Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവത്തെക്കുറിച്ച് ഇനി ആശങ്കപ്പെടേണ്ട

538044140

∙ ചിലർക്ക് പ്രസവ തീയതി കഴിഞ്ഞും പ്രസവം നീളുന്നത് കുഞ്ഞിനും അമ്മയ്ക്കും എന്തെങ്കിലും ദോഷം വരുത്തുമോ?

സാധാരണ പ്രസവത്തീയതി നിശ്ചയിക്കുന്നത് അവസാന മാസമുറയുടെ ഏഴു ദിവസവും അല്ലെങ്കിൽ 40 ആഴ്ച (280 ദിവസം) എന്ന രീതിയിലാണ്. 40 ആഴ്ച കഴിഞ്ഞാലും മറ്റ് അസുഖങ്ങൾ ഇല്ലെങ്കിൽ വ്യാകുലപ്പെടേണ്ടതില്ല. 40 ആഴ്ച കഴിഞ്ഞ് ഗ്ലൂക്കോസ് മെറ്റബോളിസിന്റെ വ്യതിയാനം കൊണ്ടു കുഞ്ഞിന്റെ ഭാരം അമിതമായി കൂടുകയും കുഞ്ഞു മലവിസർജനം ചെയ്ത് അതു ശ്വസിച്ച് ശ്വാസംമുട്ടൽ വരുകയും അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു. അതിനാൽ 39–40 ആഴ്ചയായാൽ പ്രസവിപ്പിക്കുന്നതാണ് ഉത്തമം.

∙ യഥാർഥ പ്രസവവേദനയും ഫാൾസ് പെയ്നും എങ്ങനെ തിരിച്ചറിയാം?

ഫാൾസ് ലേബർപെയ്ൻ ക്രമമായ ഇടവേളകളിൽ ആയിരിക്കുകയില്ല.കാഠിന്യം കൂടിയും കുറഞ്ഞും ആയിരിക്കും. വേദന കൂടുതലും അടിവയറിൽ ആയിരിക്കാനാണു സാധ്യത. വിശ്രമിക്കുമ്പോഴും കിടക്കുമ്പോഴും വേദന തനിയെ മാറുകയും ചെയ്യുന്നു. ശരിക്കുള്ള പ്രസവവേദന വിശ്രമിച്ചാലോ മരുന്നുകൾ കഴിച്ചാലോ മാറാതെ വരുകയും കാഠിന്യവും ഇടവേളയും മണിക്കൂറുകൾ കഴിയുമ്പോൾ കൂടി വരുകയും ചെയ്യും. ഇതിന്റെ കൂടെ ഗർഭപാത്രം വികസിക്കുകയും യോനിയിൽ നിന്നു വെള്ളമോ കൊഴുത്ത ദ്രാവകമോ വരുകയും നടുവിനു വേദന ഉണ്ടാവുകയും ചെയ്യുന്നു.

∙ അമ്നിയോട്ടിക് ദ്രാവകം പൊട്ടിയ നിലയിൽ എത്തുന്നത് ദോഷമാണോ? വീട്ടില്‍ വച്ച് ഇങ്ങനെ ഉണ്ടായാൽ എന്തു മുൻകരുതലുകൾ എടുക്കണം?

അമ്നിയോട്ടിക് ദ്രാവകം കുഞ്ഞിനു ചുറ്റും സംരക്ഷണവലയം പോലെ കാണുന്നു. അമ്നിയോട്ടിക് മെംബ്രയിൻ എന്ന പാടപോലുള്ള സ്തരം ബലൂണിൽ വെള്ളം നിറയ്ക്കുമ്പോൾ കാണുന്നതുപോലെ ഈ ദ്രാവകത്തെ കുഞ്ഞിനു ചുറ്റും നിർത്തുന്നു. ഈ സ്തരം പൊട്ടുമ്പോൾ ദ്രാവകം ഒഴുകിപ്പോവുകയും പുറംലോകവുമായി കുഞ്ഞിനു ബന്ധം വരുകയും ചെയ്യുന്നു.

