അറിഞ്ഞു കഴിക്കണം പഴങ്ങൾ

fruits
SHARE

ധാന്യാഹാരം കഴിച്ചു കഴിഞ്ഞാൽ അതു ദഹിക്കാൻ സാധാരണ ഗതിയിൽ അഞ്ചു മണിക്കൂർ വേണം. പഴങ്ങൾക്ക് ദഹിക്കാൻ അത്രയും സമയം വേണ്ട. ഒന്നര മണിക്കൂർ ധാരാളം മതി. അതുകൊണ്ട് പഴങ്ങൾ കഴിക്കുമ്പോൾ അതുമാത്രം കഴിക്കണം. മറ്റു ഭക്ഷണങ്ങളുടെ കൂടെ കഴിക്കാനുള്ളതല്ല പഴങ്ങൾ. രണ്ടും ഒരുമിച്ചു കഴിക്കുമ്പോൾ, അവയ്ക്ക് രണ്ടിനും രണ്ടു ദഹനസമയങ്ങളാണ് വേണ്ടതെന്നതിനാൽ, വയർ അസ്വസ്ഥമാകും. പുളിച്ചുതികട്ടലും ഗ്യാസും ദഹനക്കേടുമൊക്കെ വരാം. 

‘‘എന്റെ മാഷേ, പാളയൻകോടൻപഴം കഴിക്കാൻ പറയല്ലേ? ഭയങ്കര ഗ്യാസാ’’ എന്ന് ഒരപാടുപേർ പറയാറുണ്ട്. ഊണു കഴിഞ്ഞയുടനെ പാളയൻകോടനല്ല ഏതു പഴം കഴിച്ചാലും ഇതുതന്നെയായിരിക്കും ഫലം. ഊണു കഴിഞ്ഞയുടനെ ചക്കപ്പഴം കഴിച്ചാൽ ചിലർക്ക് സഹിക്കാനാവാത്ത വയറുവേദന വരും. കാരണമെന്ത്? ചോറിനും, ചക്കപ്പഴത്തിനും ദഹനത്തിനാവശ്യമായ സമയം വളരെ വ്യത്യസ്തമാണ്. അതേസമയം വെറുംവയറ്റിൽ വയറുനിറച്ച് ചക്കപ്പഴം കഴിച്ചോളൂ, ഒരു പ്രശ്നവുമുണ്ടാകുകയില്ല.

പഴങ്ങൾ കഴിക്കുമ്പോൾ അവ മാത്രം കഴിക്കുക. മറ്റൊന്നും കൂടെ കഴിക്കരുത്. പല ഇനം പഴങ്ങൾ വേണമെങ്കിൽ ഒരുമിച്ച് കഴിക്കാം, ഒരു ദോഷവുമില്ല. ഞങ്ങൾ ഭക്ഷണത്തെക്കുറിച്ചുള്ള സെമിനാറുകളിൽ രാവിലെ ഒരു ഫ്രൂട്ട് സാലഡ് മാത്രമാണ് നൽകുന്നത്. അതിൽ റോബസ്റ്റയോടൊപ്പം ഏത്തപ്പഴമുണ്ടാവും, തേങ്ങയും ഈന്തപ്പഴവും ശർക്കരയും ഉണ്ടാവും. നമുക്കിഷ്ടമുള്ള ഏതു പഴവും ചേർക്കാം. പേരയ്ക്കയോ ആപ്പിളോ മാമ്പഴമോ അരിഞ്ഞു ചേർക്കാം, രുചി കൂടുകയേയുള്ളൂ. വയറിന് നല്ല സുഖമായിരിക്കും. സ്വാദിന് അൽപ്പം തേൻ കൂടി ചേർത്താൽ ഉഷാർ. പേരയ്ക്ക, കപ്പളങ്ങ, സപ്പോട്ട എന്നിവ നമ്മുടെ വീട്ടിൽതന്നെ ഉണ്ടാകുന്ന പഴങ്ങളാണ്. യാതൊരു വളകീടനാശിനി പ്രയോഗങ്ങളും ഉണ്ടാവാറില്ല എന്ന മെച്ചവും ഇവയ്ക്കുണ്ട്. യഥേഷ്ടം ഉപയോഗിക്കാം. പേരയ്ക്ക, സപ്പോട്ട, നാടൻ മാമ്പഴം എന്നിവ തൊലിയോടുകൂടിത്തന്നെ കഴിക്കണം.

