ഗര്‍ഭകാല സ്തനാർബുദം; കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത് അമ്മയുടെ ആ തീരുമാനം

ഗര്‍ഭകാലത്തെ ആദ്യ പരിശോധനകളിലാണ് മാറിടത്തിൽ ക്ഷണിക്കാതെ വന്നെത്തിയ ഒരതിഥി ഉണ്ടെന്ന യാഥാർഥ്യം 33 കാരിയായ അലീസിയാ സോന്‍ഡര്‍സ് അറിയുന്നത്. ചെറിയൊരു മുഴ ആയിരിക്കുമെന്ന ധാരണയിൽ നിന്ന് അത് സ്തനാർബുദത്തിലേക്ക് എത്താൻ അവൾക്ക് അധികം കാത്തിരിക്കേണ്ടിയും വന്നില്ല. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഇങ്ങനെയൊരു തിരിച്ചറിവ് അലീസിയയെ ഞെട്ടിച്ചു. ഗര്‍ഭിണിയായിരിക്കുന്ന സമയം ചികിത്സ തുടരുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും എത്രയും വേഗം ഗര്‍ഭം അലസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമാണ് സമീപിച്ച കാന്‍സര്‍ രോഗവിദഗ്ധൻ പറഞ്ഞത്.  

ആദ്യചികിത്സയായി കീമോതെറപ്പി നിര്‍ദേശിക്കുകയും ചെയ്തു. കീമോ തുടങ്ങുക എന്നാല്‍ തന്റെ കുഞ്ഞിനെ നഷ്ടമാകുക എന്നാണ് അര്‍ഥമെന്നു അലീസിയയ്ക്ക് അറിയാമായിരുന്നു. അതിനവള്‍ ഒരുക്കമായിരുന്നില്ല. അലീസിയയുടെ മുന്നില്‍ തന്റെ കുഞ്ഞിനെ രക്ഷിച്ചേ മതിയാകൂ എന്ന ചിന്ത മാത്രമായിരുന്നു. അങ്ങനെയാണ് ഗൈനക്കോളജിസ്റിന്റെ നിര്‍ദേശപ്രകാരം വാഷിങ്ടണിലെ നാഷനല്‍ കാന്‍സര്‍ സെന്ററിലെ ബ്രസ്റ്റ്കാന്‍സര്‍ രോഗവിദഗ്ധനായ ഡേവിഡ്‌ വെയിന്‍ട്രിറ്റിനെ സമീപിക്കുന്നത്. അലീസിയയ്ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് കുഞ്ഞിനൊന്നും സംഭവിക്കാതെ ചികിത്സ നടത്താമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഇതിനു മുന്നോടിയായി അലീസിയയുടെ ഉള്ളിലെ ട്യൂമറിന്റെ ജനതികഘടന മനസ്സിലാക്കാനായി MammaPrint എന്നൊരു പരിശോധനയും അദ്ദേഹം നിര്‍ദേശിച്ചു. ഏതുതരം ചികിത്സയാണ് അലീസിയയ്ക്ക് യോജിക്കുന്നതെന്ന് മനസ്സിലാക്കാനായിരുന്നു ഇത്.

MammaPrint ടെസ്റ്റ്‌ റിസള്‍ട്ട്‌ പ്രതീക്ഷനല്‍കുന്നതായിരുന്നു. കീമോ ചെയ്യുന്നതിനെക്കാള്‍ അലീസിയയ്ക്ക് ട്യൂമര്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തുന്നതാണ് നല്ലതെന്ന് ഡോക്ടര്‍ ഡേവിഡ് നിര്‍ദേശിച്ചു. വൈകാതെ തന്നെ അലീസിയ Lumpectomy ക്ക്  വിധേയയായി. ഈ ശസ്ത്രക്രിയാ സമയത്ത് നല്‍കുന്ന അനസ്തീസിയയില്‍ പോലും കുഞ്ഞിനൊരു ദോഷം സംഭവിക്കാതിരിക്കാൻ ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു. വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം അലീസിയ കുറച്ചുമാസങ്ങള്‍ക്കകം ജൂലിയ എന്നൊരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. അതിനു ശേഷമാണ് അലീസിയയ്ക്ക് റേഡിയേഷനും മരുന്നും ആരംഭിച്ചത്.

മരുന്നുകളുടെ ഫലമായുള്ള അവശതകള്‍ക്കിടയില്‍ കുഞ്ഞിനൊപ്പം സമയം ചിലവിടുന്നത്‌ വളരെ കഠിനമേറിയ അവസ്ഥയായിരുന്നെന്നു അലീസിയ ഓര്‍ക്കുന്നു. ഇന്ന് മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം അലീസിയയും ഭര്‍ത്താവും തങ്ങളുടെ മൂന്നു വയസ്സുകാരി മകള്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. രണ്ടരവര്‍ഷങ്ങള്‍ക്കു ശേഷം മരുന്ന് കഴിക്കുന്നത്‌ ഡോക്ടറുടെ നിര്‍ദേശപ്രകാരം നിര്‍ത്തി. ഇപ്പോള്‍ അലീസിയ വീണ്ടും അമ്മയാകാന്‍ ഒരുങ്ങുകയാണ്. ഈ ഡിസംബറില്‍ അവര്‍ക്ക് മറ്റൊരു പെണ്‍കുഞ്ഞു കൂടി പിറക്കും. തന്റെ ഇപ്പോഴത്തെ ജീവിതത്തിന് അലീസിയ കടപ്പെട്ടിരിക്കുന്നത് ഡോക്ടര്‍ ഡേവിഡിനോട് തന്നെയാണ്.