മുട്ട ആരോഗ്യ ഭക്ഷണമോ ?

കുറഞ്ഞ സമയത്തിനുള്ളിൽ തയാറാക്കാവുന്ന രുചികരവും പോഷക പ്രധാനവുമായ ഒരു ഭക്ഷണമാണ് മുട്ട. മുട്ടയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അമിതവണ്ണമില്ലാത്ത കുട്ടികളുടെ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്താവുന്നതാണ്. പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മർദ്ദം, അമിതവണ്ണം, അമിത കൊളസ്ട്രോൾ എന്നിവ ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം. 35 വയസിനു മുകളിലുള്ളവർ ആഴ്ചയിൽ രണ്ടു മുട്ട കഴിച്ചാൽ മതി.

വാങ്ങുമ്പോൾ: കേടാകാത്ത മുട്ടയുടെ തോട് പരുക്കനായിരിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ ഉപ്പു കലർത്തി മുട്ട അതിലിടുക. അതു പൊങ്ങിക്കിടന്നാൽ മുട്ട കേടാണ്. പൊട്ടിച്ചു കഴിയുമ്പോൾ വെള്ളക്കരു വെള്ളം പോലെ വന്നാലും കേടായ മുട്ടയാണെന്നു കരുതാം. കേടായ മുട്ടയുടെ മഞ്ഞക്കരു പൊട്ടി വെള്ളയോടു യോജിച്ചിരിക്കും.

തയാറാക്കുമ്പോൾ: മുട്ട വൃത്തിയായി കഴുകി ഒരു സ്പൂൺ കൊണ്ടു വേണം പൊട്ടിക്കാൻ. മുട്ട പാകം ചെയ്യും മുൻപ് കൈകൾ വൃത്തിയായി കഴുകണം. 5—7 മിനിറ്റ് പുഴുങ്ങാം. മുട്ടയുടെ വെള്ളയും ഉണ്ണിയും നന്നായി ഉറയ്ക്കുന്നതു വരെ വേവിക്കുന്നതാണ് സുരക്ഷിതം.

സൂക്ഷിക്കുമ്പോൾ: പച്ചമുട്ട ഫ്രിഡ്ജിലെ നടുവിലെയോ താഴത്തെയോ തട്ടിൽ എഗ് ട്രേയിൽ പോഷകനഷ്ടമുണ്ടാകാതെ മൂന്ന് ആഴ്ചയോളംസൂക്ഷിക്കാം. പൊട്ടിച്ച മുട്ടയുടെ ശിഷ്ടഭാഗങ്ങൾ വായു കടക്കാത്ത പാത്രത്തിലാക്കി ഒരു ദിവസം ഫ്രീസറിൽ സൂക്ഷിക്കാം. പൊട്ടിച്ചു കഴിഞ്ഞ് രണ്ടു മണിക്കൂറിലേറെ സാധാരണ ചൂടിൽ സൂക്ഷിക്കരുത്.

പോഷക ഘടകങ്ങൾ: ജീവകം സി ഒഴികെ ഇരുമ്പ്, പൊട്ടാസ്യം, സോഡിയം, കാൽസ്യം, മഗ്നീഷ്യം എന്നീ ലവണങ്ങളും ജീവകം എ, ഡി, ബിയും മുട്ടയിലുണ്ട്. അന്നജം തീരെ കുറവാണ്. മാംസ്യം 12—14% വും കൊഴുപ്പ് 10—12%വും അടങ്ങിയിരിക്കുന്നു.

ജയശ്രീ എൻ. എസ്., സീനിയർ ഡയറ്റീഷ്യൻ, കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം.