‘കോൽ ഐസ്’ കരുതലോടെ മാത്രം

കാൽ നൂറ്റാണ്ടുപിന്നിട്ട തലമുറയുടെ നാവിൽ തണുപ്പിന്റെ നനുത്ത ഓർമപടർത്തിയിരുന്നു, ചീന്തിയെടുത്ത മുളംതണ്ടിൽ ചുവപ്പും മഞ്ഞയും വെള്ളയും കട്ടകളായി തെർമോകോൾ പെട്ടികളിൽ വിശ്രമിച്ചിരുന്ന കോൽ ഐസ്. ഇപ്പോൾ ഉൽസവപ്പറമ്പുകളിലും പെരുന്നാൾ പരിസരങ്ങളിലും ഒക്കെ ഈ കോൽ ഐസ് തിരിച്ചുവന്നിരിക്കുന്നു. പഴമയുടെ പ്രതീകമാണല്ലോ, ഞാൻ ചെറുപ്പത്തിൽ എത്ര തിന്നതാ, എന്നിട്ട് എനിക്കൊന്നും പറ്റിയില്ലലോ, ഇപ്പൊ എന്റെ മക്കൾ ഇതു തിന്നട്ടെ എന്നൊക്കെ കരുതി വാങ്ങിക്കൊടുക്കുന്നവരെയും കാണാം. വളരെ സൂക്ഷിച്ചില്ലെങ്കിൽ വലിയ പൊല്ലാപ്പാവും ഇതുകൊണ്ട് ഉണ്ടാവുക.

അന്നു ഞാൻ കഴിച്ചപ്പോൾ ഒന്നും പറ്റിയില്ലല്ലോ എന്നതിനുള്ള മറുപടി ഇങ്ങനെ പറയാം– തൊണ്ണൂറുകളിലും അതിനു മുൻപും മായം ചേർക്കൽ എന്ന കല ഇതയ്രും വികസിച്ചിരുന്നില്ല. കുറച്ചെങ്കിലും കൊള്ളാവുന്ന വെള്ളമായിരുന്നു നാട്ടിൽ ഉണ്ടായിരുന്നത്. ആ വെള്ളം തണുപ്പിച്ചാണല്ലോ ഐസ് ഉണ്ടാക്കിയിരുന്നത്. പിന്നെ ആളുകളുടെ മനസ്സിലും ഇത്രത്തോളം മാലിന്യം കലർന്നിരുന്നോ എന്നു സംശയമാണ്. ആളുകൾക്ക് കഴിക്കാനുള്ളതാണല്ലോ, കുറച്ചു വൃത്തിയായി ഉണ്ടാക്കിയില്ലെങ്കിൽ എങ്ങനെയാ എന്നൊരു മനഃസാക്ഷിക്കുത്ത് ഉള്ളവരായിരുന്നു മിക്കവരും.

കാലം മറി. കച്ചവടം മാറി. ലാഭം മാത്രം മതിയെന്നായി. അതിനായി എന്തു തന്ത്രവും കാണിക്കാമെന്നുമായി. പഴയ കോൽ ഐസ് പുത്തൻ മൾട്ടികളർ കുപ്പായമൊക്കെയിട്ട് രൂപവും ഭാവവും മാറ്റി എത്തുമ്പോള്‍, അപകടമുണ്ടാകാനുള്ള സാധ്യതയും പുതിയ രീതിയില്‍ എത്തുകയാണ്. 100 ഡിഗ്രി സെന്റിഗ്രേഡില്‍ 20 മിനിട്ട് തിളപ്പിച്ച ശേഷം മാത്രമേ, വെള്ളം ഐസ് ഉണ്ടാക്കാന്‍ ഉപയോഗിക്കാവൂ എന്നാണ് ഭക്ഷ്യസുരക്ഷാ ചട്ടങ്ങളില്‍ പറയുന്നത്. നിറത്തിനും രുചിക്കും വേണ്ടി ഉപയോഗിക്കേണ്ടത് പ്രകൃതിദത്ത പഴച്ചാറുകളായിരിക്കണം.
ഇതൊക്കെ ചട്ടങ്ങളിൽ മാത്രമേ കാണൂ എന്നറിയാമെങ്കിലും നമ്മൾ ഈ സാധനങ്ങളൊക്കെ വാങ്ങിക്കഴിക്കും. മലിനമായ തോടുകളിൽ നിന്നും പുഴകളിൽ നിന്നും കുളങ്ങളിൽ നിന്നുമൊക്കായായിരിക്കും ഐസുണ്ടാക്കാൻ വേണ്ട വെള്ളം ശേഖരിച്ചിട്ടുണ്ടാവുക. ആ വെള്ളത്തില്‍ ഇല്ലാത്തതൊന്നും കാണില്ല. നിറത്തിനും മണത്തിനും രുചിക്കുമൊക്കയായി പലവിധ രാസപദാര്‍ഥങ്ങളും ചേര്‍ക്കും.

മധുരം പകരുന്നത് ശര്‍ക്കരയോ പഞ്ചസാരയോ ആവില്ല. സാക്രിന്‍ ആയിരിക്കും. ഇതിന്റെയൊക്കെ ഗുണമേന്മാ പരിശോധനയ്ക്കായി നമുക്ക് കാര്യക്ഷമമായ മാര്‍ഗങ്ങളില്ലെന്നതാണു സത്യം. ഈ ഭക്ഷ്യപദാര്‍ങ്ങളൊക്കെ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കൊക്കെ ലൈസന്‍സ് ഉണ്ടോന്നുള്ള കാര്യം വരെ ആര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ ആര്‍ത്തിപിടിച്ച്, ഗൃഹാതുരതയുടെ പേരുപറഞ്ഞ് ഗുണനിലവാരം ഉറപ്പില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കഴിച്ച് ഈ വേനല്‍ക്കാലത്ത് അസുഖം വരുത്തിവയ്ക്കരുത്.