Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നട്സ് കഴിക്കൂ....കാൻസർ തടയാം

496689738

ബദാമും പിസ്തയും ഒക്കെ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. എന്നാൽ ഹൃദ്രോഗവും പ്രമേഹവും തടയാൻ മാത്രമല്ല കാൻസറിനെ പ്രതിരോധിക്കാനും അണ്ടിപ്പരിപ്പിനു കഴിയുമത്രേ. കുടലിലെ അർബുദം തടയാൻ അണ്ടിപ്പരിപ്പിനു കഴിയുമെന്നു ഗവേഷകർ.

ജർമനിയിലെ ജെനാ സര്‍വകലാശാലയിലെ ഫ്രെഡ്റിക് ഷില്ലറുടെ നേതൃത്വത്തിൽ അഞ്ചിനം അണ്ടിപ്പരിപ്പുകളുടെ ഗുണഫലങ്ങൾ പഠിച്ചു. ഹേസൽ നട്സ്, വാൾനട്ട്, മകഡാമിയ നട്സ്, ബദാം, പിസ്ത ഇവയാണ് പഠനത്തിനുപയോഗിച്ചത്. ഇവ അർബുദ കോശങ്ങളെ നശിപ്പിക്കുന്നതായി പഠനത്തിൽ തെളിഞ്ഞു. പഠനത്തിനുപയോഗിച്ച എല്ലാത്തരം അണ്ടിപ്പരിപ്പുകൾക്കും. ഈ ഗുണം ഉണ്ടെന്നു കണ്ടു.

റിയാക്ടീവ് ഓക്സിജൻ സ്പീഷിസിനെ ഉപദ്രവകാരിയല്ലാതാക്കി ശരീരത്തിന്റെ പ്രതിരോധസംവിധാനം മെച്ചപ്പെടുത്താൻ അണ്ടിപ്പരിപ്പ് സഹായിക്കും. അൾട്രാവയലറ്റ് വികിരണങ്ങള്‍, വിവിധ രാസവസ്തുക്കൾ മുതലായവയിലൂടെ ശരീരത്തിലെത്തുന്ന വിഷപദാർത്ഥങ്ങൾ ഡിഎൻഎ തകരാറിനും അതുവഴി അർബുദത്തിനും കാരണമാകും. ഈ ടോക്സിക് ആയ വസ്തുക്കളെ തടയാൻ ശരീരം അവലംബിക്കുന്ന മാർഗങ്ങളെ ഉദ്ദീപിപ്പിക്കാന്‍ അണ്ടിപ്പരിപ്പിനു കഴിയുമെന്ന് പഠനത്തിലൂടെ തെളിഞ്ഞു.

ഹൃദയാരോഗ്യമേകാനും പ്രമേഹം തടയാനും വണ്ണം കുറയ്ക്കാനും മാത്രമല്ല കുടലിലെ അർബുദം തടയാനും അണ്ടിപ്പരിപ്പിനു കഴിയും. എന്നാൽ ഇതിനെല്ലാം അടിസ്ഥാനം എന്തെന്ന് ഇതുവരെ വിശദമായി അറിഞ്ഞിരുന്നില്ല.

അണ്ടിപ്പരിപ്പുകൾ നൽകുന്ന സംരക്ഷണത്തിനു പിന്നിലുള്ള തന്മാത്രാ പ്രവർത്തനങ്ങളിലേക്കു വെളിച്ചം വീശുന്ന ഈ പഠനം മൊളിക്യുലാർ കാഴ്സിനോജെനസിസ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.