ഐസ്ക്രീം: നല്ലതും ചീത്തയും

പാൽ, ക്രീം എന്നിവയോടൊപ്പം പഞ്ചസാര, ഗന്ധം, നിറം എന്നിവ ചേർത്തു തണുപ്പിച്ചുണ്ടാക്കുന്ന ഡെസേർട്ടാണ് ഐസ്ക്രീം. ചില തരങ്ങളിൽ പഴങ്ങൾ, നട്സ് എന്നിവയും ചേർക്കാറുണ്ട്. ചിലതിൽ സാധാരണ ഘടകങ്ങൾക്കു പുറമേ കൃത്രിമ നിറങ്ങളും ഗന്ധവും മധുരവും കൂടി ചേർക്കും. ഐസ്ക്രീം സ്റ്റിക്കുകളും പലഭാവത്തിൽ വിപണിയിലുണ്ട്.

ഓരോ രാജ്യത്തും ഐസ്ക്രീം പല നാമങ്ങളിൽ അറിയപ്പെടുന്നു. ഫ്രോസൺ കസ്റ്റാർഡ്, സോർബെറ്റ്, ജെലാറ്റോ, ഐസ്മിൽക്ക് മുതലായ നാമങ്ങൾ പലതരത്തിലുള്ള ഐസ്ക്രീമിനെ തരംതിരിക്കാനുപയോഗിക്കുന്നു. ഇവയിലടങ്ങിയിട്ടുള്ള ഭക്ഷണ ഘടകങ്ങളും പലതരമാണ്.

ഐസ്ക്രീം: നല്ലതും ചീത്തയും

വളരെ ഊർജദായകമായ ഒരു മധുരപദാർഥമാണിത്. ഒപ്പം പലതരം നല്ല പോഷകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, വിറ്റമിൻ എ, വീ വിറ്റമിനുകൾ, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയ്ക്കു പുറമേ കാത്സ്യവും. കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണെങ്കിലും മിതമായ ഉപയോഗം കുട്ടികളിലും കൗമാരക്കാരിലും ഹാനികരമല്ല.

അമിതമായാൽ വണ്ണം കൂട്ടും

എന്നാൽ അമിതമായി കഴിച്ചാൽ ഐസ്ക്രീം ചീത്തയാണ്. അതുകൊണ്ടു വണ്ണം കൂടുതൽ ഉള്ളവർ ശ്രദ്ധിക്കേണ്ടത് അതിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവാണ്. ഐസ്ക്രീം കാലറികൾ കൊണ്ടു നിറഞ്ഞതുകൊണ്ട് ഒരളവിൽ കൂടുതൽ കഴിക്കുന്നതു നല്ലതല്ല. വേണ്ടത്ര കായികാധ്വാനമില്ലാത്തവരിൽ അമിതവണ്ണത്തിനുള്ള സാധ്യത ഐസ്ക്രീം കൂട്ടും.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് ഐസ്ക്രീമിന്റെ ഒപ്പം കഴിക്കുന്ന മറ്റ് ആഹാരപദാർഥങ്ങളുടെ കാര്യം. വേനൽക്കാലത്ത് പുറത്തു നിന്നുമൊക്കെ ആഹാരം കഴിച്ചതിനുശേഷം കഴിക്കുന്ന ഡസർട്ടാണിത്. മറ്റ് ആഹാരപദാർഥങ്ങൾ കൊഴുപ്പും കാലറിയും നിറഞ്ഞതാണെങ്കിൽ അതിന്റെ കൂടെ ഐസ്ക്രീം ഒന്നിൽ കൂടുതൽ കഴിച്ചാൽ അത് നല്ലതല്ല.

പ്രമേഹ രോഗിക്കു കഴിക്കാമോ?

ഐസ്ക്രീമിൽ കൂടിയ അളവിൽ കൊഴുപ്പും മധുരവും അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗി ഐസ്ക്രീം കഴിക്കുന്നത് നല്ലതല്ല. പ്രമേഹരോഗികൾക്കെന്ന പേരിൽ ഗ്ലൂക്കോസ് അടങ്ങിയിട്ടില്ലാത്ത, കൃത്രിമ മധുരം ചേർത്ത ഐസ്ക്രീമുകൾ ഇന്നു വിപണിയിലുണ്ട്. അവ വല്ലപ്പോഴും കഴിക്കുന്നതിൽ തെറ്റില്ല. പക്ഷേ, മികച്ച ബ്രാൻഡുകളുടേതായാൽ പോലും അതിൽ കൊഴുപ്പിന്റെ അളവു കുറവാണെന്നു കൂടി ഉറപ്പുവരുത്തിയിട്ടേ കഴിക്കാവൂ. എത്ര സുരക്ഷിതമെന്നു പറഞ്ഞാലും ഐസ്ക്രീം പതിവാക്കുന്നതു നല്ലതല്ല. മറ്റു ഭക്ഷണത്തിന്റെ അളവിൽ ആവശ്യമായ കുറവ് വരുത്തുകയും വേണം.