അമ്നിയോട്ടിക് ദ്രാവകം പൊട്ടി യോനിവഴി ഒഴുകി താഴോട്ടു വരുകയാണെങ്കിൽ ഉടനടി ആശുപത്രിയിൽ എത്തി പരിശോധിക്കേണ്ടതാണ്. പ്രസവം തുടങ്ങുന്നതിനു മുന്നോടിയായി വെള്ളം പൊട്ടിപ്പോകാറുണ്ട്. ഈ അവസ്ഥയിൽ യോനീ പരിശോധനയിലൂടെ ഗർഭപാത്രവികസനം എത്രയുണ്ട് എന്ന് അറിയാൻ പറ്റും. ആശുപത്രിയിൽ എത്തിയാൽ മാത്രമേ കുഞ്ഞിനും അമ്മയ്ക്കും അണുബാധയുണ്ടാകാതിരിക്കാനുള്ള ആന്റിബയോട്ടിക് ഇൻജക്ഷൻ എടുക്കാൻ സാധിക്കൂ. അമ്നിയോട്ടിക് ദ്രാവകം പോകുമ്പോഴുള്ള വളരെ അപകടമുള്ള ഒരു അവസ്ഥയാണ് കുഞ്ഞിന്റെ പൊക്കിൾകൊടി വെളിയിൽ വരുന്നത്. ഇതു കുഞ്ഞിന്റെ മരണത്തിനു തന്നെ കാരണമാകുന്നു. ഈ ദ്രാവകത്തിന്റെ നിറം സാധാരണ വെള്ളത്തിന്റെതാണെങ്കിലും ചില ഘട്ടങ്ങളിൽ രക്തവും മഷിയിട്ടും (കുഞ്ഞു മലവിസർജനം നടത്തി) കാണപ്പെടുന്നു. ഇതു വളരെ അപകടം പിടിച്ച അവസ്ഥയാണ്.

∙ ഗർഭാശയത്തിൽ മെക്കോണിയം പുറത്തുവന്നാൽ കുഞ്ഞിനെ എങ്ങനെ ബാധിക്കും? അമ്മയ്ക്ക് ദോഷമുണ്ടാകുമോ ?

കടുത്തതോ കടുംപച്ചനിറത്തിലോ ആയ മലം ഗർഭപാത്രത്തിനുള്ളിൽ വച്ച് കുഞ്ഞ് അപൂർവമായി വിസർജിക്കുന്നു. കുഞ്ഞിന്റെ ശ്വാസകോശത്തില്‍ ഇതു കയറിയാൽ ശ്വാസതടസ്സം ഉണ്ടാവുകയും ഗർഭപാത്രത്തിൽ വച്ചുതന്നെ മരണം സംഭവിക്കുകയും ചെയ്യാം. ഗർഭപാത്രത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് കുഞ്ഞ് മെക്കോണിയം വിസർജിക്കുന്നത്. ഇതു ഡേറ്റു കഴിഞ്ഞ ഗർഭത്തിലോ, രക്താതിമർദം, പ്രമേഹം എന്നിവ അമ്മയ്ക്കുണ്ടെങ്കിലോ ബുദ്ധിമുട്ടുള്ള പ്രസവത്തിലോ കാണുന്നു. മറുപിള്ള (പ്ലാസന്റ)യില്‍ നിന്നും രക്തയോട്ടം കുറയുകയും കുഞ്ഞിനു വേണ്ട ഓക്സിജനും ആഹാരവും കുറയുമ്പോഴും പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റുമ്പോഴും ആണ് ഈ അവസ്ഥയുണ്ടാകുന്നത്. പ്രസവശേഷം ശ്വാസകോശം സക്ഷൻ ട്യൂബിട്ട് ക്ലീൻ ചെയ്യുന്നതുമൂലം മെക്കോണിയം മാറ്റാനും ശ്വാസം സുഗമമാക്കാനും കഴിയും.

∙ ഒന്നാമത്തെ കുട്ടി സിസേറിയനിലൂടെയാണു ജനിച്ചതെങ്കിൽ രണ്ടാമത്തെ പ്രസവം സാധാരണരീതിയിൽ സാധ്യമാണോ?