‘രാവിലെ പഴങ്ങൾ മാത്രം കഴിച്ച് ഓഫിസിൽ പോയാൽ വിശക്കില്ലേ? ‘‘ഇനി ഉച്ചയ്ക്ക് പഴങ്ങളാക്കാമെന്നു കരുതിയാൽ വൈകുന്നേരമാകുമ്പോഴേക്കും കുടലു കരിയും’ എന്നൊക്കെ ഒരുപാടു പേർ എന്നോടു പറഞ്ഞിട്ടുണ്ട്. അവർ പറയുന്നത് ശരിയാണ്. എന്നാൽ ഈ വിശപ്പും, കുടൽ കരിയലും ഏറിയാൽ നാലോ അഞ്ചോ ദിവസത്തേക്കു മാത്രമായിരിക്കും എന്ന് അവർ മനസ്സിലാക്കുകയില്ല.

എന്തുകൊണ്ടായിരിക്കും ഇങ്ങനെ വിശപ്പു വരുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ? കാരണം മറ്റൊന്നുമല്ല, ഞാൻ ആദ്യം പറഞ്ഞതുപോലെ ഭക്ഷണം ഒരു ശീലം മാത്രമാണെന്നതുതന്നെ. ഏഴുനേരം ഭക്ഷിക്കുന്നയാൾ അത് മൂന്നു നേരമാക്കി ചുരുക്കിയാലും ഇടനേരങ്ങളിൽ വിശക്കുന്നത് അതുകൊണ്ടാണ്. പുതിയ ഭക്ഷണക്രമം ശരീരത്തിന് ശീലമാകാൻ കുറച്ചു ദിവസങ്ങൾ എടുക്കും. ചിലർക്ക് രണ്ടു ദിവസം മതിയാകും. മനസ്സുകൊണ്ട് പഴയ ശീലത്തെ ഇഷ്ടപ്പെടുന്നവർക്ക് ചിലപ്പോൾ ഒരാഴ്ചയോ അതിൽ കൂടുതലോ വേണ്ടിവന്നേക്കാം.

ശീലം ഒന്നു മാറ്റിയാലോ?

എന്താണ് ശീലം എന്നതുകൊണ്ട് അർഥമാക്കുന്നത്? നമ്മൾ ദിവസം തോറും ചെയ്യുന്നതാണ് ശീലം. രാവിലെ പഴം കഴിക്കുന്നതാണ് ശീലമെങ്കിൽ, ഉച്ചയ്ക്ക് ഒരു മണിക്കേ ഉണ്ണാറുള്ളൂവെങ്കില്‍ അതിനിടയിൽ വിശക്കുകയില്ല. ശരീരം അതിനനുസൃതമായി പ്രവർത്തനങ്ങളെ സ്വയം ക്രമീകരിച്ചുകൊള്ളും. ഞാൻ എല്ലാ ദിവസവും രാവിലെ പഴങ്ങളാണ് കഴിക്കുന്നത്. പഴങ്ങളോടൊപ്പം ചിലപ്പോൾ തേങ്ങയോ കശുവണ്ടിയോ കാണും. ഉച്ചയ്ക്ക് ഒരുമണിക്കും ഒന്നരയ്ക്കും ഇടയിലാണ് ഊണ്. ആ സമയമാകുമ്പോൾ വിശക്കാന്‍ തുടങ്ങും. അതിനുമുമ്പ് വിശപ്പേയില്ല. കാരണം ഇത് വർഷങ്ങളായുള്ള ശീലം ആണെന്നതു തന്നെ. 

എന്റെ മകൻ കോളജ് വിദ്യാർഥിയാണ്. രാവിലെ നാലുമണിക്കും അഞ്ചുമണിക്കും ഇടയില്‍ എഴുന്നേല്‍ക്കും. പഠനവും പ്രഭാതകൃത്യങ്ങളും കഴിഞ്ഞ് ഏഴരയോടെ കോളജിൽ പോകണം. എട്ടുമണിക്കാണ് ക്ലാസ്. കുറച്ചു പഴങ്ങൾ മാത്രം കഴിച്ചിട്ടാണ് രാവിലെ ഇറങ്ങുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ക്ലാസുകഴിഞ്ഞാൽ ഒരുമണിയോടെ വീട്ടിലെത്തും. ക്ലാസ് നീണ്ടു പോകുന്ന ദിവസങ്ങളിൽ രണ്ടുമണികഴിയും വീട്ടിലെത്താൻ. രാവിലെ മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയുള്ള പത്തു മണിക്കൂറിനിടയിൽ ആകെ കഴിച്ച ഭക്ഷണം കുറച്ചു പഴങ്ങൾ മാത്രം. കുറെ കാലമായി അവന്റെ ശീലമാണിത്. ഇടയ്ക്ക് വിശക്കാറില്ല. മറ്റെന്തെങ്കിലും കഴിക്കണമെന്ന് തോന്നാറില്ല.

