പാദങ്ങൾ മസാജ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ

ഫേഷ്യൽ മസാജിങ്ങിന് സ്ത്രീകൾക്കിടയിൽ വലിയ ഡിമാൻഡ് ആണ്. എന്നാൽ മുഖം മാത്രം മസാജ് ചെയ്താൽ മതിയോ? നിങ്ങളുടെ പാദങ്ങൾക്കുമില്ലേ മോഹങ്ങൾ! മനസ്സിലായില്ല അല്ലേ. പാദങ്ങൾക്കും മസാജിങ് വേണമെന്നു ചുരുക്കം. ചെരുപ്പിടാൻ നേരത്തുപോലും ആ പാദങ്ങളിലേക്കൊന്നു തിരിഞ്ഞുനോക്കാറില്ല നമ്മൾ. വീട്ടിൽ ഇരുന്നു തന്നെ ചെയ്യാവുന്നതാണ് പാദങ്ങളുടെ മസാജിങ്. 

ഫുട് മസാജിങ്ങിനു വേണ്ടത്  ഒരു ഉരുളൻ തടി മാത്രമാണ്. കാര്യം വളരെ സിംപിൾ. കാൽ ഉപ്പുവെള്ളത്തിൽ മുക്കിവച്ചു അഴുക്കുനീക്കുക. മോയിസ്ചറൈസർ പുരട്ടി നന്നായി കൈവിരലുകൾ കൊണ്ടുതടവുക. പാദങ്ങളുടെ അടിഭാഗത്തും മോയിസ്ചറൈസർ പുരട്ടുക. എന്നിട്ട് ഒരു ഉരുളൻതടി പാദങ്ങളുടെ അടിഭാഗത്തുവച്ച് മുന്നോട്ടും പിന്നോട്ടും ഉരുട്ടുക. പാദത്തിലെ രക്തചംക്രമണം വർധിക്കും. രണ്ടു കാലും മാറിമാറി ചെയ്യുക.  ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ നിരവധിയാണ്.

∙നിങ്ങളുടെ ശരീരത്തിലെ എല്ലാ നാഡീവ്യവസ്ഥയും പാദങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാദങ്ങളിലെ രക്തചംക്രമണം വർധിച്ചാൽ കാലിലേക്കുള്ള ഓക്സിജൻ പ്രവാഹം വർധിക്കുന്നു. ഇതു കാലുകൾക്കു കൂടുതൽ കരുത്തും വേഗവും നൽകുന്നു

∙പ്രമേഹരോഗികൾ അവരുടെ പാദങ്ങളുടെ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ വച്ചുപുലർത്തണം. പ്രമേഹബാധിതർ എല്ലാ ദിവസവും നിശ്ചിതസമയം മസാജിങ്ങിനായി നീക്കിവക്കുക. ഇതു പാദത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

∙നന്നായി ഉറങ്ങുന്നതിന് ഫുട് മസാജിങ് പ്രയോജനകരമാണ്. എല്ലാദിവസവും കിടക്കാൻ പോകുമ്പോൾ പാദങ്ങളിൽ മോയിസ്ചറൈസർ പുരട്ടി സ്വയം മസാജ് ചെയ്യുക. ഇതു നിങ്ങൾക്കു നല്ല ഉറക്കം നൽകും. 

∙ കിടക്കാൻ നേരം പങ്കാളിയുടെ പാദങ്ങൾ മസാജ് ചെയ്തുകൊടുത്തുനോക്കൂ. രാത്രി കൂടുതൽ റൊമാന്റിക് ആക്കാനും മസാജിങ് സഹായിക്കും.

∙വിഷാദത്തിന്റെ പിടിയിൽ പെടാതിരിക്കാനും ഫുട് മസാജിങ് സഹായിക്കും. മാനസിക സമ്മർദം ലഘൂകരിക്കുന്നതിന് എന്നും പതിവായി മസാജ് ചെയ്യാൻ മറക്കേണ്ട.