Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾ സോയ കഴിച്ചാൽ?

soyabeans

സോയയുടെ പതിവായ ഉപയോഗം ആരോഗ്യത്തിനു വളരെ നല്ലതാണ്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഹൃദയാരോഗ്യമേകാനും സോയയ്ക്കു കഴിയുമെന്നു പഠനം.

പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ബാധിച്ചവർക്ക് സോയ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പിസിഒഡി ആണ്. ഇത് ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യത കൂട്ടുന്നു.

പിസിഒഡി ബാധിച്ചവർക്ക് ആർത്തവം ക്രമം തെറ്റിയതും ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടുതലുമായിരിക്കും. ഗർഭം ധരിക്കേണ്ട പ്രായത്തിൽ അഞ്ചു മുതൽ 10 ശതമാനം വരെ സ്ത്രീകളിൽ പിസിഒഡി ബാധിക്കുന്നു. പിസിഒഡി ബാധിച്ച സ്ത്രീകളിൽ സോയ ഐസോഫ്ലേവനുകൾ ഏതു രീതിയിൽ പ്രയോജനപ്പെടുന്നുവെന്ന് പഠനം പരിശോധിച്ചു.

സോയാച്ചെടിയിൽ അടങ്ങിയിരിക്കുന്ന പ്ലാന്റ് ബേസ്ഡ് ഈസ്ട്രജൻ ആണ് ഐസോഫ്ലേവനുകൾ. സോയാമിൽക്കിലും ചില കൃത്രിമഭക്ഷണ പദാർഥങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്.
ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ, ഹൃദ്രോഗം, അർബുദം, ഓസ്റ്റിയോപെറോസിസ് മുതലായവയെ പ്രതിരോധിക്കാനുള്ള കഴിവ് ഈ ഐസോഫ്ലേവനുകൾക്കുണ്ട്. കുഷാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ മെഹ്റി ജാമിലീയന്റെ നേതൃത്വത്തിൽ, പിസിഒഡി ബാധിച്ച 70 സ്ത്രീകളിലാണു പഠനം നടത്തിയത്. 16 മുതൽ 40 വയസുവരെ പ്രായമുള്ളവരിലായിരുന്ന പഠനം.

പതിവായി സോയ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരിൽ, ശരീരം എത്രമാത്രം ഫലപ്രദമായാണ് ഇൻസുലിൻ ഉപയോഗിക്കുന്നത് എന്നതിനെ പ്രതിഫലിപ്പിക്കുന്ന ജൈവസൂചകങ്ങൾ മെച്ചപ്പെട്ടതായും ഉപദ്രവകരമായ കൊളസ്ട്രോളിന്റെ അളവ് കുറഞ്ഞതായും പഠനത്തിൽ തെളിഞ്ഞു. ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.