രണ്ടാമത്തെ പ്രസവത്തിന്റെ കാര്യത്തിൽ ആദ്യത്തേത് സിസേറിയൻ വേണ്ടിവന്നത് ഏതു സാഹചര്യത്തിലാണ് എന്നത് പ്രധാന ഘടകമാണ്. ആദ്യത്തെ പ്രസവവും രണ്ടാമത്തെ ഗർഭവും തമ്മിലുള്ള കാലയളവ് വളരെ നിർണായകമാണ്. ആദ്യത്തെ സിസേറിയൻ മുറിവു ഗർഭപാത്രത്തിൽ മുകൾഭാഗത്താണെങ്കിൽ ഇതു വിട്ടുപോകാൻ സാധ്യതയുണ്ട്. അമ്മയുടെ ഇടുപ്പെല്ലിനു വ്യാസം കുറഞ്ഞിരിക്കുന്നതിനാലാണ് ആദ്യം സിസേറിയൻ ചെയ്തത് എങ്കിൽ വീണ്ടും സിസേറിയൻ ചെയ്യുന്നതാണ് അഭികാമ്യം.

∙ ഏതെല്ലാം സാഹചര്യങ്ങളിലാണ് മരുന്നും ഇൻജക്ഷനും നൽകി വേദന ഉണ്ടാക്കുന്നത്?

ഗർഭം തുടരുന്നത് അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിൽ അപകടം ഉണ്ടാക്കുന്നു എന്നു കാണുമ്പോഴും പ്രസവത്തീയതി ആയിട്ടും വേദന വന്നില്ലെങ്കിലും മരുന്നു നൽകി വേദന വരുത്തേണ്ടതായിട്ടുണ്ട്. ഈ അവസരങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

∙ ഗര്‍ഭിണികൾക്ക് ഉണ്ടാകുന്ന പ്രമേഹം, അമിതരക്തസമ്മർദം, മഞ്ഞപ്പിത്തം, രക്തസമ്മർദം കൂടി പ്രീ എക്ലാംസിയ, എക്ലാംസിയ എന്ന അവസ്ഥ. ∙ കുഞ്ഞിനു വളർച്ചക്കുറവ്/അമ്നിയോട്ടിക് ദ്രാവകത്തിന്റെ കുറവ്. ∙ അമ്നിയോട്ടിക് ദ്രാവകം പോയിട്ടും വേദന വരാതിരിക്കുക. ∙ 38 ആഴ്ച കഴിഞ്ഞ ഇരട്ടക്കുട്ടികളുള്ള ഗര്‍ഭം. ∙ പ്രസവത്തീയതി ആയിട്ടും വേദന വന്നില്ലെങ്കിൽ. ∙ ഗർഭപാത്രത്തിൽ കുഞ്ഞു മരിച്ചു കിടക്കുന്ന അവസ്ഥ.

ഗർഭപാത്രം വേണ്ടത്ര വികസിച്ചില്ലെങ്കിൽ മരുന്നു നൽകിയാലും വേദന വരാതിരിക്കാം. മരുന്നു നൽകി വരുന്ന വേദനയുടെ കാഠിന്യം കൂടുതലായിരിക്കും. മരുന്നുവച്ചു വേദന വരുത്തുമ്പോൾ പലപ്പോഴും ഗർഭപാത്രത്തിന്റെ വികസനം വേണ്ടത്ര വരാതിരിക്കുകയും സിസേറിയൻ വേണ്ടിവരുകയും ചെയ്യാം.

∙ പ്രസവിക്കാനായി ആശുപത്രിയിൽ പോകുന്നതിനു മുമ്പ് എന്തെല്ലാം തയാറെടുപ്പുകൾ വേണം.

പ്രസവത്തീയതി അ‌ടുക്കുമ്പോൾ ഗര്‍ഭിണിയും ബന്ധുക്കളും വളരെ മാനസിക പിരിമുറുക്കത്തിലായിരിക്കും. അതിനാൽ തയാറെടുപ്പുകൾ വളരെ നേരത്തെ തുടങ്ങണം. ഗര്‍ഭിണികൾ ആദ്യമാസം മുതലേ ഡോക്ടറെ കാണുന്ന ചീട്ടും പരിശോധനാ റിപ്പോര്‍ട്ടും തീയതി ക്രമത്തിൽ അടുക്കി ഫയൽ ചെയ്ത് എടുക്കാൻ പറ്റുന്ന രീതിയിൽ വയ്ക്കണം. ഇത് അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രിയിൽ പോകുമ്പോൾ ഉപക‌രിക്കും. അയവുള്ള വസ്ത്രങ്ങൾ കരുതണം. ആശുപത്രിയിൽ മാറിയിടുവാൻ വൃത്തിയുള്ള കഴിയുന്നതും വെള്ള വസ്ത്രങ്ങൾ ആവശ്യത്തിന് കരുതിവയ്ക്കണം. പല സ്ത്രീകളുടെ വാർഡുകളിലും കൂട്ടിരിപ്പുകാരായി സ്ത്രീകളെ മാത്രമേ അനുവദിക്കാറുള്ളൂ. കൂടെ നിൽക്കാൻ പറ്റിയ ആളെ നേരത്തെ കണ്ടുവയ്ക്കുക. ആഭരണങ്ങൾ ഒഴിവാക്കുക.

