സ്തനാര്‍ബുദം മൂലം ഇരുസ്തനങ്ങളും നീക്കം ചെയ്തു; സ്ത്രീകളോടു കിമ്മിന് പറയാനുള്ളത്

Photo Courtesy : Instagram

കിം എയ്ഞ്ചല്‍ എന്ന യുവതി ഇതുവരെ കടന്നു വന്നതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് അതൊരു കെട്ടുകഥ പോലെ തോന്നിയേക്കാം. കാരണം മരണത്തിന്റെ വക്കോളമെത്തിയാണ് കിം ഇന്ന് ജീവിതത്തിലേക്കു പൊരുതിക്കയറിയത്.

സ്താനാര്‍ബുദത്തിന്റെ നീരാളിക്കരങ്ങളില്‍ നിന്നു കിം രക്ഷ നേടിയത് അടുത്തിടെയാണ്. ഇന്ന് തന്റെ രോഗത്തെക്കുറിച്ചോ രോഗം മൂലം തനിക്ക് ഉണ്ടായ മാറ്റങ്ങളെക്കുറിച്ചോ ഒന്നും മറച്ചു വെയ്ക്കാന്‍ അവള്‍ക്കു താൽപര്യമില്ല. തന്നെപ്പോലെ അനേകം സ്ത്രീകള്‍ക്കു പ്രചോദനമാകാന്‍ അവളാല്‍ ആവുന്നതെല്ലാം ചെയ്യുകയാണ്.

34 വയസ്സ് തികഞ്ഞ സമയത്താണ് കിമ്മിന്റെ ജീവിതം മാറിമറിഞ്ഞത്. അവളറിയാതെ ഒരു ശത്രു അവള്‍ക്കുള്ളിലുണ്ടെന്നു കണ്ടെത്തിയത് അപ്പോഴാണ്‌. പിന്നെ ചികിത്സയുടെ നാളുകളായിരുന്നു. ഇരു സ്തനങ്ങളും നീക്കം ചെയ്യുന്ന ശസ്ത്രക്രിയയടക്കം പലതും ചെയ്തു. റേഡിയേഷന്‍, കീമോ അങ്ങനെ പലതിനും കിം വിധേയയായി. ഒടുവില്‍ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം കിം രോഗത്തിന്റെ പിടിയില്‍നിന്നു രക്ഷനേടി.

തന്നെപ്പോലെ ഇത്തരം അവസ്ഥകളിലൂടെ കടന്നു വന്നവര്‍ക്കും വന്നു കൊണ്ടിരിക്കുന്നവര്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തില്‍ നിന്നാണ് കിം തന്റെ ബ്ലോഗ്‌ ആരംഭിക്കുന്നത്. പ്രായമായവരെ മാത്രമല്ല മുപ്പതുകളില്‍ നില്‍ക്കുന്നവരെപ്പോലെ സ്തനാര്‍ബുദം പിടികൂടുമെന്ന് തന്റെ അനുഭവത്തിലൂടെ കിം പറയുന്നു.

ചികിത്സ കഴിഞ്ഞെങ്കിലും ഇന്ന് ഒരായിരം ചോദ്യങ്ങള്‍ തന്നോടു തന്നെ ചോദിക്കാറുണ്ടെന്നു കിം പറയുന്നു. ഇനി തനിക്കു കുട്ടികള്‍ ജനിക്കുമോ, കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലമായി ആര്‍ത്തവം നിലയ്ക്കുമോ തുടങ്ങി പല സംശയങ്ങളും കിമ്മിന്റെ മനസ്സിലുണ്ട്. ഇതിനെല്ലാം ഉത്തരമില്ലാതെ കഴിയുന്നവരെ മുന്നില്‍ കണ്ടാണ്‌ കിം ബ്ലോഗ്‌ ആരംഭിച്ചത്. കീമോയുടെ ആദ്യ നാളുകളില്‍ തനിക്കുണ്ടായ അനുഭവം വരെ കിം ബ്ലോഗില്‍ കുറിച്ചിട്ടുണ്ട്. സ്തനങ്ങള്‍ നീക്കം ചെയ്ത ശേഷമുള്ള ചിത്രങ്ങള്‍, മുടി പൂര്‍ണമായും നീക്കം ചെയ്ത ശേഷമുള്ള ചിത്രങ്ങള്‍ അങ്ങനെ ഒരുപാട് ചിത്രങ്ങള്‍ കിം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

തന്നെപ്പോലെ കാന്‍സര്‍ ബാധിതരായ അനേകം സ്ത്രീകളോട് കിമ്മിന് ഒന്നേ പറയാനുള്ളൂ- നിങ്ങള്‍ക്കു വേണ്ടി പൊരുതാന്‍ നിങ്ങള്‍ മാത്രമേയുള്ളൂ, നിങ്ങളുടെ ആരോഗ്യവും ശരീരവും സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്.