സ്തനാർബുദം: പ്രധാനം രോഗനിർണയം

പിങ്ക് നിറമാണ് ഒക്ടോബറിന്. സ്തനാർബുദ ബോധവൽക്കരണ മാസമായി ഒക്ടോബർ മാസം ലോകമെമ്പാടും ആചരിക്കുന്നു. ലിംഗഭേദമന്യേ ബാധിക്കാവുന്നതാണെങ്കിലും സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ ഏറ്റവും സാധാരണമാണ് സ്തനാർബുദം. ഏതുതരം കാൻസറായാലും പ്രാരംഭദിശയിലുള്ള രോഗനിർണയമാണ് ഫലപ്രദമായ ചികിത്സയുടെ ആദ്യപടി. 

സ്തനാർബുദ നിർണയത്തിന് ഏറ്റവും പ്രചാരത്തിലുള്ളത് എക്‌സറേ- മാമോഗ്രാം, അൽട്രാസൗണ്ട് എന്നീ ടെസ്റ്റുകളാണ്.  എം.ആർ. മാമോഗ്രാം പോലുള്ള ടെസ്റ്റുകൾ കാൻസർ, മുഴകളാകുന്നതിനു മുൻപേ കണ്ടു പിടിക്കാൻ സഹായകമാണ്.  പ്രാരംഭദിശയിലുള്ള രോഗനിർണയമാണ് കാൻസർ ചികിത്സയിലെ ഏറ്റവും പ്രാധാന്യമേറിയ കാര്യം. സ്തനാർബുദ ചികിത്സയിൽ  ഫലപ്രദമായ  നൂതന വിദ്യയാണ് സെന്റിനൽ നോഡ് ബയോപ്‌സി.

എന്താണ് സെന്റിനൽ നോഡ് ?

അർബുദം ബാധിച്ച സ്തനത്തിൽ നിന്നും സ്രവം മുഴുവനായും ആദ്യം ഒഴുകിയെത്തുന്നത് കൈക്കുഴയിലെ/ കക്ഷത്തിലെ ഒരു ഗ്രന്ഥിയിലേക്കായിരിക്കും. ഈ ഗ്രന്ഥിയെയാണ് സെന്റിനൽ നോഡ് എന്നു വിളിക്കുന്നത്. 

സ്തനത്തിന് പുറത്തേക്ക് കാൻസർ വ്യാപിച്ചിട്ടുണ്ടോ എന്നറിയാനുളള ഏറ്റവും നല്ല മാർഗമാണ് സെന്റിനൽ നോഡ് ബയോപ്‌സി. കക്ഷത്തിലേക്കു വ്യാപിക്കാത്ത ചെറിയ മുഴ മാത്രമുള്ളവർക്കാണ് സെന്റിനൽ നോഡ് ചികിത്സാരീതികൾ ഉപയോഗപ്പെടുത്താവുന്നത്. 

കൈക്കുഴയിലെ ഗ്രന്ഥികൾ സ്തനാർബുദ ചികിത്സയുടെ നിർണയത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്. സ്തനാർബുദം ആദ്യം പകരുന്നത് കക്ഷത്തിലേക്കായതിനാൽ പലപ്പോഴും സ്തനം മുറിച്ചു മാറ്റുന്നതിനൊപ്പം കക്ഷത്തിലെ കോശങ്ങളും നീക്കം ചെയ്യുന്ന രീതിയാണ് ഇതുവരെ പിന്തുടർന്നിരുന്നത്. 

ഇത് അർബുദം മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കാതിരക്കാൻ സഹായിക്കുന്നു. നീക്കം ചെയ്ത ഈ കോശങ്ങളിൽ നടത്തുന്ന പരിശോധനകളിലൂടെ രോഗത്തിന്റെ ഘട്ടം നിർണയിക്കാനും തുടർചികിത്സകൾ  തീരുമാനിക്കാനും സാധിക്കും. എന്നാൽ എവിടെയാണ് രോഗം ബാധിച്ചത് എന്നറിയാൻ കൈക്കുഴയിലെ ഗ്രന്ഥികൾ മുഴുവനായും രോഗം ബാധിച്ച ഗ്രന്ഥി കണ്ടുപിടിക്കാനായി കക്ഷത്തിലെ ലസികാഗ്രന്ഥികൾ മുഴുവനായും മാറ്റേണ്ടതായി വരുന്നു.

ഇങ്ങനെ ചെയ്യുമ്പോൾ കൈകളിൽ  മരവിപ്പ്, ചൊറിച്ചിൽ, ലിംഫെഡിമ (കയ്യിലെ നീർക്കെട്ട്) തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാറുണ്ട്.  എന്നാൽ സെന്റിനൽ നോഡ് മാത്രം നീക്കം ചെയ്ത് പരിശോധിക്കുന്നതിലൂടെ രോഗം ബാധിക്കാത്ത ഗ്രന്ഥികൾ ശരീരത്തിൽ നിലനിർത്താനും പാർശ്വഫലങ്ങൾ കുറയ്ക്കാനും സാധിക്കും. 

കാൻസറിനെക്കുറിച്ചുള്ള അറിവ് ഇന്ന് നമ്മുടെ സമൂഹത്തിനുണ്ട്. അതുകൊണ്ടു തന്നെ രോഗലക്ഷണങ്ങളെ തിരിച്ചറിയാനും പ്രാരംഭദിശയിൽ തന്നെ ചികിത്സ തേടാനുമുള്ള താൽപ്പര്യം ഒട്ടുമിക്കയാളുകളും കാണിക്കുന്നുണ്ട്. തുടക്കത്തിലേ കണ്ടെത്തി ചികിൽസിച്ചാൽ ഭേദമാക്കാവുന്നതാണ് സ്തനാർബുദം. അത് ശരീരത്തെയോ മനനസിനെയോ കാർന്നു തിന്നാൻ പോന്നതൊന്നുമല്ല.