ഊണിനു പകരം മറ്റു ചില ഡയറ്റ് വിഭവങ്ങൾ പരീക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഉച്ചനേരത്ത് ശീലമാക്കാവുന്ന ചില ആരോഗ്യവിഭവങ്ങൾ ചുവടെ.

1. വെജിറ്റബിൾ സാലഡ്– ഉച്ചയ്ക്ക് സാലഡോ എന്നു നിരാശപ്പെടാൻ വരട്ടെ. വിവിധയിനം പച്ചക്കറികൾ കൊണ്ട് ഈ സാലഡ് രുചികരമാക്കാം. തക്കാളി, വെള്ളരിക്ക, കോവയ്ക്ക, സവാള, കാരറ്റ്, കാബേജ്, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ ചെറുതായി അരിഞ്ഞ് അൽപം നാരങ്ങാനീരും ഉപ്പും ചേർത്ത് ടിഫിൻ ബോക്സിൽ കരുതിക്കോളൂ. 

2. സാൻഡ്‌വിച്ച്– പച്ചക്കറികൾ കൊണ്ടും മുട്ട, ഇറച്ചി എന്നിവ ചേർത്തും സാൻഡ്‌വിച്ച് തയാറാക്കാം. ബേക്കറിയിൽനിന്നു സാൻഡ്‌വിച്ച് ബ്രഡ് വാങ്ങുക. പച്ചക്കറികൾ ചെറുതായരിഞ്ഞ് പാതിവേവിച്ചോ പച്ചയ്ക്കോ അൽപം മയണീസ് ചേർത്ത് ഫില്ലിങ് തയാറാക്കാം. ഇറച്ചി എല്ലില്ലാതെ വേവിച്ച് നോൺവെജ് ഫില്ലിങ് നൽകാം.പച്ചക്കറികൾക്കൊപ്പം മുട്ടയും പരീക്ഷിക്കാം.

3. സൂപ്പ്– കാച്ചിക്കുറുക്കിയ പോഷകപാനീയമാണ് ഓരോ സൂപ്പും. ടൊമാറ്റോ സൂപ്പ്, വെജ് സൂപ്പ്, ചിക്കൻ സൂപ്പ്, സ്വീറ്റ് കോൺ സൂപ്പ് അങ്ങനെ ഓരോ ദിവസവും വൈവിധ്യമാർന്ന സൂപ്പ് പരീക്ഷിക്കാം. ചൂടാറാതെ കഴിക്കണം. ഇതു നിങ്ങൾക്കു കൂടുതൽ ഉന്മേഷം നൽകും.

എല്ലാ ദിവസവും ഇങ്ങനെ വേണമെന്നില്ല. നാവിനു രുചികെടുമ്പോൾ ഇടയ്ക്ക് നാലുകൂട്ടം കറി കൂട്ടി ഊണു കഴിക്കുകയുമാവാം.

Read More : Health and Wellbeing