∙ പ്രസവവേദനയുള്ള സമയത്തു വേദന നിയന്ത്രിക്കാൻ കുത്തിവയ്പ് നൽകാറുണ്ടോ? ശ്വസന വ്യായാമങ്ങൾ വേദന കുറയ്ക്കാൻ സഹായിക്കുമോ?

പ്രസവവേദനയില്‍ നിയന്ത്രിക്കാൻ ഒരുപാട് മാർഗങ്ങൾ ഉണ്ട്. മാനസികമായി വേദന സഹിക്കാൻ തയാറെടുക്കുന്നതാണു പ്രധാനം. വേദന വരുമ്പോൾ നിലവിളിക്കാതിരിക്കുക. വേദന വരുമ്പോൾ ശ്വാസം വലിച്ചെടുക്കുകയും വിടുകയും (ശ്വസനവ്യായാമം ചെയ്യുക. ഇതു റിലാക്സ് ചെയ്യുന്നതിനും വേദന കുറയ്ക്കുന്നതിനും സഹായിക്കുന്നു. വേദന നിയന്ത്രിക്കാനുള്ള കുത്തിവയ്പ്പുകളും ഉണ്ട്.

∙ എല്ലാ പ്രസവത്തിനും എപ്പിസിയോട്ടമി വേണ്ടിവരുമോ? ഏതെല്ലാം സാഹചര്യത്തിലാണ് ഇതു ചെയ്യുന്നത്.?

യോനിയുടെ പുറം ഭാഗത്ത് യോനിയുടെയും മലദ്വാരത്തിന്റെയും ഇടയിലുള്ള ഭാഗത്ത് (perinium) പ്രസവസമയത്തു വലതുഭാഗത്തോട്ട് ചരിച്ച് 2–3 സെ.മീ. മുറിവ് ഉണ്ടാക്കുന്നു. ഇതാണ് എപ്പിസിയോട്ടമി. പെരിനിയത്തിന്റെ ഈ ഭാഗം മലദ്വാരത്തിന്റെ വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. മുറിവു വലതോ ഇടതോ ഉണ്ടാക്കിയാൽ കുഞ്ഞു വരുമ്പോൾ ഉള്ള സമ്മർദത്തിൽ മറ്റു ഭാഗത്തു മുറിവ് വരാതിരിക്കും. ഈ ഭാഗം പഴയതുപോലെ ഉണങ്ങി കൂടിച്ചേരുകയും ചെയ്യുന്നു.

എപ്പിസിയോട്ടമി വേണ്ടിവരുമോ എന്നതു ഗൈനക്കോളജിസ്റ്റിനു തീരുമാനിക്കാം. ഭാരക്കൂടുതലുള്ള കുഞ്ഞ്, ആദ്യത്തെ പ്രസവം എന്നീ അവസ്ഥകളിൽ എപ്പിസിയോട്ടമി ഇടുന്നതാണ് അഭികാമ്യം. എപ്പിസിയോട്ടമിയിൽ തയ്യൽ ഇട്ടു കഴിഞ്ഞാൽ അപൂർവം കേസുകളിൽ രക്തസ്രാവം കൂടി രക്തം കട്ടപിടിച്ചു കിടക്കാം. ആദ്യ രണ്ടു മണിക്കൂറുകളിൽ പ്രസവമുറിയിൽ നിരീക്ഷിച്ച് ഇതില്ല എന്ന് ഉറപ്പു വരുത്തി മാത്രമേ വാർഡിലേക്ക് അമ്മയെ മാറ്റാറുള്ളു. ഓരോ പ്രാവശ്യം മലമൂത്ര വിസർജനം നടത്തിക്കഴിയുമ്പോഴും ഈ ഭാഗം സോപ്പ് ഉപയോഗിച്ചു കഴുകുകയും വൃത്തിയുള്ള അടി

