വേനലിൽ കഴിക്കാം ഈ പഴങ്ങൾ

വേനൽ കടുത്തു തുടങ്ങി. നിർജലീകരണത്തിൽ നിന്നും ത്വക് രോഗങ്ങളിൽ നിന്നും വൈറ്റമിനുകളുടെ അഭാവം മൂലനുണ്ടാകുന്ന രോഗങ്ങളിൽ നിന്നും രക്ഷനേടാൻ പഴങ്ങളെ ആശ്രയിക്കാം.

തണ്ണിമത്തൻ

വേനലിൽ തണ്ണിമത്തൻ ധാരാളമായി കഴിക്കാം. 92 ശതമാനവും വെള്ളം നിറഞ്ഞിരിക്കുന്ന തണ്ണിമത്തനിൽ ധാരാളം വൈറ്റമിൻ സിയും വൈറ്റമിൻ എയും അടങ്ങിയിട്ടുണ്ട്. ദാഹം ശമിപ്പിക്കാനും ശരീരത്തെ തണുപ്പിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും തണ്ണിമത്തനു കഴിയും.

പൈനാപ്പിൾ

കടുത്ത ചൂടിൻ നിന്ന് സംരക്ഷണം നേടാൻ പൈനാപ്പിളിനെ ആശ്രയിക്കാം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ആൻറിഓക്സിഡൻറ്സും പ്രോട്ടീനുകളും ശരീരത്തെ കടുത്ത ചൂടിൽ നിന്നു സംരക്ഷിക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ക്ഷീണമകറ്റാനും പൈനാപ്പിള്‍ സഹായിക്കും.

മാമ്പഴം

ജ്യൂസായും നേരിട്ടും എങ്ങനെയായാലും മാമ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിനും വൈറ്റമിൻ സിയും വൈറ്റമിൻ എയുമെല്ലാം വേനൽക്കാല രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകും.

പപ്പായ

ശരീരത്തിലെ ചൂടു കുറയ്ക്കാൻ പപ്പായയെ കൂട്ടു പിടിക്കാം. സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പകറ്റാനും ചർമ്മം തിളങ്ങാനും പപ്പായ നീരു സഹായിക്കും. വേനലിൽ ദിവസവും പപ്പായ ജ്യൂസ് കുടിക്കുന്നത് ചൂടു ശമിപ്പിക്കാൻ സഹായിക്കും.

ഓറഞ്ച്

ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ വേനലിൽ ഓറഞ്ചു ശീലമാക്കാം. വ്യായാമം ചെയ്തുകഴിഞ്ഞുള്ള സന്ധിവേദനക്കു ശമനം നൽകാനും ഓറഞ്ചിൽ ധാരാളമടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായിക്കും.

പാഷൻ ഫ്രൂട്ട്

രണ്ടു വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ളതിൽ കൂടുതൽ പൊട്ടാസ്യം ഒരു പാഷൻ ഫ്രൂട്ടിലുണ്ട്. ഇതിൽ ധാരാളം നാരുകളും വൈറ്റമിൻ എയും അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കൂട്ടാനും കൊണസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും പാഷൻ ഫ്രൂട്ടിനു കഴിയും.

കരിക്ക്

ധാരാളം വൈറ്റമിനുകളും മിനറൽസുമടങ്ങിയ കരിക്കിൻ വെള്ളം വേനലിൽ ധാരാളമായി കുടിക്കാം. ചൂടു ശമിപ്പിക്കാനും ജലാംശം നിലനിർത്താനും ഉൻമേഷം വർദ്ധിപ്പിക്കാനും ഇതു സഹായിക്കും.