Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണികളിലെ പ്രമേഹം; സൂക്ഷിച്ചില്ലെങ്കിൽ ആപത്ത്

നമ്മൾ ഗൗരവം കൊടുക്കാത്ത ഒരു ഡയബറ്റിസ് ആണ് ഗർഭിണികളിൽ വരുന്ന പ്രമേഹം അഥവാ ഗസ്റ്റേഷണൽ ഡയബറ്റിസ് മെലിറ്റസ്(Gestational Diabetes Mellitus). 10 ഗർഭിണികളെ എടുത്താൽ അതിൽ അഞ്ചോ ആറോ പേർക്ക് ഇപ്പോൾ ഈ പ്രമേഹം കാണപ്പെടുന്നുണ്ട്. ഏറ്റവും നല്ല ചികിത്സ ഡയബറ്റിസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ നിന്നു ലഭിക്കേണ്ടവരാണ്  ഗസ്റ്റേഷണൽ ഡയബറ്റിസ് മെലിറ്റസ് രോഗികൾ.  രണ്ടു മണിക്കൂറിൽ 140–ൽ താഴെ നിൽക്കണമെന്നു മറ്റു രോഗികളോടു പറയുമ്പോൾ ജിഡിഎം ഉള്ള അമ്മമാർക്ക് ഇത് 120–ൽ താഴെയാണ്. ഫാസ്റ്റിങ് ഗ്ലൂക്കോസ് 90–ൽ താഴെയും. ഗർഭിണികൾക്കുള്ള നോർമൽ വ്യത്യസ്തമാണ്. ഇത്തരത്തിൽ നോർമൽ താഴെ നിർത്തുമ്പോൾ പഞ്ചസാര കുറയാനും പാടില്ല. ഇത് കൂടാതെയും കുറയാതെയും കൊണ്ടുപോകുന്നത് ഗർഭിണിയായിരിക്കുന്ന സമയത്ത് അതീവ ശ്രമകരമാണ്. 

ജിഡിഎം നിസ്സാരമായി കാണേണ്ട ഒന്നല്ല. കാരണം ഈ ചികിത്സ സ്വാധീനിക്കുന്നത് പ്രസവിക്കുന്ന കുഞ്ഞിന്റെ അപ്പോഴുള്ള ആരോഗ്യത്തെ മാത്രമല്ല, ഭാവിയിലെ ആരോഗ്യത്തെക്കൂടിയാണ്. ഗർഭകാലത്ത് ശരിയായ ചികിത്സ സ്വീകരിച്ചില്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് ഭാവിയിൽ പെട്ടെന്നു പ്രമേഹം വരാം.  പ്രസവിച്ച ശേഷം 90 ശതമാനം ഗർഭിണികളിലും ജിഡിഎം  അപ്രത്യക്ഷമാകും. പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ രണ്ടോ അഞ്ചോ വർഷങ്ങൾ കഴിയുമ്പോൾ മിക്കവാറും എല്ലാ പെൺകുട്ടികളിലും ഈ പ്രമേഹം തിരിച്ചെത്താം. കാരണം പിന്നീട് ഇതിനെക്കുറിച്ച് വിസ്മരിക്കുന്നതുതന്നെ. പിന്നെ അടുത്ത ഗർഭത്തിലോ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ പിന്നീട് വന്നെത്തുമ്പോഴോ ആണ് അറിയുന്നത് ടൈപ്പ് 2 ഡയബറ്റിസ് പൂർണമായും വന്നെത്തിയെന്ന്. ഗർഭിണിയായിരിക്കുമ്പോൾ ആദ്യമായി വന്നെത്തുന്ന പ്രമേഹം അമ്മയെയും കുഞ്ഞിനെയും ബാധിക്കും. ഗർഭത്തിനൊപ്പം ചികിത്സിക്കുന്ന നിസ്സാര രോഗമായി ഇത് കാണരുത്. അതിന് ഏറ്റവും നല്ല ചികിത്സ പ്രമേഹരോഗ വിദഗ്ധരുടെ അടുത്തുനിന്നു സ്വീകരിക്കുകയാണ്. 

ജിഡിഎംനു നന്നായി ചികിത്സ സ്വീകരിക്കാത്ത അമ്മമാരിൽചിലർ ചിലപ്പോൾ ഹൈപ്പോഗ്ലൈസീമിയയിൽ ആയിരിക്കും. അതായാത് പഞ്ചസാര തീരെ കുറവായിരിക്കും, ഇൻസുലിൻ എടുക്കുന്ന അളവ് കൂടുതലായിരിക്കും. മറ്റു ചിലരിലാകട്ടെ ഇൻസുലിൻ എടുക്കുന്നതു കുറവും ഷുഗർ കൂടുതലുമായിരിക്കും. കൃത്യമായ പരിശോധന നടത്തി ഉചിത ചികിത്സ തിരഞ്ഞെടുക്കുന്നത് ജനിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കുറയ്ക്കും.