ചിലർ ചോദിക്കാറുണ്ട് ‘‘മോനെ പട്ടിണിക്കിട്ടാണോ സാർ വളർത്തിയത്?’’ ഒരിക്കലുമല്ല. അവൻ സ്വയം തിരഞ്ഞെടുത്ത ശീലമാണിത്. അത് മാറ്റണമെന്ന് അവന് തോന്നാറുമില്ല. അത് അവന് ഒരു ബുദ്ധിമുട്ടല്ല, മറിച്ച് ആരോഗ്യകരമായ ശീലമാണ്.

ഓഫീസ് ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഇത് ശരിയാകുമോ എന്നു ചോദിച്ചേക്കാം. നിങ്ങൾ ഒരു കാര്യം ചെയ്യുക, രാവിലെ വീട്ടിൽ നിന്ന് ധാന്യാഹാരം കഴിച്ചശേഷം ഉച്ചയ്ക്കു കഴിക്കാൻ കുറച്ചു പഴങ്ങള്‍ കൊണ്ടുപോവുക. ഒരാഴ്ചയോ പത്തു ദിവസമോ കഴിയുമ്പോൾ അതു നിങ്ങൾക്കു ശീലമായിക്കഴിഞ്ഞു. അപ്പോൾ അതിൽ നിന്നു കിട്ടുന്ന ഊർജവും സുഖവും ആരോഗ്യവും മനസ്സിലായിത്തുടങ്ങും. ആദ്യ ദിവസങ്ങളിൽ ചെറിയ ബുദ്ധിമുട്ടു തോന്നിയേക്കാം.

ഇതു പറ്റാത്തവർ രാവിലെ പഴങ്ങൾ കഴിച്ച് ഉച്ചയ്ക്ക് ധാന്യാഹാരം കഴിക്കുക. അതുമല്ലെങ്കില്‍ രാവിലെയും ഉച്ചയ്ക്കും ധാന്യാഹാരം കഴിച്ച് അത്താഴം പഴങ്ങൾ മാത്രമാക്കുക. വൈകിട്ട് ഓഫിസിൽ നിന്ന് വീട്ടിലെത്തുമ്പോൾ നന്നായി ആഹാരം കഴിച്ച് രാത്രി പഴങ്ങൾ കഴിക്കുക എന്നല്ല ഇതുകൊണ്ട് അർഥമാക്കുന്നത്. വൈകുന്നേരവും രാത്രിയും കൂടി ഒരു നേരം കഴിച്ചാൽ മതി. അതു പഴങ്ങള്‍ മാത്രമാവട്ടെ. ഒന്നു രണ്ടു ദിവസത്തേക്ക് രാത്രിയിൽ ഉറക്കം വരുന്നില്ലെന്നു തോന്നും. അർധരാത്രിയിൽ ഉണർന്ന് എന്തെങ്കിലും കഴിച്ചാൽ കൊള്ളാമെന്ന് തോന്നാനിടയുണ്ട്. പക്ഷേ രണ്ടു ദിവസം കഴിഞ്ഞാൽ ഈ വിചാരമൊക്കെ വെറും തോന്നലായിരുന്നെന്ന് തിരിച്ചറിയും. ശരീരത്തിന് യഥാർഥത്തിൽ അത്രയും ഭക്ഷണം ആവശ്യമില്ലായിരുന്നു എന്ന് മനസ്സിലാകും പുതിയ ആഹാരക്രമം ശീലമായിക്കഴിഞ്ഞാൽ ഉറക്കം പഴയതിനേക്കാൾ സുഖകരമായിത്തീരും. രാവിലെ ശോധന സുഖകരമായിത്തീരും, ക്ഷീണമില്ലാതെ രാവിലെ മുതൽ ജോലി ചെയ്യാനുള്ള ഊർജം ശരീരത്തിനുണ്ടായിരിക്കും. അത്രയുമാകുമ്പോൾ മനസ്സിനും കൂടുതൽ സുഖം അനുഭവപ്പെടാൻ തുടങ്ങും.

