അണുബാധ അകറ്റാൻ

24 വയസ്സുള്ള അവിവാഹിതയായ പ്രൊഫഷണലാണ്. കുറേനാൾ ഹോസ്റ്റലിൽ താമസിച്ചിരുന്നു. ആ സമയത്ത് സ്ഥിരമായി യോനിയിൽ അണുബാധ വരുമായിരുന്നു. ഗൈനക്കോളജിസ്റ്റിനെ കണ്ടിരുന്നു. ഗുളികയും പുറമേ പുരട്ടാൻ കാൻഡിഡ് ക്രീമും തന്നു. ഗുളിക കഴിച്ചു കുറേനാൾ കുഴപ്പമില്ലായിരുന്നു. അതേ പ്രശ്നം വീണ്ടും വന്നു. ഡോക്ടറെ കണ്ടപ്പോൾ പൊതുവായ ടോയ്ലൈറ്റ് ഉപയോഗിക്കുമ്പോൾ ഇങ്ങനെ വരാറുണ്ടെന്നു പറഞ്ഞു. എനിക്ക് പി സി ഒ എസിന്റെ പ്രശ്നം ഉണ്ടായിരുന്നു. ആർത്തവം ക്രമം തെറ്റി വന്നപ്പോൾ ഗൈനക്കോളജിസ്റ്റിനെ കണ്ടു മൂന്നുമാസം തുടരെ മരുന്നു കഴിച്ചു. അതു മാറി . ഇപ്പോൾ വീട്ടിൽ താമസിച്ചാണ് ജോലിക്കു പോകുന്നത്. വീണ്ടും അണുബാധ വരുന്നു. അസഹ്യമായ ചൊറിച്ചിലും പുറേമേയും ഉള്ളിലും ചൊറിച്ചിലുണ്ട്. എന്തുകൊണ്ടാണിങ്ങനെ വരുന്നത്.?

ഫംഗസ് ഇൻഫക്ഷൻ കൊണ്ടായിരിക്കും നിങ്ങൾക്കു പല പ്രാവശ്യവും ചൊറിച്ചിൽ ഉണ്ടായത്. അതിനുള്ള മരുന്നുകൾ ഉപയോഗിച്ചപ്പോൾ വിഷമങ്ങൾ മാറുകയും ചെയ്തു. ഇപ്പോഴും ചൊറിച്ചിൽ ഉണ്ടെങ്കിൽ ആ ഇൻഫക്ഷൻ തിരിച്ചുവന്നതായിരിക്കും. തൽക്കാല ശമനത്തിനു സഹായിക്കുന്ന, യോനിയുടെ അകത്തും പുറത്തും ഉപയോഗിക്കുന്ന മരുന്നുകളോടൊപ്പം ആഴ്ചയിൽ ഒന്നു വീതം കഴിക്കുന്ന ഗുളിക ആറാഴ്ച ഉപയോഗിക്കുന്നതു നല്ലതാണ്. അതുപോലെതന്നെ അടിവസ്ത്രങ്ങൾ കോട്ടൺ കൊണ്ടായാൽ നന്ന്. സിന്തറ്റിക് പാന്റീസ് ഉപയോഗിക്കുവാൻ സുഖമുള്ളതാണെങ്കിലും ചൂടും വിയർപ്പും കൂടുതൽ ഉണ്ടാക്കും

അതോടൊപ്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ —ദേഹത്ത് വേറെ എവിടെയെങ്കിലും ഫംഗസ് മൂലമുള്ള ചൊറിച്ചിൽ ഉണ്ടോ എന്നു നോക്കുക. ഉപയോഗിക്കുന്ന സോപ്പ്, ടവൽ, വസ്ത്രങ്ങൾ മുതലായവ വേറെ ആരും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീട്ടിൽ ആർക്കെങ്കിലും (അടുത്ത ബന്ധുക്കൾക്ക് )ഡയബററിസ് ഉണ്ടെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ നില പരിശോധിക്കണം