നട്സ് കഴിക്കൂ പൊണ്ണത്തടി അകറ്റാം

അമിതവണ്ണം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ബദാം, പിസ്ത, വാൾനട്ട്, നിലക്കടല തുടങ്ങിയ അണ്ടിപ്പരിപ്പ് വർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം അമിതഭാരവും പൊണ്ണത്തടിയും വരാനുള്ള സാധ്യതയും കുറയ്ക്കുന്നുവെന്ന് ഗവേഷകർ.

അണ്ടിപ്പരിപ്പുകൾ കഴിക്കാത്തവരെ അപേക്ഷിച്ച് ഇവ കഴിക്കുന്നവരിൽ ശരീരഭാരം കൂടുന്നില്ല. പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത 5 ശതമാനം കുറയ്ക്കാനും ഇവയ്ക്കാകും.

ധാരാളം ഊർജ്ജം അടങ്ങിയ കൊഴുപ്പ് കൂടിയ ഭക്ഷണമായാണ് പലരും അണ്ടിപ്പരിപ്പ് വർഗങ്ങളെ കരുതുന്നത്. ഈ പഠനഫലം ഇതിനു വിരുദ്ധമാണ്. യു എസിലെ കാലിഫോർണിയയിലെ ലോമ ലിൻഡ സർവകലാശാല ഗവേഷകർ പറയുന്നു.

അണ്ടിപ്പരിപ്പ് വർഗങ്ങളിൽ ഊർജ്ജം, നല്ല കൊഴുപ്പുകൾ, മാംസ്യം, ജീവകങ്ങൾ, ധാതുക്കൾ, ഫൈറ്റോകെമിക്കലുകൾ ഇവയെല്ലാം ധാരാളം അടങ്ങിയിരിക്കുന്നു. പ്രായമായവരിൽ ഓർമശക്തിയേകാനും ആരോഗ്യത്തിനും ഇവ നല്ലതാണ്.

പഠനത്തിനായി പത്ത് യൂറോപ്യൻ രാജ്യങ്ങളിലെ 25 നും 40 നും ഇടയിൽ പ്രായമുള്ള 323000 പേരുടെ ഭക്ഷണവും ജീവിതശൈലിയും വിശകലനം ചെയ്തു. യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.