പഴങ്ങൾ കഴിക്കുമ്പോൾ പറ്റുന്ന രീതിയിലെല്ലാം വൃത്തിയാക്കിയ ശേഷം കഴിക്കാം. ഉപ്പുവെള്ളത്തിൽ ഇട്ടുവയ്ക്കാം, ചെറുചൂടുവെള്ളത്തിൽ കഴുകാം, പൈപ്പിനടിയിൽ കുറച്ചു നേരം പിടിച്ച് കഴുകാം. ഈ പഴങ്ങളോടൊപ്പം കശുവണ്ടി, നിലക്കടല, തേങ്ങ പോലുള്ള അണ്ടിവർഗങ്ങൾ  കഴിക്കാവുന്നതാണ്. കാരണം അവയുടെ ദഹനസമയവും ഏകദേശം പഴങ്ങളോട് സാമ്യമുള്ളതാണ്. അണ്ടിവർഗങ്ങളിൽ ഏറ്റവും ഉത്തമം ഏതാണെന്നു ചോദിച്ചാൽ തേങ്ങയാണ് എന്നു പറയേണ്ടിവരും. തേങ്ങ ഒരേ സമയം പഴമാണ്, അണ്ടിവർഗമാണ്, ധാന്യമാണ് പച്ചക്കറിയുമാണ്.

ഡ്രൈ ഫ്രൂട്സ് അഥവാ ഉണങ്ങിയ പഴങ്ങള്‍ ഇതിനോടൊപ്പം കഴിക്കാം. പ്രകൃതിയിലെ ഊർജത്തിന്റെ സ്രോതസ്സായ സൂര്യൻ തന്നെ സ്വയം പാചകം ചെയ്തുണക്കിയ പഴങ്ങളാണവ. അവയുടെ ജലാംശം ഏതാണ്ട് മുഴുവനായും നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കും. പോഷകങ്ങളുടെ ഒരു കോൺസൻട്രേറ്റ് ആണ് ഡ്രൈ ഫ്രൂട്സ്. അതുകൊണ്ട് അമിതമായി കഴിക്കാതിരിക്കുക. അല്‍പ്പം പിശുക്കോടെ അവയും സാധാരണ പഴങ്ങളോടൊപ്പം കഴിക്കാം. വയർ നിറയുവോളം കഴിക്കാനുള്ളതല്ല ഡ്രൈ ഫ്രൂട്സ് എന്നു സാരം. എന്നാൽ ഉണങ്ങാത്ത സാധാരണ പഴങ്ങൾ എത്ര കഴിച്ചാലും അത് അമിതമാവുകയില്ല. കാരണം നമുക്ക് പഴങ്ങൾ ഒരു അളവുവരെ മാത്രമേ കഴിക്കാൻ സാധിക്കൂ. എന്നാൽ മസാലയും മറ്റു രുചിവസ്തുക്കളും ചേർത്ത ഭക്ഷണമാണെങ്കിൽ വയർ നിറയെ കഴിക്കും. അതാണ് കൃത്രിമ രുചിയും പ്രകൃത്യാലുള്ള രുചിയും തമ്മിലുള്ള വ്യത്യാസം. ‘‘എന്നാലും എത്ര പഴം കഴിക്കണം’’ എന്ന് ഒരാൾ ചോദിച്ചു. ഞാൻ പറഞ്ഞു, ‘‘നിങ്ങൾക്ക് പറ്റുന്ന അളവിൽ കഴിച്ചുകൊള്ളൂ. ‘‘അത്രയുമേ ഇക്കാര്യത്തിൽ നിഷ്കർഷിക്കേണ്ട ആവശ്യമുള്ളൂ എന്നു ചുരുക്കം.

വിവരങ്ങൾക്കു കടപ്പാട്: എൻ. വെങ്കിടകൃഷ്ണൻ പോറ്റിയുടെ നല്ല ഭക്ഷണ ശീലങ്ങൾ ബുക്ക്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA