Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൗവനം നിലനിർത്താൻ നാരങ്ങാ വെള്ളം

lime-juice

ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഇതുകൊണ്ടു ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ കുറച്ചുദിവസങ്ങൾക്കകം തന്നെ തിരിച്ചറിയാനാകും. ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ഇതു സഹായിക്കും. നാരങ്ങയിൽ ധാരാളം വൈറ്റമിൻ സിയും ബിയും അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും ആൻറിഓക്സിഡൻറ്സും പോട്ടാസ്യവും കാൽസ്യവും അയണും മഗ്നീഷ്യവുമെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.

നാരങ്ങായിൽ ധാരാളമടങ്ങിയിരിക്കുന്ന വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ജലദോഷം, പനി, തൊണ്ടവേദന, ചുമ എന്നിവയിൽ നിന്നു സംരക്ഷണം നൽകാനും ഇതു സഹായിക്കും. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ശരീരത്തിനാവശ്യമായ അയൺ ആഗീരണം ചെയ്യാനും നാരങ്ങയ്ക്കു കഴിയും.

ക്ഷീണമകറ്റി ഉൻമേഷം വീണ്ടെടുക്കാൻ നാരങ്ങാവെള്ളം കുടിച്ചാൽ മതി. നല്ലൊരു എനർജി ഡ്രിങ്കാണിത്. വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. എന്നാൽ പലർക്കും വെള്ളം തനിയെ കുടിക്കാൻ മടിയാണ്. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാൻ സഹായിക്കും.‌

ഇതിൽ അടങ്ങിയിരിക്കുന്ന ആൻറിഓക്സിഡൻറ്സ് ചർമത്തിലെ ചുളിവുകളകറ്റുകയും വിവിധതരം കാൻസറുകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഈ ആൻറി ഓക്സിഡൻറ്സ് സഹായിക്കും. ചർമത്തിലെ മൃതകോശങ്ങളകറ്റി യുവത്വം പ്രദാനം ചെയ്യാൻ നാരങ്ങയ്ക്കു കഴിയും.

തലച്ചോറിൻറെയും ഞരമ്പുകളുടെയും സുഗമമായ പ്രവർത്തനത്തിന് പൊട്ടാസ്യവും മഗ്നീഷ്യവും അത്യന്താപേക്ഷിതമാണ്. ഓർമശക്തി വർദ്ധിപ്പിക്കാനും മാനസിക സമ്മർദമകറ്റാനും നിരാശയകറ്റാനും നാരങ്ങാ വെള്ളത്തിനു കഴിയും. മാനസികപിരിമുറുക്കമുള്ള ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. വായിലെ ബാക്ടീരിയകളെ ചെറുക്കാനും നാരങ്ങായ്ക്കു കഴിവുണ്ട്.

ശരീരത്തിലെ സന്ധികളിലുണ്ടാകുന്ന നീർ‍ക്കെട്ടകറ്റാൻ നാരങ്ങായെ കൂട്ടുപിടിക്കാം. നീർക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്താക്കാൻ ഇതു സഹായിക്കും.ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും കരളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും ശരീരം മെലിയണമെന്നാഗ്രഹമുള്ളവർക്കും ധൈര്യമായി നാരങ്ങാ വെള്ളം കുടിച്ചു തുടങ്ങാം. നാരങ്ങാവെള്ളത്തിൻറെ ഗുണങ്ങൾ ഇപ്പോൾ മനസിലായില്ലേ. ഇനി മുതൽ നിങ്ങളുടെ ദിവസവും നാരങ്ങാവെള്ളത്തിൽ തുടങ്ങൂ...വ്യത്യാസം കണ്ടറിയാം....