വേനലിൽ വാടാതിരിക്കാൻ ഭക്ഷണക്രമം മാറ്റാം

പൊള്ളുന്ന സൂര്യൻ സ്ട്രോ ഇട്ടു വലിച്ചൂറ്റുന്നതുപോലെ ശരീരത്തിൽ നിന്നു ജലാശം വലിച്ചൂറ്റുന്നു. പുറത്തിറങ്ങുമ്പോഴേക്കും അരിശം തീർക്കാനെന്നോണം സൂര്യൻ പിന്നാലെ. സൂര്യനിട്ടു നമുക്കു പണികൊടുക്കാനാവില്ല, പകരം വെയിലേറ്റു സ്വയം പണി കിട്ടാതെ നോക്കാം. വെയിലിൽ വാടാതെ തളരാതെയിരിക്കാൻ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും.

പാഠം ഒന്ന്, വെള്ളം

ദാഹിക്കുമ്പോൾ ഒരിറ്റു വെള്ളം.. എന്തിനാ ഒരിറ്റാക്കുന്നേ, ആവശ്യത്തിനു കുടിക്കെന്നേ. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക. ചർമരോഗങ്ങളിൽ നിന്നും വൈറ്റമിന്റെ അഭാവത്തിൽ നിന്നുമുണ്ടാകുന്ന രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ പഴങ്ങൾ കഴിക്കാം.

ഈന്തപ്പഴം

വേനൽപ്പഴങ്ങളിൽ ഈന്തപ്പഴത്തെ വെല്ലാൻ മറ്റൊന്നുമില്ല. ‌എൺപതു ശതമാനത്തോളം വൈറ്റമിൻ അടങ്ങിയിട്ടുള്ള ഈന്തപ്പഴം ഉന്മേഷദായകമാണ്.

തണ്ണിമത്തൻ

പേരുപോലെ തന്നെ ജലാംശം ഏറ്റവുമടങ്ങിയിട്ടുള്ള പഴവർഗം. ശരീരത്തിൽ 92 ശതമാനത്തോളം ജലാംശമുള്ള തണ്ണിമത്തനിൽ വൈറ്റമിൻ സിയും എയും ആവശ്യത്തിനുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്തി തണുപ്പിച്ചു ദാഹമകറ്റും. ഇതിൽ അടങ്ങിയിരിക്കുന്ന ലൈക്കോപിൻ സൂര്യ‌ാതപത്തിൽ നിന്നും രക്ഷിക്കും.

പൈനാപ്പിൾ

വൈറ്റമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും പ്രോട്ടീനുകളുടെയും കലവറ. ക്ഷീണമകറ്റാനും രോഗപ്രതിരോധ ശേഷി കൂട്ടാനും ഉത്തമം.

മാമ്പഴം

പഴക്കൂട്ടത്തിലെ രാജ്ഞിയാണു മാമ്പഴം. ബീറ്റാകരോട്ടിനും വൈറ്റമിൻ ഏയും സിയുമെല്ലാം വേനൽക്കാലരോഗങ്ങളെ പടിക്കു പുറത്താക്കുന്നു.

പപ്പായ

സൂര്യപ്രകാശം കൊണ്ടു ചർമത്തിലുണ്ടാകുന്ന കരുവാളിപ്പ് മാറാൻ പപ്പായ നീര് ഒറ്റമൂലി. ചൂടു ശമിപ്പിക്കാൻ ഉത്തമം.

ഓറഞ്ച്

ശരീരത്തിലെ ജലാംശം കുറയാതിരിക്കാൻ ഓറഞ്ച് ശീലമാക്കാം. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സന്ധികൾക്കും ബലം നൽകുന്നു.

പേരയ്ക്ക

ആന്റി ഓക്സിഡന്റുകളുടെയും പൊട്ടാസ്യത്തിന്റെയും കലവറയാണു പേരയ്ക്ക. ഈ പഴങ്ങളെല്ലാം ജ്യൂസടിച്ചോ അല്ലാതെയോ കഴിക്കാം. പഞ്ചസാര ഉപയോഗിക്കുന്നതു കുറയ്ക്കുക. പകരം അൽപം തേനാകാം.