വസ്ത്രവും സാനിറ്ററി നാപ്കിനും ഉപയോഗിക്കുകയും വേണം. അല്ലെങ്കിൽ അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രസവശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഈ ഭാഗത്തു വേദന അപൂര്‍വം ചിലർ പറയാറുണ്ട്.

∙ എപ്പിഡ്യൂറൽ പോലുള്ള രീതികളുടെ ഗുണദോഷങ്ങള്‍ വ്യക്തമാക്കാമോ

ലോക്കൽ അനസ്തേഷ്യ മരുന്ന് ഒരു ട്യൂബുവഴി നട്ടെല്ലിൽ താഴെ ഭാഗത്തു (edipural space) എത്തിക്കുന്നു. സുഷുമ്നാ നാഡിയെ ആവരണം ചെയ്യുന്ന പാളിയുടെ പുറത്തുള്ള ഭാഗമാണിത്. ഈ മരുന്ന് വേദനയെ ഇല്ലാതാക്കുന്നു. കാലുകള്‍ അനക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല. പ്രസവം കഴിഞ്ഞു ട്യൂബ് മാറ്റുന്നു. ബിപി കുറഞ്ഞ ഗര്‍ഭിണികള്‍, രക്തം കട്ടപിടിക്കാതിരിക്കാൻ ബുദ്ധിമുട്ടുള്ളതോ രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുള്ളതോ ആയ ഗർഭിണികൾ, രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്നു കഴിക്കുന്നവർ എന്നീ ഗര്‍ഭിണികൾക്ക് എപ്പിഡ്യൂറൽ കൊടുക്കാൻ സാധിക്കുകയില്ല.

∙ പ്രസവശേഷം രക്തസ്രാവം എത്രനാൾ നിലനില്‍ക്കും?

പ്രസവം കഴി‍ഞ്ഞുള്ള രണ്ടു മണിക്കൂർ വളരെ പ്രാധാന്യമുള്ളതാണ്. ഈ സമയം പ്രസവമുറിയിൽ തന്നെ അമ്മയെ നിരീക്ഷിക്കുന്നു. രക്തസ്രാവം അപകടകരമായ അവസ്ഥയിൽ കാണുന്നത് ഈ ഘട്ടത്തിലാണ്. പ്രസവസമയത്തു യോനിയിലോ ഗർഭാശയ മുഖത്തോ ഉണ്ടാകുന്ന മുറിവ്, ഗര്‍ഭപാത്രം ചുരുങ്ങാതിരിക്കുക, മറുപിള്ള മുഴുവനായി പോകാതിരിക്കുക എന്നിവയാണു സാധാരണ കാരണങ്ങൾ. അടിയന്തിര ചികിത്സയും രക്തദാനവും ഈ ഘട്ടത്തിൽ ആവശ്യമായി വരാം. പോസ്റ്റ് പാർട്ടം ബ്ലീഡിങ് എന്നു പറയുന്ന ഈ അവസ്ഥ ജീവനു തന്നെ അപകടമായേക്കാം.

പ്രസവശേഷം പത്തു ദിവസം വരെ രക്തസ്രാവം ഉണ്ടാകാം. തവിട്ടു നിറത്തിൽ ആകുന്ന ഈ സ്രാവം 3–4 ദിവസം കഴിയുമ്പോൾ പിങ്ക് നിറത്തിലും പിന്നീട് മഞ്ഞ അല്ലെങ്കിൽ വെള്ളനിറത്തിലും വരുന്നു. നാല് ആഴ്ച കൊണ്ടു ഈ സ്രാവം നിലയ്ക്കുകയും ചെയ്യുന്നു. അമിതരക്തസ്രാവം ഇടയ്ക്കുവരുന്നെങ്കിൽ ഇതു മറുപിള്ളയുടെ ഭാഗം ഉള്ളിലുണ്ടെങ്കിലോ അണുബാധ കൊണ്ടോ ആകാം. ആറാഴ്ച കഴിയുമ്പോൾ സാധാരണ മാസമുറ വരുന്നതാണ്.

