മധുരപാനീയം കുട്ടികളെ ഹൃദ്രോഗിയാക്കും

മധുരപാനീയങ്ങൾ വാങ്ങിത്തരാൻ കൊച്ചുകുട്ടികൾ വാശി പിടിക്കുന്നത് സ്വാഭാവിക‌ം. എന്നാൽ അതുകേട്ട് ഏതെങ്കിലും ഷുഗർ ഡ്രിങ്ക് അവർക്കു വാങ്ങിക്കൊടുക്കുന്ന അച്ഛനമ്മമാർ ഒരു കാര്യം ഓർമിച്ചോളൂ, നിങ്ങൾ നിങ്ങളുടെ കുട്ടിയെ ഒരു വലിയ രോഗിയാക്കുകയാണ്. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയിൽ നടന്ന പഠനത്തിൽ നിന്നാണ് ഈ കണ്ടുപിടിത്തം. ഷുഗർ ഡ്രിങ്ക്സ് കുട്ടികളിൽ ഹൃദ്രോഗസാധ്യതകൾ വർധിപ്പിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

അമേരിക്കയിലെ കുട്ടികളിലെ പകുതിയും അമിതമായി ഷുഗർ ഡ്രിങ്ക്സിന് അടിമപ്പെട്ടവരാണ്. ഇവരിൽ നടത്തിയ നിരീക്ഷണത്തിൽ നിന്നാണ് ഈ നിഗമനം. കുട്ടികളിൽ അമിതവണ്ണത്തിനും ഇത് കാരണമാകുന്നു. ആവശ്യത്തിൽ അധികം കലോറിയാണ് ഇത്തരം കൃത്രിമ പാനീയങ്ങളിൽ ഉള്ളത്. കാലക്രമേണ കുട്ടികൾ ടൈപ്പ് 2 പ്രമേഹരോഗികളായി മാറാനും 26 ശതമാനം സാധ്യത കൂടുതലാണ്. അമിതമായി ഷുഗർ ഡ്രിങ്ക്സ് കഴിക്കുന്ന കുട്ടികളിൽ ഹൃദയാഘാത സാധ്യത 35 ശതമാനവും പക്ഷാഘാതത്തിനുള്ള സാധ്യത 16 ശതമാനവും കൂടുതലാണ്.