കട്ടന്‍ചായ കുടിച്ചോളൂ...ഗുണങ്ങളേറെ

വെള്ളം തിളപ്പിച്ച്‌ കുറച്ചു തേയിലപ്പൊടിയും പഞ്ചസാരയും ചേര്‍ത്താല്‍ കട്ടന്‍ ചായയായി. രുചിക്കല്‍പ്പം ഏലയ്ക്കയും മേമ്പോടിക്ക് ഒരിത്തിരി മുഹബ്ബത്തും ചേര്‍ത്താല്‍ സംഗതി ഉഷാര്‍. രുചിയില്‍ മാത്രമല്ല ഗുണത്തിലും ഒട്ടും പിന്നിലല്ല ‘കട്ടന്‍’

ഹൃദയാരോഗ്യം

ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ കട്ടന്‍ ചായയ്ക്കുള്ള കഴിവ് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആന്റി ഓക്സിഡന്റ് ആയ ഫ്ലവനോയിഡുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കുക മാത്രമല്ല ഹൃദയ ധമനികളുടെയും രക്തക്കുഴലുകളുടെയും ആരോഗ്യവും കാക്കുന്നു. തേയിലയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും മാംഗനീസും ഹൃദയപേശികള്‍ക്കു ബലം നല്‍കുന്നു.

കാന്‍സറിനെ പ്രതിരോധിക്കും

തേയിലയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍, കാന്‍സറിനു കാരണക്കാരായ കാർസിനോജനുകളെ തടയുന്നു. ട്യൂമറുകളെ പ്രതിരോധിക്കാനും കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന tf-2 എന്ന ഘടകം സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

തലച്ചോറിനും ഞരമ്പുകള്‍ക്കും ഉണര്‍വേകുന്നു

തേയിലയില്‍ കാണപ്പെടുന്ന അമിനോആസിഡ് ആയ L-തിയനീന്‍ ഏകാഗ്രത കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു മാസം തുടര്‍ച്ചയായി നാലു കപ്പ്‌ കട്ടന്‍ചായ കുടിക്കുന്നത്, സ്ട്രെസ്സ് ഹോര്‍മോണ്‍ അയ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കും. ഓര്‍മയ്ക്കു നല്ലതാണെന്ന് മാത്രമല്ല കേന്ദ്ര നാഡീവ്യുഹത്തെ ബാധിക്കുന്ന പാര്‍ക്കിന്‍സന്‍സ് രോഗത്തെ പ്രതിരോധിക്കാനും കട്ടന്‍ ചായയ്ക്കു കഴിവുണ്ടെന്നു പഠനങ്ങള്‍ പറയുന്നു.

എല്ലിനും പല്ലിനും ഗുണം

ചായയില്‍ അടങ്ങിയിരിക്കുന്ന catechin വായിലുണ്ടാകുന്ന കാൻസ‌റിനെ പ്രതിരോധിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ടാനിനും പോളിഫിനോളും ഫ്ലൂറൈഡും ദന്തക്ഷയവും വായ് നാറ്റവും ചെറുക്കുന്നു. രണ്ടു കപ്പ്‌ ചായയില്‍ 1.5 മില്ലി ഗ്രാം ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്.

ദഹനത്തിനും ഉത്തമം

ബിരിയാണിയോടൊപ്പം കട്ടന്‍ കുടിക്കുന്നത് കേരളത്തില്‍ പലരുടെയും ശീലമാണ്. ഇതിനു ശാസ്ത്രത്തിന്റെ പിന്തുണ ഉണ്ടെന്ന കാര്യം എന്നാല്‍ പലര്‍ക്കും അറിയില്ല . തേയിലയില്‍ അടങ്ങിയിരിക്കുന്ന ടാനിന്‍ ആണ് ദഹനത്തിനു സഹായിക്കുന്നത്. ഗ്യാസ്ട്രബിളില്‍ ന്നിന്നും കുടല്‍രോഗങ്ങളില്‍ നിന്നും ടാനിന്‍ ദഹന വ്യവസ്ഥയെ സംരക്ഷിക്കുന്നു. ഇതുമാത്രമല്ല വയറിളക്കത്തിന് ആശ്വാസം നല്‍കാനും കട്ടന്‍ ചായയ്ക്കു കഴിയും.

ചര്‍മസൗന്ദര്യം കാക്കാനും കട്ടന്‍

വൈറ്റമിന്‍ ബി-12, സി, ഇ എന്നിവ മാത്രമല്ല ചര്‍മ സംരക്ഷണത്തിനു സഹായിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എനിവ ധാരാളമുണ്ട് കട്ടനില്‍. ചര്‍മത്തില്‍ ചുളിവുകളും മുഖക്കുരുവും വരാതെ കാക്കാനും ചായയ്ക്കു കഴിവുണ്ട്. സൂര്യാഘാതം കുറയ്ക്കാന്‍ തേയില വെള്ളം മുഖത്ത് പുരട്ടാം. അതുപോലെ ഉപയോഗിച്ച് കഴിഞ്ഞ ടീബാഗുകള്‍ കൊണ്ടു കൺതടങ്ങളിലെ കറുപ്പ് അകറ്റാനും സാധിക്കും.

മുടിയഴകിനും

കട്ടനില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും കഫീനും ആണ് മുടിയുടെ രക്ഷകര്‍. മുടിയുടെ വളര്‍ച്ച കൂട്ടാനും കൊഴിച്ചില്‍ തടയാനും ഇവ സഹായിക്കും.