സ്ത്രീകളിലെ പ്രമേഹം

ഇന്ന് ലോക പ്രമേഹദിനം. ഇൻസുലിൻ കണ്ടുപിടിച്ചവരിൽ പ്രധാനിയായ ഫ്രെഡറിക്ക്‌ ബാന്റിങ്ങിന്റെ ജന്മദിനമായ നവംബർ പതിനാലാണു ലോകമെമ്പാടും ലോക പ്രമേഹദിനമായി ആചരിക്കുന്നത്. 

മനുഷ്യരുടെ ആരോഗ്യം കാർന്നു തിന്നുന്ന ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും പ്രധാനിയാണു പ്രമേഹം. ഇന്ന് ലോകത്തിൽ ഏകദേശം 42 കോടി മനുഷ്യർക്ക്‌ പ്രമേഹം ഉണ്ടെന്നാണു കണക്കാക്കപ്പെടുന്നത്‌‌. അതിൽ 8 കോടിയോളം ഭാരതത്തിലാണ്. കേരളത്തിലാകട്ടെ പ്രായപൂർത്തിയായവരിൽ ഏകദേശം 20% ശതമാനം പേർ ( 5 ൽ ഒരാൾ ) പ്രമേഹ രോഗികളാണ്. ഏകദേശം 50 ലക്ഷം പേർ. 

ഈ വർഷത്തെ ലോക പ്രമേഹദിന ‌പ്രമേയം സ്ത്രീകളും പ്രമേഹവും എന്നുള്ളതാണ്. ലോകത്തിൽ പത്ത്‌ സ്ത്രീകളിൽ ഒരാൾക്കെങ്കിലും പ്രമേഹമുണ്ട്‌. ഏഴ്‌ ഗർഭിണികളിൽ ഒരാൾക്കെങ്കിലും ഗർഭകാല പ്രമേഹവും‌. കേരളത്തിൽ അത്‌ നേരെ ഇരട്ടിയാണ്. 

ഗർഭകാല പ്രമേഹം ഉള്ളവരിൽ അധിക രക്തസമ്മർദവും വലിപ്പം കൂടിയ ഗർഭസ്ഥ ശിശുവും പ്രസവ സമയ സങ്കീർണതകളും അമ്മയ്ക്കും കുഞ്ഞിനും ജീവനു തന്നെ ഭീഷണിയും ഉണ്ടാകാൻ സാധ്യതയുണ്ട്‌. ലിംഗാസമത്വം സ്ത്രികളിൽ നേരാവണ്ണം രോഗം കണ്ടുപിടിക്കാനും  ചികിൽസിക്കാനും പലപ്പോഴും തടസ്സം നിൽക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. രോഗമുള്ള സ്ത്രീകൾ കൂടുതൽ വിവേചനവും അവഗണനയും നേരിടേണ്ടി വരുന്നു. പ്രമേഹ രോഗികൾക്ക്‌ അവശ്യം വേണ്ട വ്യായാമചര്യകൾ ചെയ്യുവാൻ ഗാർഹിക സാമൂഹിക ചുറ്റുപാടുകൾ വിഘാതമാകുന്നു. ഈ സാഹചര്യം മനസ്സിലാക്കിയാണു സ്ത്രീകളിലെ പ്രമേഹം എന്ന വിഷയം മുഖ്യ പ്രമേയമാക്കാൻ ഇന്റ്ർനാഷണൽ ഡയബറ്റിസ്‌ ഫെഡറേഷൻ തീരുമാനിച്ചത്

ഒരു പ്രമേഹ രോഗി വർഷത്തിൽ ശരാശരി 25000 രൂപ ചികിൽസക്കായി ചെലവാക്കുന്നു എന്നാണു കണക്കുകൾ. പ്രമേഹത്തിന്റെ സങ്കീർണതകൾ ഹൃദയത്തിലും വൃക്കകളിലും ഞരമ്പുകളിലും ബാധിച്ചവരിൽ പണച്ചെലവ്‌ ഇതിലും വർധിക്കും.

ആരോഗ്യ സാക്ഷരതയിൽ വളരെ മുന്നിലുള്ള മലയാളികൾ പ്രമേഹരോഗ നിയന്ത്രണത്തിൽ വളരെ മോശപ്പെട്ട നിലവാരമാണു പ്രകടമാക്കുന്നത്‌. പ്രമേഹ നിയന്ത്രണത്തിന്റെ പ്രധാന അളവുകോലാണു എച്ച്ബിഎ1 സി ( HbA1c) പരിശോധന. HbA1c 6.5 % താഴെ നിർത്താൻ സാധിച്ചാൽ മികച്ച പ്രമേഹ നിയന്ത്രണം എന്നു പറയും. എന്നാൽ കേരളത്തിൽ 5 പ്രമേഹ രോഗികളിൽ ഒരാൾക്ക്‌ മാത്രമേ ആ നിലയിൽ പ്രമേഹം നിയന്ത്രിച്ച്‌ നിർത്താൻ സാധിക്കുന്നുള്ളു. പകുതിയിലധികം പ്രമേഹരോഗികളുടെയും HbA1c 7.5% ത്തിനു മുകളിലാണ്. HbA1c ഒരിക്കലും പരിശോധിക്കാത്ത പ്രമേഹരോഗികളും ധാരാളം. ഇത്‌ സൂചിപ്പിക്കുന്നത്‌ അനിയന്ത്രിത പ്രമേഹം മൂലമുണ്ടാകുന്ന ഹൃദ്രോഗം, വൃക്ക രോഗം റെറ്റിനോപ്പതി, ന്യൂറോപ്പതി എന്നിവ മൂലം വലയുന്ന മലയാളികളുടെ എണ്ണത്തിൽ വരും കാലങ്ങളിൽ ഉണ്ടാകാൻ പോകുന്ന വർധനവാണ്. 

പ്രമേഹം വേണ്ടവണ്ണം നിയന്ത്രിക്കാൻ സാധിക്കാത്തതിനു പല കാരണങ്ങൾ ഉണ്ട്‌. വേണ്ടത്ര വ്യായാമമില്ലായ്മ, അമിത ഭക്ഷണം,  മരുന്നുകളോടുള്ള അകരണമായ ഭയം, ഇൻസുലിൻ ഇഞ്ചക്ഷൻ വയ്ക്കാനുള്ള മടി, കപട ചികിൽസയിൽ ഭ്രമം എന്നിവ പ്രധാന കാരണങ്ങളാണ്. 

നമ്മുടെ സമ്പത്ത്‌ വ്യവസ്ഥയെ തന്നെ സാരമായി ബാധിക്കാവുന്ന പ്രമേഹം എന്ന മാരക വിപത്തിനെ തടയാനും നിയന്ത്രിച്ച്‌  നിർത്താനും  സമൂഹം  ഒത്തൊരുമിച്ച്‌ ഭഗീരഥ പ്രയത്നം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

ഡോ. എൻ എം അരുൺ, 

പ്രമേഹ രോഗ വിദഗ്ധൻ , 

ക്വാളിറ്റി ക്ലിനിക്‌ പാലക്കാട്‌

Read More : Health News