∙ പ്രസവത്തീയതി പ്രത്യേകമായി തീരുമാനിക്കപ്പെടുന്നുണ്ടോ?

അപകടസാധ്യതയോ അസുഖങ്ങളോ ഇല്ലാത്ത ഗർഭിണിക്ക് ഡേറ്റു വരെ പോവുകയും മരുന്നുകൾ നൽകാതെ പ്രസവവേദന വരാൻ കാത്തിരിക്കുകയും ചെയ്യാം. എന്നാൽ പല ഗര്‍ഭിണികളെയും മരുന്നുവച്ചു പ്രസവിപ്പിക്കേണ്ടിയോ സിസേറിയൻ ചെയ്യേണ്ടിയോ വരാറുണ്ട്. ഈ അവസരത്തിൽ ഡോക്ടർമാർ ഓപ്പറേഷൻ തീയറ്ററിന്റെ ലഭ്യതയും സ്റ്റാഫിന്റെ ലഭ്യതയും നോക്കി ഡേറ്റ് തീരുമാനിക്കും. നക്ഷത്രം നോക്കി ഈ ദിവസം പ്രസവിപ്പിക്കണം എന്നു പറഞ്ഞു പലപ്പോഴും ബന്ധുക്കൾ വരാറുണ്ട്. ഇതു ഗര്‍ഭിണിക്ക് ഉത്കണ്ഠയും പേടിയും ഉണ്ടാക്കി പ്രസവത്തിനെയും ഗർഭസ്ഥശിശുവിനെയും ബാധിക്കാം. ഈ പ്രവണത ഡോക്ടർമാർ സാധാരണ പ്രോത്സാഹിപ്പിക്കാറില്ല.

∙ സിസേറിയൻ സ്റ്റിച്ച് ഏതെല്ലാം തരത്തിലുണ്ട്?‌

പലതരം വസ്തുക്കൾ തൊലിപ്പുറത്തെ മുറിവ് അടയ്ക്കാൻ ഉപയോഗിക്കാം.  സ്റ്റേപ്പിൾ (Staples- മുറിവ് സ്റ്റേപ്പിൾ ഉപയോഗിച്ചു ചേർത്തുവയ്ക്കും. മൂന്നു – നാല് ദിവസത്തിനുള്ളിൽ സ്റ്റേപ്പിളുകൾ ഓരോന്നായി എടുത്തുകളയും), ഗ്ലൂ (glue –ഒട്ടിക്കാൻ ഉപയോഗിക്കുന്നു), പലതരം തയ്യലുകൾ. (അലിഞ്ഞു പോകുന്നതും എടുക്കേണ്ടതും) സ്റ്റേപ്പിളുകൾ അണുബാധയ്ക്കും അവ എടുത്തു മാറ്റുമ്പോള്‍ മുറിവു വിട്ടുപോകാനും ഉള്ള സാധ്യത കൂട്ടുന്നു. ഗ്ലൂ ഉപയോഗിച്ചാൽ നടക്കുമ്പോൾ വികസിക്കുവാനുള്ള സാധ്യത കൂടുതലാണ്. ഗ്ലൂവിലെ രാസവസ്തുക്കൾ ചിലർക്ക് അലര്‍ജിയുണ്ടാക്കാം.

എല്ലാ സിസേറിയൻ മുറിവുകളിലും രക്തസ്രാവം വന്നു വേദനയും തടിപ്പും ഉണ്ടാകാം. മുറിവ് വിട്ടുപോകാനുമിടയുണ്ട്. അണുബാധയാണ് ഏറെ സാധാരണം. എല്ലാ ദിവസവും മുറിവ് സോപ്പ് ഉപയോഗിച്ചു കഴുകുകയും ഒായിൻമെന്റ് ഉപയോഗിക്കുകയും ചെയ്യാം.

ഡോ. ലതാകുമാരി എൽ.
കൺസൽറ്റന്റ്ഗൈനക്കോളജിസ്റ്റ്,
ഗവ. ജനറൽ ആശുപത്രി, കോട്ടയം