ഐസ്ക്രീം തിരഞ്ഞെടുക്കുമ്പോൾ

പലതരം നിറങ്ങളിൽ ചാലിച്ചെടുത്ത ഐസ്ക്രീമുകളാണ് കുട്ടികൾക്കിഷ്ടം. സാധാരണ ബ്രാൻഡഡ് ഐസ്ക്രീമുകളിൽ ഹാനികരമല്ലാത്ത നിറങ്ങൾ അംഗീകൃത അളവിലായിരിക്കും ചേർത്തിരിക്കുക. പക്ഷേ, ബേക്കറികളിലും റസ്റ്റോറന്റുകളിലും മറ്റും തയാറാക്കുന്ന ഐസ്ക്രീമുകളിൽ പലപ്പോഴും ആകർഷണീയത കൂട്ടാൻ ചുവപ്പും പച്ചയുമൊക്കെ പോലുള്ള കടും നിറങ്ങൾ കൂടുതലായി ചേർക്കുന്നതു കാണാറുണ്ട്. നിറങ്ങളുടെ ഗുണനിലവാരവും ചേർക്കുന്ന അളവും ആരോഗ്യകരമായ പരിധിയിൽ പെട്ടതാണോ എന്ന് ഉറപ്പില്ലെങ്കിൽ അത്തരം ഐസ്ക്രീം വാങ്ങിക്കഴിക്കാതിരിക്കുന്നതാണു നല്ലത്.

ഐസ്ക്രീമിന്റെ ഘടനയ്ക്ക് (ടെക്സചറിന്) മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കരുത്. അലിഞ്ഞതും കല്ലുപോലെ ഉറച്ചതുമായ ഐസ്ക്രീമുകൾ കഴിക്കാൻ ഉചിതമല്ല. ഗുണമേന്മയുള്ള ഐസ്ക്രീമുകൾ റഫ്രിജറേറ്ററിന്റെ ഫ്രീസറിൽ സൂക്ഷിച്ചാലും കട്ടപിടിക്കില്ല. അതിന്റെ ക്രീം സ്വഭാവം നിലനിൽക്കും. കാലഹരണതീയതി കഴിഞ്ഞവ ഒരു കാരണവശാലും കഴിക്കരുത്.

രോഗാവസ്ഥകളിൽ കഴിക്കേണ്ട

പല രോഗാവസ്ഥകളിലും ഐസ്ക്രീം ഒഴിവാക്കുന്നതാണു നല്ലത്. ശ്വാസകോശത്തിലെ അണുബാധ, ബ്രോങ്കൈറ്റിസ്, ആസ്തമ, സൈനസൈറ്റിസ്, പനി, ചുമ തുടങ്ങിയവയുള്ളപ്പോൾ ഐസ്ക്രീം നല്ലതല്ല. ഛർദിയോ വയറിളക്കമോ ഉള്ളപ്പോഴും ഐസ്ക്രീം കഴിക്കരുത്. ഈ ഘട്ടങ്ങളിൽ ദഹനപ്രക്രിയ മന്ദഗതിയിലായിരിക്കും. കൊഴുപ്പേറിയ ഐസ്ക്രീം ഈ സമയത്ത് വേണ്ടവിധം ദഹിച്ചുവെന്നു വരില്ല. അത് ആ രോഗാവസ്ഥകളെ വർധിപ്പിക്കാം.

ദന്തരോഗങ്ങളുള്ളവരും ഐസ്ക്രീം ഒഴിവാക്കണം. ഐസ്ക്രീം എപ്പോൾ കഴിച്ചാലും അതിനുശേഷം വായ്നന്നായി കഴുകി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഐസ്ക്രീമിലെ മധുരം പല്ലുകളിൽ തങ്ങി നിന്ന് അവയെ എളുപ്പം ക്ഷയിപ്പിക്കും. പല്ലിനു കേടുള്ള കുട്ടികൾ ഐസ്ക്രീം കഴിച്ചാൽ വായ് കഴുകി വൃത്തിയാക്കിയില്ലെങ്കിൽ കേട് ഗുരുതരമാകും.

സോളി ജയിംസ് പള്ളിക്കാപറമ്പിൽ

ചീഫ് ഡയറ്റീഷ്യൻ,

എസ് എൽ രഹേജാ ഹോസ്പിറ്റൽ, മുംബൈ